ലോകകപ്പ് വിജയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് ദ്രാവിഡ് സ്ഥിരീകരിച്ചത്. ഈ ലോകകപ്പ് വിജയത്തിൽ നിന്നും മുന്നോട്ട് പോകാൻ കഴിയുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകർ ദ്രാവിഡിനോട് ചോദിച്ചത്. ഉറപ്പായും കഴിയുമെന്നും അടുത്ത ആഴ്ചയോടെ ജീവിതം പഴയ പോലെ ആകുമെന്നും എന്നാൽ ഒറ്റ വ്യത്യാസമുണ്ടെന്നും അത് തനിക്ക് ജോലി ഇല്ലാതെയാകും എന്നത് മാത്രമാണെന്നും ദ്രാവിഡ് പറഞ്ഞു. കൂടാതെ പുതിയ എന്തെങ്കിലും ജോലി ഓഫറുകളുണ്ടോ എന്നും അദ്ദേഹം തമാശരൂപേണ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
advertisement
പരിശീലകനായി തുടരാൻ താൻ അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും അദ്ദേഹത്തിന് മറ്റൊരുപാട് ചുമതലകൾ ഉണ്ടെന്നുംഅദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയം വിലമതിയ്ക്കാനാവാത്തതാണെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. 2007 ൽ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ് താൻ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയതെന്നും കൂടാതെ അദ്ദേഹത്തിന് കീഴിൽ ടെസ്റ്റ് മാച്ചുകൾ കളിയ്ക്കാൻ സാധിച്ചുവെന്നും രോഹിത് കൂട്ടിച്ചേർത്തു. ദ്രാവിഡിന് ശേഷം ഗൗതം ഗംഭീർ ആയിരിക്കും ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുക എന്ന് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകളുണ്ട്.