അന്‍മോല്‍ എന്നാണ് ഇവന്റെ പേര്. എവിടെ ചെന്നാലും കാഴ്ചക്കാരുടെ ശ്രദ്ധനേടി അവന്‍ തലയെടുപ്പോടെ നില്‍ക്കും. രാജസ്ഥാനില്‍ നടക്കുന്ന പുഷ്‌കര്‍ മേളയിലെ അന്‍മോലിന്റെ ഗംഭീര പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൃഗ വിപണിയാണ് രാജസ്ഥാനില്‍ വര്‍ഷത്തില്‍ നടക്കുന്ന ഈ മേള.
ഒക്ടോബര്‍ 30-ന് ആരംഭിച്ച് നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ അത്രയധികം മൃഗങ്ങളെയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അന്‍മോല്‍ തന്നെയാണ് മേളയുടെ പ്രധാന ആകര്‍ഷണം. ഇവനെ കൂടാതെ ചുരുക്കം ചില മൃഗങ്ങളും വിപണിയിലെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
advertisement
ഒരു പോത്തിന് കാറിനേക്കാള്‍ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമായിരിക്കും. എന്നാല്‍ അന്‍മോല്‍ ഒരു സാധാരണ പോത്തല്ല. 23 കോടി രൂപയാണ് അവന്റെ മൂല്യം. ആ തുകയ്ക്ക് രണ്ട് റോള്‍സ് റോയ്‌സ് കാറുകളോ പത്ത് മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങളോ അല്ലെങ്കില്‍ കെട്ടിടങ്ങളോ പോലും വാങ്ങാന്‍ കഴിയും.
ഭീമന്‍ പോത്ത് മേളയിലെത്തിയപ്പോള്‍ സ്വാഭാവികമായും എല്ലാവരുടെയും കണ്ണുകള്‍ അവനിലേക്ക് തിരിഞ്ഞു. അവന്റെ കറുത്ത് തിളങ്ങുന്ന ചര്‍മ്മവും പേശികളുള്ള ശരീരവും നടത്തവുമെല്ലാം ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. അത്ര മനോഹരമായിരുന്നു അവന്റെ വരവ്. സോഷ്യല്‍ മീഡിയയിലെ വീഡിയോയ്ക്ക് താഴെ ആളുകള്‍ പലവിധത്തിലുള്ള അഭിപ്രായങ്ങളും കുറിച്ചു.
അവനെ പോറ്റാന്‍ എത്രമാറ്റം പരിശ്രമം ആവശ്യമാണെന്ന് വ്യക്തമായി കാണാമെന്നായിരുന്നു ഒരു കമന്റ്. അവന്റെ കറുത്ത ചര്‍മ്മം നടിമാരുടെ ചര്‍മ്മത്തേക്കാള്‍ തിളക്കമുള്ളതാണെന്നായിരുന്നു മറ്റൊരു പ്രതികരണം. അന്‍മോലിന്റെ വില അനുസരിച്ച് മറ്റെന്ത് വാങ്ങാമെന്നായിരുന്നു മറ്റൊരു കമന്റ്. വിഐപി നമ്പര്‍ പ്ലേറ്റുകളോടു കൂടി 17 ഡിഫന്‍ഡര്‍ വാങ്ങാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിയാനയിലെ സിര്‍സ ജില്ലയില്‍ നിന്നാണ് അന്‍മോല്‍ മേളയിലേക്ക് എത്തിയത്. അവന്റെ ഭീമന്‍ രൂപം മാത്രമല്ല ഉയര്‍ന്ന വിലയ്ക്ക് കാരണം. കന്നുകാലികളില്‍ ബ്രീഡിംഗിനായി അവന്റെ മികച്ച നിലവാരമുള്ള ബീജവും ഉപയോഗിക്കുന്നുണ്ട്. ഇതിനും ആവശ്യകത കൂടുതലാണ്. ഇതൊക്കെയാണ് അവന്റെ മൂല്യം മുയര്‍ത്തുന്ന ഘടകങ്ങള്‍.
അവന്റെ ഉടമയായ ഗില്‍ ഓരോ മാസവും അഞ്ച് ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. ആഴ്ചയില്‍ രണ്ട് തവണയായി ശേഖരിക്കുന്ന ബിജം 250 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത്രയൊക്കെ വരുമാനം ഇവന്‍ നല്‍കുന്നുണ്ടെങ്കിലും പോത്തിന്റെ പരിപാലനത്തിനും അത്ര തന്നെ പരിശ്രമവും ചെലവുമുണ്ട്. അന്‍മോലിനെ വളര്‍ത്തുന്നത് അത്ര എളുപ്പമല്ല.
ദിവസേനയുള്ള പരിചരണത്തിന് ഏകദേശം 1500 രൂപ ചെലവാകും. രാജകീയ ഭക്ഷണമാണ് പോത്തിന്. എല്ലാ ദിവസവും 250 ഗ്രാം ബദാം കഴിക്കും. നാല് കിലോ മാതളനാരങ്ങ, 30 വാഴപ്പഴം, അഞ്ച് ലിറ്റര്‍ പാല്‍, 20 മുട്ട എന്നിവയും അകത്താക്കും. ഇതുകൂടാതെ കരുത്തോടെ നിലനിര്‍ത്താനായി നെയ്യ്, സോയാബീന്‍, ചോളം, ഓയില്‍ കേക്ക്, പുതിയ പച്ചപ്പുല്ല് എന്നിവയും നല്‍കുന്നു.
സൗന്ദര്യ സംരക്ഷണത്തിനുള്ള കാര്യങ്ങളും ഭക്ഷണം പോലെ തന്നെ ഗംഭീരമാണ്. ഒരു ദിവസം രണ്ട് തവണ പോത്തിനെ എണ്ണ തേച്ച് കുളിപ്പിക്കും. തിളങ്ങുന്ന കറുത്ത ചര്‍മ്മം നിലനിര്‍ത്താന്‍ ബദാം, കടുക് എണ്ണ എന്നിവയുടെ മിശ്രിതം ഉപയോഗിക്കുന്നു.
കുടുംബ പാരമ്പര്യവും അന്‍മോലിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ദിനവും 25 ലിറ്റര്‍ പാല്‍ നല്‍കുന്ന എരുമയാണ് അന്‍മോലിന്റെ അമ്മ. കഴിഞ്ഞ വര്‍ഷം മീററ്റില്‍ നടന്ന അഖിലേന്ത്യ കര്‍ഷക മേളയിലും അന്‍മോല്‍ പ്രധാന ആകര്‍ഷണമായിരുന്നു. ഇതാ ഇപ്പോള്‍ പുഷ്‌കര്‍ മേളയിലും ഷോസ്‌റ്റോപ്പറായി മാറിയിരിക്കുന്നു.
