മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ റാണയെ 2011ൽ അമേരിക്ക കുറ്റവിമുക്തനാക്കിയതിന് ശേഷം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.
''മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂര്‍ റാണയെ നിരപരാധിയായി പ്രഖ്യാപിച്ച യുഎസ് നടപടി ഇന്ത്യയുടെ പരമാധികാരത്തെ അപമാനിക്കലാണ്. ഇത് വിദേശനയത്തിന്മേലുള്ള വലിയ തിരിച്ചടിയാണ്,'' മോദി ട്വീറ്റു ചെയ്തു.
പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയെ ഡല്‍ഹിയിലെ വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിച്ച ഉടനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
advertisement
റാണയെ ഇന്ത്യയിലെത്തിച്ചത് സംബന്ധിച്ച് മോദി സര്‍ക്കാരും പ്രതിപക്ഷവും പറഞ്ഞതെന്ത്?
റാണയുടെ കൈമാറ്റം മോദി സര്‍ക്കാരിന്റെ വലിയ വിജയമാണെന്ന് ബിജെപി വാദിച്ചപ്പോള്‍ എന്‍ഡിഎ സര്‍ക്കാരല്ല ഈ പ്രക്രിയ ആരംഭിച്ചതെന്നും മറിച്ച് യുപിഎയുടെ കീഴില്‍ ആരംഭിച്ച ''പക്വവും സ്ഥിരതയുള്ളതും തന്ത്രപരവുമായ നയതന്ത്രത്തില്‍'' നിന്ന് ആനുകൂല്യം കൈപ്പറ്റുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് കോണ്‍ഗ്രസ് ആ വാദങ്ങളെ തള്ളിക്കളഞ്ഞു.
തഹാവൂര്‍ റാണയുടെ കൈമാറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വലിയ വിജയമാണെന്ന് ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയില്‍ പങ്കെടുക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ആക്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''വിചാരണ നടത്താനും ശിക്ഷ നല്‍കാനുമായി റാണയെ ഇവിടെ കൊണ്ടുവന്നു. ഇത് മോദി സര്‍ക്കാരിന്റെ വലിയ വിജയമാണ്,'' അദ്ദേഹം പറഞ്ഞു.
2008ല്‍ മുംബൈ ഭീകരാക്രമണ സമയത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നവര്‍ക്ക് വിചാരണ നടത്തുന്നതിന് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് അമിത് ഷാ കോണ്‍ഗ്രസിനെ പരിഹസിച്ചു പറഞ്ഞു.
2009 ഒക്ടോബറില്‍ കോപ്പന്‍ഹേഗനില്‍(ഡെന്‍മാര്‍ക്ക്) ഒരു പത്രസ്ഥാപനത്തെ ആക്രമിക്കാനുള്ള പദ്ധതിക്ക് സഹായം നല്‍കിയതിനും ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സാമ്പത്തിക സഹായം നല്‍കിയതിനും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) ചിക്കാഗോയില്‍വെച്ച് റാണയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ 2011ല്‍ റാണ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി കണ്ടെത്തുകയും 14 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ഇയാളെ അമേരിക്കന്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
അതേസമയം, റാണയെ കൈമാറുന്നത് സാധ്യമാക്കുന്നതില്‍ മോദി സര്‍ക്കാരിന് യാതൊരു പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും അത് ആരുടെയും ഉന്നത സ്വാധീനത്തിന്റെ ഫലമല്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. നയതന്ത്രം, നിയമപാലനം, അന്താരാഷ്ട്ര സഹകരണം എന്നിവ ആത്മാര്‍ത്ഥമായും യാതൊരുവിധത്തിലുമുള്ള നെഞ്ചിടിപ്പും കൂടാതെയും പിന്തുടരുമ്പോള്‍ അത് ഇന്ത്യന്‍ മഹാരാജ്യത്തിന് എന്തു നേടാന്‍ കഴിയുമെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
റാണയെ കൈമാറിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നുണ്ടെങ്കിലും സത്യം അതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. 2008 നവംബര്‍ മുതല്‍ 2012 ജൂലൈ വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു പി ചിദംബരം. മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി(യുഎസ് പൗരന്‍), റാണ തുടങ്ങിയവര്‍ക്കെതിരേ എന്‍ഐഎ ന്യൂഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത 2009 നവംബര്‍ 11 മുതല്‍ അന്വേഷണം ആരംഭിച്ചതായും ചിദംബരം കൂട്ടിച്ചേര്‍ത്തു.
''മുംബൈ ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിട്ടും യുഎസ് കോടതി റാണയെ 2011 ജൂണില്‍ കുറ്റവിമുക്തനാക്കിയെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ട് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് അയാളെ 14 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. അയാളെ കുറ്റവിമുക്തനാക്കിയതില്‍ യുപിഎ സര്‍ക്കാര്‍ പരസ്യമായി നിരാശ പ്രകടിപ്പിക്കുകയും നയതന്ത്ര സമ്മര്‍ദം സജീവമായി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.