റെയ്ച്ചൽ ഹിക്ക് എന്ന സ്ത്രീയുടെ ഗോൾഡൻ റിട്രീവർ വിഭാഗത്തിലുള്ള വളർത്തുനായ പോക്കറ്റിൽ കിടന്ന ആപ്പിൾ എയർപോഡിൻ്റെ കെയ്സ് അടക്കം അകത്താക്കുകയായിരുന്നു. ഈസ്റ്റർ ദിനത്തിലായിരുന്നു സംഭവം. വളർത്തു നായ ഈസ്റ്റർ മുട്ട എടുക്കുന്നത് ഫോട്ടോയിൽ പകർത്തുകയായിരുന്നു യജമാനത്തിയായ റെയ്ച്ചൽ.
പൊടുന്നനെ മുകളിലേക്ക് ചാടിയ നായ പോക്കറ്റിൽ കിടന്ന ആപ്പിൾ എയർപോഡ് വിഴുങ്ങി. പോക്കറ്റിൽ നിന്ന് എന്തോ വീണെന്ന് റെയ്ച്ചൽ മനസിലാക്കുന്നത് മുമ്പ് തന്നെ വളർത്തുന്നായ എയർപോഡ് ഒന്നടങ്കം വിഴുങ്ങിയിരുന്നു. ഉടൻ വളർത്തു നായയുമായി റെയ്ച്ചൽ മൃഗ ഡോക്ടറുടെ അടുത്ത് എത്തി.
advertisement
എയർപോഡിൻ്റെ ബാറ്ററിയിലുള്ള ആസിഡ് ജീവൻ പോലും നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ഡോക്ടർ ഉടൻ നായയെ സ്കാൻ ചെയതു. റേഡിയോഗ്രാഫിക്ക് ചിത്രങ്ങളിൽ വയറിനുള്ളിൽ എയർപോഡ് കിടക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഒട്ടും സമയം പാഴാക്കാതെ തന്നെ നായയെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും എയർപോഡ് സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു,
പുറത്തെത്തിച്ച എയർപോഡിന് യാതൊരു കേടുപാടുകളും ഇല്ലായിരുന്നു എന്ന് മാത്രമല്ല പ്രവർത്തന സജ്ജവുമായിരുന്നു എന്ന കാര്യം ഡോക്ടറെ പോലും ഞെട്ടിച്ച് കളഞ്ഞു. “അത്ഭുതം എന്തെന്നാൽ പുറത്തെത്തിച്ച ഉപകരണത്തിൽ പല്ലിൻ്റെയോ മറ്റോ യാതൊരു സ്ക്രാച്ചുകളും ഉണ്ടായിരുന്നില്ല. പുറത്തെത്തിച്ച ശേഷവും എയർപോഡിൽ ചാർജിംഗ് ലൈറ്റ് ഓണായിരുന്നു,” ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ മൃഗ ഡോക്ടർ വിശദീകരിച്ചു.
സംഭവം നടന്ന ദിവസം വൈകിട്ട് തന്നെ നായയുടെ ശസ്ത്രക്രിയ നടത്തുകയും അന്ന് രാത്രി ആശുപത്രിയിൽ കിടത്തിയ ശേഷം പിറ്റേ ദിവസം യജമാനത്തിയോടൊപ്പം നായയെ വിട്ടുവെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയയുടെ തുന്നൽ കടിക്കാതിരിക്കാൻ തലയിൽ ഒരു കോൺ അണിയിച്ചാണ് നായയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വിട്ടത്.
രണ്ട് വർഷം മുമ്പും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബെൻ ഹുസു എന്ന ആളുടെ എയർപോഡുകളാണ് അന്ന് വളർത്തു നായ വിഴുങ്ങിയത്. സ്ഥിരമായി വെക്കുന്ന റൂമിൽ എയർപോഡ് കാണാഞ്ഞതിനെ തുടർന്ന് ഐ ഫോൺ ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ച് തെരഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞത്.
പ്രാഥമിക കൃത്യം ചെയ്യാൻ നിർബന്ധിച്ചാണ് അന്ന് നായയുടെ വയറിൽ നിന്നും എയർപോഡ് പുറത്തെടുത്തത്. ഇതിന് ശേഷവും എയർപോഡ് പ്രവർത്തന സജ്ജമായിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടിനുള്ളിൽ മൃഗങ്ങളെ വളർത്തുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം എന്നതിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
Keywords: Apple Airpods, Airpods, Pet Dog, Dog, earbuds,ആപ്പിൾ, വളർത്തു നായ, എയർപോഡ്