മധ്യപ്രദേശിലെ സാഗറിലെ റാഷി റെസ്റ്റോറന്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ഭക്ഷണവും ചുറ്റുപാടുകളും കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മോരില്‍ ഇഴഞ്ഞുനടക്കുന്ന പ്രാണികളെയും അടുക്കളയില്‍ എലികളെയും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തുറസ്സായ സ്ഥലത്ത് ഭക്ഷണത്തിന് മുകളില്‍ ഈച്ചകള്‍ വന്നിരിക്കുന്നതും ഭക്ഷ്യവകുപ്പ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഹോട്ടല്‍ ഉടമയുടെ മറുപടിയാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. ഈ പ്രാണികളും എലികളും ഈച്ചകളുമെല്ലാം തങ്ങളുടെ വളര്‍ത്തോമനകളാണെന്നാണ് ഹോട്ടല്‍ ഉടമ സംഭവത്തില്‍ പ്രതികരിച്ചത്.
advertisement
ദുര്‍ഗന്ധം വമിക്കുന്ന ഹോട്ടലിലെ അടുക്കളയിലെ അവസ്ഥ കണ്ട് ഞെട്ടിയ ഫുഡ് ഇന്‍സ്‌പെക്ടര്‍ പ്രീതി റായ് എലികളുടെ സാന്നിധ്യത്തെ കുറിച്ച് റെസ്റ്റോറന്റ് ഉടമയോട് ചോദിച്ചു. മാഡം, ഈ എലികള്‍ ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളാണ്, എന്ന് അദ്ദേഹം മറുപടി നല്‍കി.
വൃത്തിഹീനമായ സാഹചര്യങ്ങള്‍ക്ക് പുറമേ ഗാര്‍ഹിക സിലിണ്ടറുകളുടെ നിയമവിരുദ്ധമായ ഉപയോഗവും പരിശോധനയില്‍ കണ്ടെത്തി. ഇതേക്കുറിച്ച് ഉടമയോട് ചോദിച്ചപ്പോള്‍ ഇത് ഗാര്‍ഹിക സിലിണ്ടറാണെന്നും അത് വീണ്ടും നിറയ്ക്കാന്‍ കൊണ്ടുവന്നതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കി.
പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ സീല്‍ ചെയ്യാന്‍ ഉത്തരവിട്ടു. പരിശോധനാഫലങ്ങള്‍ ലഭ്യമാകുമ്പോള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാനും ഹോട്ടല്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശുചിത്വ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ഭക്ഷ്യവകുപ്പ് പറഞ്ഞു.
ഈ വര്‍ഷം ആദ്യം ഹൈദരാബാദിലെ മധാപൂരിലുള്ള ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെന്‍ട്രല്‍ കിച്ചണ്‍ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് റദ്ദാക്കിയിരുന്നു. ജനുവരിയില്‍ നടത്തിയ ഒരു അപ്രതീക്ഷിത പരിശോധനയില്‍ ഭക്ഷണ സംഭരണത്തിനുള്ള വൃത്തിഹീനമായ സാഹചര്യങ്ങളും അടുക്കളയില്‍ പാറ്റകളുടെയും എലികളുടെയും സാന്നിധ്യവും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.