എൺപതിനായിരത്തോളം പേരാണ് ഷാരൂഖിനെ കാണാനായി ചടങ്ങിലെത്തിയത്. രജനികാന്ത്, വിജയ്, അല്ലു അർജുൻ, യഷ്, പ്രഭാസ്, രാംചരൺ എന്നിവരുടെ പേരെടുത്ത് പറഞ്ഞ ഷാരുഖ്, ഇവരുടെ നൃത്തത്തെ കുറിച്ചും രസകരമായി സംസാരിച്ചു.
"കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാഗ്രഹിക്കുകയാണ്. ദയവുചെയ്ത് ഇത്രയും വേഗത്തിൽ ഡാൻസ് ചെയ്യരുത്." - ഷാരൂഖ് പറഞ്ഞു. , അവരോടൊപ്പം നൃത്തം ചെയ്യാൻ താൻ ബുദ്ധിമുട്ടുകയാണെന്ന ഷാരുഖിന്റെ കമന്റ് പ്രേക്ഷകരെ ചിരിപ്പിച്ചു. വൈകാതെ ആ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലുമായി.
advertisement
നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾ ഷാരൂഖ് ഖാനോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുണ്ട്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ കാണുന്നത് തന്റെ ജീവിതത്തിലെ ഒരു മാന്ത്രിക നിമിഷമാണെന്ന് അല്ലു അർജുൻ ഒരിക്കൽ പറഞ്ഞിരുന്നു. സമാന്ത തന്റെ സ്വപ്ന സഹതാരങ്ങളുടെ പട്ടികയിൽ ഷാരൂഖിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം വർഷങ്ങളായി അദ്ദേഹത്തെ ആരാധിച്ചിരുന്ന നയൻതാരയ്ക്ക് ഒടുവിൽ ജവാനിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും സാധിച്ചു. ഷാരൂഖിന്റെ യാത്ര എത്രത്തോളം പ്രചോദനാത്മകമാണെന്ന് വിജയ് ദേവരകൊണ്ടയും പറഞ്ഞിട്ടുണ്ട്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ കിംഗിനെക്കുറിച്ചും ഷാരൂഖ് സംസാരിച്ചു. ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ സുഹാന ഖാനും അഭിഷേക് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തും.
"ഈ ചിത്രത്തേക്കുറിച്ച് കൂടുതൽ പറയാൻ നിർവാഹമില്ല. എങ്കിലും ഏവരേയും രസിപ്പിക്കുന്ന ചിത്രമായിരിക്കും അതെന്ന് നിസംശയം പറയാം. മുമ്പൊക്കെ എന്റെ സിനിമകൾക്ക് നല്ല പേരുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് സിനിമയ്ക്ക് നല്ലൊരു ടൈറ്റിൽ കിട്ടാൻ പ്രയാസപ്പെടുകയാണ്." ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.