അദ്ദേഹത്തിന്റേത് ഒരു കാര്‍ഷക കുടുംബമായിരുന്നു. മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിന് അത്ര പ്രധാന്യം നല്‍കിയിരുന്നില്ല. വരള്‍ച്ച മൂലം പലപ്പോഴും കൃഷി പ്രതിസന്ധിയിലായി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഭഗത് നേടിയിരുന്നത്. പുറമെ ഒരു ഐടിഐ കോഴ്‌സും പൂര്‍ത്തിയാക്കി. മികച്ച അവസരങ്ങള്‍ തേടിയും ജോലി ചെയ്യാനും ലക്ഷ്യമിട്ട് അദ്ദേഹം പൂനെയിലേക്ക് പോയി.
ഇന്‍ഫോസിസില്‍ ഓഫീസ് ബോയ്
പൂനെയിലെത്തിയ ദാദാസാഹേബ് 4000 രൂപ ശമ്പളമുള്ള ഒരു ജോലിക്ക് കയറി. താമസിക്കാതെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഇന്‍ഫോസിസില്‍ 9000 രൂപ ശമ്പളത്തില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. ആ സമയം പണത്തിന് വളരെയധികം പ്രാധാന്യമുള്ളതിനാല്‍ അദ്ദേഹം ഉടന്‍ തന്നെ ആ ജോലി സ്വീകരിച്ചു. ഒരു വലിയ ഗസ്റ്റ് ഹൗസിലായിരുന്നു അദ്ദേഹത്തിന് ജോലി ലഭിച്ചത്. അവിടെ വൃത്തിയാക്കല്‍ മുതല്‍ ഒട്ടേറെ ജോലികള്‍ അദ്ദേഹം കൈകാര്യം ചെയ്യേണ്ടിയിരുന്നു. ഇത് അദ്ദേഹത്തെ ശാരീരികമായി വളരെയധികം തളർത്തി.
advertisement
ഈ ജോലിയില്‍ തുടരവെ അദ്ദേഹം ഇവനിംഗ് ക്ലാസില്‍ പങ്കുചേര്‍ന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഭഗത് ഹൈദരാബാദിലേക്ക് താമസം മാറി. ഇവിടെ ഒരു ഡിസൈന്‍, ഗ്രാഫിക്‌സ് കമ്പനിയില്‍ ചേര്‍ന്നു. പൈത്തണ്‍, C++ എന്നിവ പഠിച്ചെടുത്തു. വിഷ്വല്‍ ഇഫക്ടുകളില്‍ ജോലി ചെയ്യുന്നതിനിടെ അത് എത്രത്തോളം സമയം കവരുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. തുടര്‍ന്ന് നൂതനമായ ഒരു ആശയം അദ്ദേഹം അവതരിപ്പിച്ചു. പുനരുപയോഗിക്കാവുന്ന ഡിസൈനര്‍ ടെംപ്ലേറ്റുകളുടെ ഒരു ലൈബ്രറി നിര്‍മിക്കുക. വൈകാതെ അദ്ദേഹം ഇവ വികസിപ്പിക്കാനും ഓണ്‍ലൈനില്‍ വില്‍ക്കാനും തുടങ്ങി.
മുംബൈയിലേക്ക്
ഹൈദരാബാദില്‍ കുറച്ച് കാലം ജോലി ചെയ്ത ശേഷം ആനിമേഷന്‍ രംഗത്തെ പുതിയ സാധ്യതകള്‍ തേടി അദ്ദേഹം മുംബൈയിലെത്തി. പ്രൈം ഫോക്കസ് വേള്‍ഡില്‍ റോട്ടോ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചത് വലിയ നേട്ടമായി. ദി ക്രോണിക്കിള്‍സ് ഓഫ് നാര്‍ണിയ, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ അന്താരാഷ്ട്ര പ്രോജക്ടുകളുടെ ഭാഗമായി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹം റിലയന്‍സ് മീഡിയ വര്‍ക്ക്‌സ് ലിമിറ്റഡിലും മാജിക് എന്‍ കളേഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡിലും ജോലി ചെയ്തു.
നിന്ത്‌മോഷന്റെ പിറവി
2015ല്‍ അദ്ദേഹം ഒരു വാഹനാപകടത്തില്‍പ്പെട്ടു. തുടര്‍ന്നുള്ള വിശ്രമകാലം അപ്രതീക്ഷിതമായ അവസരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നല്‍കി. ഈ സമയം അദ്ദേഹം ഫ്രീലാന്‍സായി ജോലി ചെയ്യുകയും ക്ലയന്റുകള്‍ക്ക് വേണ്ടി മികച്ച സൃഷ്ടികള്‍ തയ്യാറാക്കി നല്‍കുകയും ചെയ്തു.
വൈകാതെ ഭഗത് നിന്ത്‌മോഷന്‍ എന്ന ക്രിയേറ്റീവ് ഡിസൈന്‍, ആനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ചു. ബിബിസി സ്റ്റുഡിയോസ്, 9XM തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ക്ലയന്റുകള്‍
ഡൂഗ്രാഫിക്‌സിന്റെ നിര്‍മാണം; 'മേക്ക് ഇന്‍ ഇന്ത്യ' എന്ന സ്വപ്‌നം
ഇത്രയും കാലത്തിനിടയ്ക്ക് താന്‍ നേടിയ അനുഭവസമ്പത്ത് ഉപയോഗിച്ച് ഭഗത് തന്റെ അടുത്ത പ്രധാന സംരംഭത്തിന് തുടക്കമിട്ടു. കാന്‍വയ്ക്ക് പകരമായി മേക്ക് ഇന്‍ ഇന്ത്യ എന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത ഒരു ഓണ്‍ലൈന്‍ ഗ്രാഫിക് ഡിസൈന്‍ സംവിധാനമായ ഡൂഗ്രാഫിക്‌സ് പിറവി കൊണ്ടു. രാജ്യത്തുടനീളമുള്ള ക്രിയേറ്റര്‍മാര്‍ക്കും ബിസിനസ്സുകാര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ഡിസൈന്‍ സംവിധാനം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് പിന്നിലെ ലക്ഷ്യം.
കോവിഡ് വ്യാപന കാലത്ത് ബീഡിലെ തന്റെ ജന്മനാട്ടിലേക്ക് തിരികെ പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ ഈ സമയവും അദ്ദേഹം തന്റെ ഗവേഷണം തുടര്‍ന്നു. അവിടെ ഒരു ചെറിയ വര്‍ക്ക് സ്‌പെയ്‌സ് സ്ഥാപിക്കുകയും റിമോട്ടായി ഡൂഗ്രാഫിക്‌സ് വികസിപ്പിക്കുന്നത് തുടരുകയും ചെയ്തു. വെറും ആറ് മാസത്തിനുള്ളില്‍ മുംബൈ, ഡല്‍ഹി,ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നും അന്താരാഷ്ട്രതലത്തില്‍ നിന്നും ഒരു ലക്ഷത്തിലധികം സജീവ ഉപയോക്താക്കളെ ഡൂഗ്രാഫിക്‌സ് നേടിയെടുത്തു.
മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗതിനെ പ്രശംസിച്ചു.
ഷാര്‍ക്ക് ടാങ്കിലെ വിജയം
ഷാര്‍ക്ക് ടാങ്ക് സീസണ്‍-3യില്‍ ദാദാസാഹിബ് തന്റെ അനുഭവം പങ്കുവയ്ക്കുകയും തന്റെ കമ്പനിയെ അവതരിപ്പിക്കുകയും ചെയ്തു. ബോട്ട് സഹ സ്ഥാപകനായ അമന്‍ ഗുപ്ത 10 ശതമാനം ഓഹരിയ്ക്ക് ഒരു കോടി രൂപ നിക്ഷേപിച്ചതോടെ കരാര്‍ നിലവില്‍ വന്നു.