അശോകൻ ചരുവിലിന്റെ കുറിപ്പ്
ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ.
(ശുചീകരണവേലക്ക് സവർണ്ണ ജാതിക്കാർക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.)
“നമ്പൂതിരിയെ മനുഷ്യനാക്കണം” എന്ന ഇ.എം.എസിന്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്.
advertisement
സുധീഷ് രാഘവന്റെ കുറിപ്പ്
നല്ലത്. ബ്രാഹ്മണ കുലത്തിൽ ജനിച്ചവൻ മറ്റെല്ലാവർക്കും വേണ്ടി അവിടെ നിന്നാർജ്ജിച്ച പാചക വിജ്ഞാനം എല്ലാ മനുഷ്യർക്കുമായി പ്രയോഗിക്കുന്നുണ്ടല്ലോ. നവോത്ഥാനം ജാതിയിൽ തളച്ചിട്ട തൊഴിൽ വിഭജനത്തെ തകർത്തു. അങ്ങനെ ഒരു വ്യാഖ്യാനം വളരെ പൊസിറ്റീവ് ആണ്. പക്ഷേ പൊതുബോധം പഴയിടത്തെ കാണുന്നത് ബ്രാഹ്മണ കള്ളിയിലാണ് ‘ അദ്ദേഹത്തിൻ്റെ പാചകം വിശിഷ്ടമാകുന്നതും അതുകൊണ്ടാണ്. അയാളും അതിനെ അങ്ങനെ കാണുന്നു. മാധ്യമങ്ങളും ഘോഷിക്കുന്നത് ആ തരത്തിലാണ്. അതിനെ മറികടക്കാൻ അശോകൻ ചരുവിലിൻ്റെ വ്യാഖ്യാനം കൊണ്ട് കഴിയില്ല. ആ നമ്പൂതിരി പാചകപ്രവൃത്തിയിലും ജീവിതത്തിലും ജാതിയെ മറികടന്നോ? ജാതി ഇല്ലാത്തവനായൊ? അതാണല്ലോ നവോത്ഥാന ലക്ഷ്യം. മനുഷ്യനാകുക എന്ന ലക്ഷ്യം. അങ്ങനെ പാചകം അഭിരുചിയായ ജാതിക്ക് പുറത്തായ നമ്പൂതിരിയിൽ പുറത്തു കടന്ന ആ മനുഷ്യന് മറ്റു പാചകങ്ങളിലും അഭിരുചിയുണ്ടാകാം. രുചികരമായ പാചക വൈവിധ്യമാകാം ‘ . ബീഫും മീനും ഒക്കെ രുചികരമായി വയ്ക്കാം.
നവോത്ഥാന സൃഷ്ടിയായ മനുഷ്യനാകാം
ഇവിടെ ദുരന്തം
മനുഷ്യനായി മാറാത്ത നമ്പൂതിരിയെ നവോത്ഥാന സൃഷ്ടിയായി കാണുന്ന പുരോഗമന കമ്യൂണിസ്റ്റ് അശോകൻ ചരുവിലിന്റെ മൈൻഡ് സെറ്റ് ആണ്
ഇൻഫോ ക്ലിനിക് സഹസ്ഥാപകനും വ്ലോഗറുമായ ജിനേഷ് പി എസിന്റെ കുറിപ്പ്
കലോത്സവ, കായികോത്സവ പരിപാടികളിൽ ഒക്കെ വിളമ്പേണ്ടത് നോർമൽ ഭക്ഷണമാണ്.
മനുഷ്യരുടെ സ്വാഭാവിക ഭക്ഷണം എന്നത് വെജിറ്റേറിയൻ അല്ല. നോൺ വെജ് ഉൾപ്പെട്ടതാണ് സ്വാഭാവിക ഭക്ഷണം.
സർക്കാർ നടത്തുന്ന പൊതു പരിപാടികളിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത് അശ്ലീലമാണ്. വെജിറ്റേറിയൻ ഭക്ഷണമാണ് ശുദ്ധം എന്നൊക്കെ ചിലരെങ്കിലും പറയുന്നത് ബ്രാഹ്മണ്യ വാദമാണ്. ഒരു സെക്കുലർ സ്റ്റേറ്റിലെ, സെക്കുലർ വേദിയിൽ ഇങ്ങനെയൊരു വാദത്തിന് പ്രസക്തിയേ ഇല്ല.
കുരുമുളകിട്ട് മൊരിച്ച മത്തി/അയല ഫ്രൈ, ഒരു ലേശം ബീഫ് കറി, അല്ലെങ്കിൽ പോർക്കോ, ചിക്കനോ ഒക്കെ ഉൾപ്പെടുത്തി ഒരു ഊണ് കഴിച്ചാലുള്ള സുഖം… അവിടെയാണ് വെജിറ്റേറിയൻ സദ്യ വിളമ്പുന്നത്! രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല.
പിന്നെ നോൺവെജ് കഴിക്കാത്തവർ കഴിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അവർക്ക് മെനുവിലെ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാമല്ലോ.
നമുക്ക് വേണ്ടത് വെജിറ്റേറിയൻ ഭക്ഷണം ആണ് ശുദ്ധം എന്ന ബ്രാഹ്മണ്യ വാദമല്ല. വേണ്ടത് മനുഷ്യരുടെ സ്വാഭാവിക ഭക്ഷണമാണ്.
മാധ്യമപ്രവർത്തകനായ അരുണ്‍കുമാറിന്റെ കുറിപ്പ്
ജാതി പ്രവർത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിത വെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.