സാങ്കേതിക വിദ്യ പലപ്പോഴും ഒരു പ്രശ്നമായി മാറുന്നുവെന്നും ഇടവിട്ട് ഓരോ അഞ്ച് സെക്കൻഡിലും തന്റെ മൊബൈൽ ഫോണിലേക്ക് നോക്കേണ്ട സ്ഥിതിയാണ് ഓരോ ആളുകൾക്കുമെന്നും ഭക്ഷണ സമയത്തെങ്കിലും അതിൽ ഒരു മാറ്റം വരാനാണ് ഇത്തരമൊരു ഓഫർ നൽകുന്നതെന്നും ആഞ്ചലോ പറഞ്ഞു. മൊബൈൽ ഫോൺ മാറ്റി വയ്ക്കുന്നതിലൂടെ പ്രിയപ്പെട്ടവർക്കൊപ്പം ഭക്ഷണം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നും ആഞ്ചലോ കൂട്ടിച്ചേർത്തു.
പ്രമുഖ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കപ്പെട്ട പോസ്റ്റിൽ റെസ്റ്റോറന്റ് ഉടമയുടെ ഓഫറിനെ അഭിനന്ദിച്ച് പലരും രംഗത്ത് വന്നിട്ടുണ്ട്. റെസ്റ്റോറന്റിൽ എത്തുന്നവർ തങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നതിന് വേണ്ടി വിലകൂടിയ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ഒരു വലിയ മനുഷ്യൻ എന്ന് ഒരാൾ റെസ്റ്റോറന്റ് ഉടമയെ വിശേഷിപ്പിച്ചു. തന്റെ ഓഫീസിലും ഈ റെസ്റ്റോറന്റ് ഉടമയെപ്പോലെ ഒരാൾ വേണമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം തങ്ങൾ വൈൻ കുടിക്കാറില്ലെന്നും എന്നാൽ ഭക്ഷണ സമയത്ത് മൊബൈൽ മാറ്റി വയ്ക്കാൻ തയ്യാറാണെന്നും മറ്റ് പലരും പ്രതികരിച്ചു.
റെസ്റ്റോറന്റിന്റെ ഈ ഓഫറിന് ഉപഭോക്താക്കളിൽ നിന്നും വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും നടപ്പാക്കി കഴിഞ്ഞപ്പോൾ റെസ്റ്റോറന്റിൽ എത്തുന്ന ഏതാണ്ട് 90 ശതമാനം ഉപഭോക്താക്കളും ഓഫർ സ്വീകരിക്കുന്നുണ്ടെന്നും റെസ്റ്റോറന്റ് അധികൃതർ വ്യക്തമാക്കി.