ബൈക്ക് ടാക്‌സി വിളിക്കുമ്പോള്‍ അത് ഒരു സാധാരണയാത്രയാകുമെന്നാണ് രത്‌നം കല്‍റ കരുതിയിരുന്നത്. എന്നാല്‍, യാത്രക്കിടെ കല്‍റയുടെ കാമറ വിരാജ് ശ്രദ്ധിക്കുകയും വ്‌ളോഗറാണോയെന്ന് തിരക്കുകയും ചെയ്തു. എന്നാല്‍, താന്‍ ഒരു സിനിമാ സംവിധായകനാണെന്ന് കല്‍റ മറുപടി നല്‍കി. അപ്പോള്‍ താനും ഒരിക്കല്‍ സിനിമാ സംവിധായകനായിരുന്നുവെന്ന് വിരാജ് മറുപടി നല്‍കി. ഒരിക്കല്‍ ധാരാളം ആളുകളുമായി ബന്ധമുണ്ടായിരുന്ന ആളായിരുന്നു താനെന്നും എന്നാല്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''അഞ്ച് വര്‍ഷം മുംബൈയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാല്‍ പാര്‍ട്ട് ടൈം ആയിട്ടാണ് ഈ ജോലി ചെയ്യുന്നത്. സാഹചര്യം അല്‍പം മോശമാണ്. ഡ്രംസ്, കൊങ്ക, ബോംഹോ, ഉകുലേലെ എന്നിവ വായിക്കാന്‍ എനിക്ക് അറിയാം. അത്യാവശ്യം പാട്ടും പാടും. തുംരിയും പഠിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതം നമ്മളൊന്നും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകും. മരിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ഞാന്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിക്കും. സംവിധായകന്റെ കസേരയിലിരുന്ന് റോള്‍ ക്യാമറ, ആക്ഷന്‍ എന്ന് വിളിച്ചു പറയും'', കല്‍റയോട് വിരാജ് പറഞ്ഞു.
advertisement
''ധനികനായ ഒരാളുടെ മകന് ലഭിക്കുന്ന സുഖ സൗകര്യങ്ങളെല്ലാം ഒരുകാലത്ത് എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ജീവിതം എന്റെ പദ്ധതികളുമായി പൊരുത്തപ്പെടുന്നുണ്ടാകില്ല. ഞാന്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന സ്ഥലം എന്നെ അകത്തേക്ക് കടത്തി വിടുന്നില്ല. ഞാനൊരു വാശിക്കാരനാണ്. ഞാന്‍ എന്റെ ശ്രമം ഉപേക്ഷിക്കില്ല. ഒരു ദിവസം ഞാന്‍ അവിടെയെത്തും. ഞാന്‍ ഇതിനോടകം ലോകം കണ്ടു. പക്ഷേ വിധി എന്നെ എവിടേക്ക്, എപ്പോള്‍ കൊണ്ടുപോകുമെന്ന് ആര്‍ക്കറിയാം,'' വിരാജ് കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ ഒരു റാപ്പിഡോ ബുക്ക് ചെയ്തു. ഞാന്‍ കണ്ടുമുട്ടിയ കാപ്റ്റന്‍ ശരിക്കും വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിയായിരുന്നു. എന്റെ തോളിലെ കാമറ കണ്ട് വ്‌ളോഗറാണോയെന്ന് അദ്ദേഹം തിരക്കി. ഞാന്‍ ഒരു സിനിമാ സംവിധായകനാണെന്ന് പറഞ്ഞപ്പോള്‍ ഒരിക്കല്‍ താനും അങ്ങനെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് ഞങ്ങള്‍ വളരെനേരം സംസാരിച്ചിരുന്നു. ജീവിക്കുന്നതിന് വേണ്ടി പാര്‍ട്ട് ടൈമായി റാപ്പിഡോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം വളരെ പ്രത്യേകതകള്‍ നിറഞ്ഞ വ്യക്തിയും വാശിക്കാരനും കര്‍ക്കശക്കാരനും വളരെയധികം കഴിവുള്ളവനുമായിരുന്നു,'' കല്‍റ പറഞ്ഞു.
വിരാജ് ശ്രീവാസ്തവിന്റെ ഹൃദയസ്പര്‍ശിയായ ജീവിത കഥ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. റാപ്പിഡോയും കല്‍റയുടെ പോസ്റ്റിന് ഉടനടി മറുപടിയുമായി എത്തി. ''എത്ര മനോഹരമായ കഥയാണിത്. ഈ നിമിഷം ഞങ്ങളുമായി പങ്കിട്ടതിന് നന്ദി. രണ്ട് കഥപറച്ചിലുകാരെ ഒന്നിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷമുണ്ട്. നിങ്ങളുടെ സൃഷ്ടിപരമായ യാത്രകളില്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍ നേരുന്നു,'' റാപ്പിഡോ കുറിച്ചു.
റാപ്പിഡോ റൈഡറിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വിജയം നേടാനുള്ള വാശിയാണ് വ്യത്യസ്ത കൊണ്ടുവരുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. ഈ മനുഷ്യന്‍ ഉറപ്പായും അത് ചെയ്യും. അതിന് അദ്ദേഹത്തിന് ആഴമേറിയ ആഗ്രഹമുണ്ട്, മറ്റൊരാള്‍ പറഞ്ഞു.