ഛര്‍ദിയും വയര്‍ വീര്‍ത്തു വരുന്ന പ്രശ്‌നങ്ങളും ഉൾപ്പെടെ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലൂണ എന്ന നായ്ക്കുട്ടിയുടെ വയറ്റില്‍ നിന്ന് ഇത്രയധികം സാധനങ്ങള്‍ കണ്ടെത്തിയത്. ''നായ്ക്കുട്ടിയുടെ വയറ്റിലെ വസ്തുക്കള്‍ കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി. 24 സോക്‌സുകള്‍, പലതരത്തിലുള്ള മുടിക്കുടുക്കുകള്‍, ഒരു ഷൂ സോള്‍, ഒരു കുട്ടിയുടുപ്പ് എന്നിവയെല്ലാമാണ് കുടലിനുള്ളില്‍ നിന്ന് കണ്ടെത്തിയത്'',ലൂണയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
യുഎസിലെ കൊറോണ ആനിമല്‍ എമര്‍ജന്‍സി സെന്ററിലാണ് നായ്ക്കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലൂണ എന്ന് പേരുള്ള ബെര്‍ണീസ് മൗണ്ടെയ്ന്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടത്തി ഈ വസ്തുക്കൾ പുറത്തെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലൂണയുടെ വയറിന്റെ എക്‌സ്‌റേയുടെ ചിത്രങ്ങള്‍ ആശുപത്രി സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ലൂണയുടെ വയറിനുള്ളില്‍ തുണി നിറഞ്ഞിരിക്കുന്നത് ചിത്രങ്ങളില്‍ കാണാന്‍ കഴിയും.
advertisement
ലൂണയുടെ വയറിനുള്ളിലെ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഗ്യാസ്‌ട്രോടോമിയും എന്ററോടോമിയും ഉള്‍പ്പെടെയുള്ള നിരവധി സര്‍ജറികള്‍ ചെയ്തതായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. സര്‍ജറി കഴിഞ്ഞതിന് ശേഷം ലൂണ സുഖം പ്രാപിച്ചു വരുന്നതിന്റെ ചിത്രങ്ങളും വയറില്‍ നിന്ന് പുറത്തെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് തടയാന്‍ അവരെ നിരന്തരം നിരീക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. പ്രതിരോധം പ്രധാനമാണെന്നും എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ 24 മണിക്കൂറും സേവനമുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ''ലൂണയുടെ ചികിത്സയില്‍ ഞങ്ങളെ വിശ്വസിച്ചതിന് അവളുടെ കുടുംബത്തിനും അവളോട് സ്‌നേഹം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ലൂണ വളരെ സ്‌പെഷ്യലായ നായ്ക്കുട്ടിയാണ്. അവളുടെ ജീവിതത്തിന്റെ ഭാഗമായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,'' ആശുപത്രി അധികൃതര്‍ പോസ്റ്റില്‍ വ്യക്തമാക്കി.
ലൂണയുടെ ഈ കഥ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വൈറലായത്. ലൂണയ്ക്കും അവളെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് പങ്കുവെച്ചതിന് നന്ദിയെന്നും ചികിത്സ ഡോക്ടര്‍മാര്‍ വിശ്വസ്തരാണെന്നും ഒരു ഉപയോക്താവ് പറഞ്ഞു. മികച്ചൊരു ടീമാണ് ലൂണയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയതെന്ന് മറ്റൊരാള്‍ പറഞ്ഞു.
ഇത് ശരിക്കും അത്ഭുതമാണെന്ന് മറ്റൊരാള്‍ പറഞ്ഞു. അതേസമയം, തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങള്‍ നിരവധിപേരാണ് പങ്കുവെച്ചത്.