ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പാസ്റ്റര്‍ ജോഷ്വ മ്ലാകേല പങ്കുവെച്ച പ്രവചനമാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്. യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഉടനുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രചവനം. യേശുവിന്റെ തിരിച്ചുവരവിനെ കുറിച്ച് തനിക്ക് ദര്‍ശനം ലഭിച്ചതായാണ് പാസ്റ്റര്‍ അവകാശപ്പെടുന്നത്.
യേശു തിരിച്ചുവരുന്നതിന്റെ കൃത്യമായ തീയതിയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ 23-നോ അല്ലെങ്കില്‍ 24-നോ യേശുവിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടിട്ടുള്ളത്. ലോകമെമ്പാടുമുള്ള ജൂതന്മാര്‍ റോഷ് ഹഷാന എന്ന ജൂത പുതുവത്സരം ആഘോഷിക്കുന്ന അതേസമയത്തായിരിക്കും ഇത് സംഭവിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
advertisement
ഉന്നത വിശുദ്ധ ദിവസങ്ങളില്‍ ആദ്യത്തേതാണ് റോഷ് ഹഷാന. വേനല്‍ക്കാലത്തിന്റെ അവസാനത്തിലോ ശരത്കാലത്തിന്റെ തുടക്കത്തിലോ ആണ് ഇത് ആഘോഷിക്കുന്നത്.
സെറ്റ്‍വിന്‍സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാസ്റ്റര്‍ തനിക്ക് യേശുവിന്റെ ദര്‍ശനം ലഭിച്ചതായുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. അമാനുഷിക ശക്തിയുമായുള്ള കൂടിക്കാഴ്ച സംഭവിച്ചതായും യഥാര്‍ത്ഥ വിശ്വാസികളെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യേശു തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നത് താന്‍ കണ്ടെന്നും ഉടന്‍ ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന് യേശു പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പ്രവചനം ടിക് ടോക്കില്‍ വൈറലായി. #RaptureTok എന്ന ഹാഷ് ടാഗില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തു.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ നിറഞ്ഞു. ചിലര്‍ പാസ്റ്ററുടെ അകാശവാദങ്ങളെ പിന്തുണച്ചു. ചിലര്‍ പ്രവചനത്തെ നിരാകരിച്ചു. ജോഷ്വ മ്ലാകേല ഒരു മതഭ്രാന്തനാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. ചിലര്‍ ഇതിനെ പരിഹസിക്കുകയും ചെയ്തു.
എന്നാല്‍ ചില അനുയായികള്‍ ഈ പ്രവചനത്തെ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. ഇതെല്ലാം യഥാര്‍ത്ഥമാണെന്നും സംഭവിക്കാന്‍ പോകുന്നതാണെന്നും വിശ്വസിച്ച് തങ്ങളുടെ പേരിലുള്ള സകലതും വിറ്റു. ചിലര്‍ കാറുകളും വീടും സ്വത്തുക്കളും വിറ്റതായും മറ്റുള്ളവര്‍ ഇനി തങ്ങള്‍ക്ക് ഭൗതിക പ്രതിബദ്ധതകള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ഗത്തിലേക്ക് പോകുമ്പോള്‍ സ്വത്തുക്കള്‍ ആവശ്യമില്ലെന്നും ചില വിശ്വാസികള്‍ പറഞ്ഞു.
ലോകാവസാനത്തിന് മുമ്പായി ദൈവം ഭൂമിയിലേക്ക് വീണ്ടും വരുമെന്നും യഥാര്‍ത്ഥ വിശ്വാസികളെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ചില സുവിശേഷ ക്രിസ്ത്യാനികളുടെ വിശ്വാസം. ഇതുമായി ബന്ധപ്പെട്ടുള്ളതാണ് ജോഷ്വായുടെ പ്രവചനമെന്ന് ചിലര്‍ പറയുന്നു.
ലോകാവസാനത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും യാഥാര്‍ത്ഥ്യമായില്ല. ജോഷ്വയുടെ പ്രവചനവും അത്തരത്തിലുള്ള ഒന്നാണ്.