നോയിഡയില്‍ നിന്നുള്ള ഒരു ഉപഭോക്താവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട ഒരു പരാതിയാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ചിനുള്ളില് ഡിസ്‌പോസിബിള്‍ ഗ്ലൗസ് കണ്ടെത്തിയതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കയും അയാള്‍ പങ്കിട്ടു.
പരാതി പെട്ടെന്നുതന്നെ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെയും ഉപയോക്താക്കളുടെയും ശ്രദ്ധനേടി.
സതീഷ് സാരാവഗി (@SarawagiSatish) എന്നയാളാണ് സാന്‍ഡ്‍വിച്ചിനുള്ളില്‍ നിന്നും ഗ്ലൗസ് കിട്ടിയതായി എക്‌സില്‍ പരാതിയിട്ടത്. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ അറിയപ്പെടുന്ന ഭക്ഷ്യ ബ്രാന്‍ഡായ സാലഡ് ഡേയിസില്‍ നിന്നാണ് സാന്‍ഡ്‍വിച്ച് ഓര്‍ഡര്‍ ചെയ്തതെന്ന് ഉപഭോക്താവ് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഭക്ഷണത്തിന്റെ ഒരു ഫോട്ടോയും ഇദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാന്‍ഡ്‍വിച്ചിനുള്ളിലെ ചേരുവകള്‍ക്കിടയില്‍ ഒരു പ്ലാസ്റ്റിക് ഫുഡ് ഹാന്‍ഡ്‌ലിംഗ് ഗ്ലൗസ് ഉള്ളതായി ചിത്രത്തില്‍ കാണാം.
advertisement
സൊമാറ്റോയില്‍ നിന്നും ഓര്‍ഡര്‍ ചെയ്തതിന്റെ തെളിവിനായി ആപ്പിലെ ഓര്‍ഡര്‍ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും സാരാവഗി അപ്‍ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ അദ്ദേഹം രണ്ട് സാന്‍ഡ്‍വിച്ചുകള്‍ ലിസ്റ്റ് ചെയ്തതായി കാണാം. ഒന്ന് ബ്രോക്കോളി, കോണ്‍, ബേസില്‍ പെസ്റ്റോ ഫില്ലിംഗും, മറ്റൊന്ന് സ്‌മോക്ക്ഡ് കോട്ടേജ് ചീസും കുരുമുളകും ചേര്‍ത്ത് തയ്യാറാക്കിയതും.
"ഞാന്‍ ഒരു സാന്‍ഡ്‍വിച്ച് ഓര്‍ഡര്‍ ചെയ്തു. ഭക്ഷണത്തിനുള്ളില്‍ ഒരു ഗ്ലൗസ് കണ്ടെത്തി, ഇത് അസ്വീകാര്യവും ഗുരുതരമായ ശുചിത്വ പ്രശ്‌നവുമാണ്. ദയവായി അന്വേഷിച്ച് എത്രയും വേഗം പ്രതികരിക്കുക", ചിത്രങ്ങളോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. സൊമാറ്റോ എക്കൗണ്ടിനെയും ഭക്ഷണം വാങ്ങിയ കടയെയും പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യുകയും ചെയ്തു.
പോസ്റ്റ് വ്യാപകമായി പ്രചരിച്ചു. ഉപയോക്താവിന്റെ ആശങ്ക ഗുരുതരമായ ശുചിത്വ പ്രശ്‌നത്തെ കുറിച്ചാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഇതോടെ സൊമാറ്റോ പോസ്റ്റിനോട് ഔദ്യോഗികമായി പ്രതികരിച്ച് രംഗത്തെത്തി. ആരോപണത്തില്‍ കമ്പനി നിരാശ പ്രകടിപ്പിച്ചു. "ഹായ് സതീഷ്, ഇതിനെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ഇത് നിങ്ങള്‍ക്ക് എത്രത്തോളം അസ്വസ്ഥതയുണ്ടാക്കിയെന്ന് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളിയുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുറച്ച് സമയം അനുവദിക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളുമായി ബന്ധപ്പെടും", സൊമാറ്റോ പ്രതികരിച്ചു.
റെസ്റ്റോറന്റുമായി വിഷയം സംസാരിക്കാന്‍ സമയം വേണമെന്നും ഇതില്‍ കൂടുതല്‍ ആശയവിനിമയം നടത്താമെന്നും കമ്പനി ഉപഭോക്താവിന് ഉറപ്പുനല്‍കി. ആരോപണത്തില്‍ പ്രതികരിച്ച് സാലഡ് ഡേയ്‌സും പ്രസ്താവനയിറക്കി. ഈ വിഷയം ഗൗരവമായി എടുക്കുന്നുവെന്നും ഇതില്‍ അന്വേഷണം നടത്തുമെന്നും റെസ്റ്റോറന്റ് അറിയിച്ചു. അടുക്കള അടിയന്തരമായി പരിശോധിക്കുമെന്നും അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഉപഭോക്താവിന്റെ കോണ്‍ടാക്ട് വിവരങ്ങള്‍ നല്‍കാനും റെസ്‌റ്റോറന്റ് ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് ശരിയായ പരിഹാരവും ഉറപ്പുനല്‍കി.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഭക്ഷ്യ വിതരണ വ്യവസായത്തിലെ ശുചിത്വ രീതികളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകളെ ഈ സംഭവം വീണ്ടുമുണര്‍ത്തി.