തത്സുകിയുടെ പ്രവചനം
ഭൂകമ്പത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജപ്പാന്റെ 'ബാബ വാംഗ' എന്നറിയപ്പെടുന്ന തത്സുകിയുടെ 'ഞാന്‍ കണ്ട ഭാവി' (The Future I Saw) എന്ന രചനയിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. ഇതില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ച പല ദുരന്തങ്ങളും കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് അവരുടെ പല ആരാധകരും വിശ്വസിക്കുന്നു. ഡയാന രാജകുമാരിയുടെയും ഫ്രെഡി മെര്‍ക്കുറിയുടെയും മരണം, ഏറ്റവും പ്രസിദ്ധമായ കോവിഡ് 19 പകര്‍ച്ചവ്യാധി, 2011 മാര്‍ച്ചിലെ ഭൂകമ്പം, സുനാമി എന്നിവയെല്ലാം അവര്‍ കൃത്യമായി പ്രവചിച്ചതോടെയാണ് തത്സുകി ശ്രദ്ധ നേടിയത്.
advertisement
2025 ജൂലൈയില്‍ തത്സുകിയുടെ മാംഗയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു പ്രവചനത്തെക്കുറിച്ച് അവരുടെ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ അഞ്ചിന് വലിയൊരു ദുരന്തം സംഭവിക്കുമെന്ന് പലരും കരുതി. എന്നാല്‍, അത് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതിനാല്‍ ഭൂരിഭാഗം ആളുകളും അത് തള്ളിക്കളഞ്ഞു. എന്നാല്‍ ബുധനാഴ്ച റഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പവും അതിന്റെ പിന്നാലെയുണ്ടായ സുനാമി മുന്നറിയിപ്പുകള്‍ക്കും ശേഷം മാംഗയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്. പ്രവചനം ഏതാനും ആഴ്ചകളിലേക്ക് മാറിപ്പോയതാണോയെന്ന് ആളുകള്‍ ആശ്ചര്യപ്പെടുന്നു.
സോഷ്യല്‍ മീഡിയയിലാണ് തത്സുകിയുടെ പ്രവചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറ്റവും സജീവമായി നടക്കുന്നത്.
"റഷ്യന്‍ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ജപ്പാന്‍ തീരത്ത് മൂന്ന് മീറ്റർ ഉയരത്തില്‍ സുനാമിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2011ലെ ഭൂകമ്പം പ്രവചിച്ച ജാപ്പനീസ് മാംഗ പ്രവാചക റയോ തത്സുകിയുടെ പ്രവചനം വീണ്ടും ശരിയായിരിക്കുന്നു. ജപ്പാനിലുള്ളവര്‍ സുരക്ഷിതരായിരിക്കുക," ഒരു ഉപയോക്താവ് പറഞ്ഞു.
തത്സുകി നല്‍കിയ ദിവസം തന്നെ പ്രവചനം ഫലിച്ചില്ലെങ്കിലും അവരെ ബഹുമാനിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
റഷ്യയില്‍ വന്‍ ഭൂകമ്പം
1952ന് ശേഷം ആദ്യമായാണ് റഷ്യയിലെ ഈ മേഖലയില്‍ ഇത്ര ശക്തമായ ഭൂകമ്പം അനുഭവപ്പെടുന്നത്. റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയുടെ തെക്കുകിഴക്കായി ഏകദേശം 125 കിലോമീറ്റര്‍ അകലെയായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വൈകാതെ തന്നെ റഷ്യയുടെ കംചത്ക തീരത്തിന്റെ ചില ഭാഗങ്ങളില്‍ മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ(10 മുതല്‍ 13 അടി)സുനാമി തിരകള്‍ ഉണ്ടായി.
ജപ്പാനിലും സുനാമി മുന്നറിയിപ്പ്
റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ജപ്പാന്റെ പസഫിക് തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ മേഖലയിലെ പ്രധാന ദ്വീപായ ഹോക്കൈഡോയില്‍ 30 സെന്റീമീറ്റര്‍ വരെ തിരമാലകള്‍ അടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജപ്പാനില്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.