ഏറെ അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന ഒന്നാണ് ഓണ്‍ലൈന്‍ ചൂതാട്ടം. ഇത് സാമ്പത്തിക സമ്മര്‍ദം, ബന്ധങ്ങളുടെ തകര്‍ച്ച, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. വിനോദത്തിനായാണ് ആളുകള്‍ ഓണ്‍ലൈന്‍ ചൂതാട്ടം ആരംഭിക്കുന്നത്. എന്നാല്‍ പതിയെ പതിയെ അതിന് ആസക്തി സ്വഭാവം കൈവരുന്നു. ഒരു റെഡ്ഡിറ്റ് ഉപയോക്താവിന്റെ ചൂതാട്ടത്തിന് അടിമപ്പെട്ട് അതിന് ശേഷം താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ ഹൃദയഭേദകമായ അനുഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൂതാട്ടം തന്‍റെ ജീവിതം നശിപ്പിച്ചതായി യുവാവ് പറഞ്ഞു. XYZ എന്നാണ് റെഡ്ഡിറ്റ് ഉപയോക്താവ് തന്നെ സ്വയം പരിചയപ്പെടുത്തിയത്. ചൂതാട്ടം തന്നെ 33 ലക്ഷം രൂപയുടെ വന്‍ കടബാധ്യതയിലേക്ക് തള്ളിവിട്ടതായി അയാള്‍ പറഞ്ഞു. താന്‍ ഒരു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണെന്നും പ്ലസ്ടു പരീക്ഷകളിലെ മോശം പ്രകടനമാണ് തന്നെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും യുവാവ് വെളിപ്പെടുത്തി.
advertisement
ഇത് സംഭവിച്ചത് എങ്ങനെ?
പ്ലസ് ടുവിന് 55 ശതമാനം മാത്രം മാര്‍ക്ക് ലഭിച്ചതിനാല്‍ XYZന് ജോലി നേടാന്‍ സാധിച്ചില്ല. മാതാപിതാക്കളോട് സത്യം പറയുന്നതിന് പകരം ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിച്ചതായി അറിയിച്ചു. മാതാപിതാക്കള്‍ XYZ പറഞ്ഞ കാര്യം സത്യമാണെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്തു. ഇതിന് ശേഷം വാടക, കോച്ചിംഗ് ഫീസ് എന്നിവ സൂചിപ്പിച്ച് ഇയാള്‍ മാതാപിതാക്കളില്‍ നിന്ന് വലിയ തുക ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
മകന്‍ ചൂതാട്ടത്തിനായാണ് പണം ചെലവഴിക്കുന്നതെന്ന് അറിയാതെ ഓരോ തവണയും പിതാവ് യുവാവിന് പണം നല്‍കി. അജ്ഞാതരായ സുഹൃത്തുക്കള്‍ക്കായി കടം നല്‍കുന്നതിന് അച്ഛന്‍ മകന് കൂടുതല്‍ പണം നല്‍കിയതോടെ സ്ഥിതി കൂടുതല്‍ വഷളായി.
''ഏറ്റവും മോശമായ കാര്യം ഇതായിരുന്നു. എന്റെ അച്ഛന്‍ പലിശയ്ക്ക് പണം നല്‍കുന്നയാളായിരുന്നു. ചൂതാട്ടത്തിന് കൂടുതല്‍ പണം ലഭിക്കുന്നതിനായി ഞാന്‍ 11 വ്യാജ പേരുകള്‍ അച്ഛന്റെയടുത്ത് പറഞ്ഞു. അവര്‍ക്ക് ട്യൂഷൻ ചേരാന്‍ ആഗ്രഹമുണ്ടെന്നും വായ്പകള്‍ ആവശ്യമാണെന്നും പറഞ്ഞു. അച്ഛന്‍ അവരുടെയെല്ലാം പേരില്‍ എനിക്ക് പണം തന്നു. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ക്ക് പോലും ഇക്കാര്യം അറിയില്ല. ഒടുവില്‍ അച്ഛന്‍ തന്ന പണമെല്ലാം തീര്‍ത്തു,'' ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
യുവാവിന് ജോലിയുണ്ടെന്ന് മാതാപിതാക്കള്‍ കരുതി
തനിക്ക് ഇപ്പോള്‍ ആകെ 33 ലക്ഷം രൂപ കടമുണ്ടെന്ന് ഉപയോക്താവ് വ്യക്തമാക്കി. മകന് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം ഉണ്ടെന്നാണ് പിതാവ് കരുതുന്നത്. അതിനാല്‍ മകന്‍ വായ്പകള്‍ തിരിച്ചടയ്ക്കുമെന്നും വീട്ടിലേക്ക് പണം അയയ്ക്കുകയും ചെയ്യുമെന്ന് പിതാവ് പ്രതീക്ഷിച്ചു. എന്നാല്‍ വാസ്തവത്തില്‍ തനിക്ക് ജോലി ഇല്ലെന്ന് യുവാവ് പറഞ്ഞു. ''കൂടാതെ, ചൂതാട്ടത്തിന് അടിമയാണ്. എല്ലാ ദിവസവും കൂടുതല്‍ ആഴത്തിലേക്ക് വീണുപോകുന്നു,'' യുവാവ് കൂട്ടിച്ചേര്‍ത്തു.
ഡാറ്റ സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് അല്‍ഗോരിതത്തിലും സിസ്റ്റം ഡിസൈനിലും പരിചയസമ്പത്തുള്ള ഈ യുവാവ് തനിക്ക് പഠിക്കാനും ജോലിക്ക് അപേക്ഷിക്കാനും താത്പര്യമുണ്ടെന്ന് അറിയിച്ചു. എന്നാല്‍, താന്‍ ചൂതാട്ടത്തിന്റെയും നുണകളുടെയും ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ഇതില്‍ നിന്ന് മുക്തി നേടി സാധാരണ ജീവിതം തുടങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ അച്ഛന്റെ പ്രതികരണമോര്‍ക്കുമ്പോള്‍ ഭയമാണെന്നും യുവാവ് പറഞ്ഞു.
''ഈ ചൂതാട്ട നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യം പറഞ്ഞാല്‍ ജീവനൊടുക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, എനിക്ക് മടങ്ങി വരണമെന്നുണ്ട്. മുന്നില്‍ ഒരു വഴിയുമില്ല. ചുറ്റിലും ഇരുട്ടാണ്. ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ എന്റെ അച്ഛന്‍ ഹൃദയാഘാതം വന്ന് മരിക്കും. അദ്ദേഹത്തിന് പ്രതിമാസം 50,000 രൂപ പോലും വരുമാനമില്ലാത്ത ചെറിയ കടയാണുള്ളത്,'' യുവാവ് പറഞ്ഞു.