കുറച്ചുകാലം മുമ്പ് വരെ പ്രതിവര്‍ഷം 70 ലക്ഷം രൂപ വരുമാനം എന്നത് സ്വപ്‌നതുല്യമായ കാര്യമായിരുന്നു. ഇന്ന് ഇന്ത്യയില്‍ ഈ വരുമാന ഗ്രൂപ്പുകളിലുള്ളവരെ മധ്യവര്‍ഗം ആയി കണക്കാക്കുമോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. രാഹുല്‍ ജെയിന്‍ ഹോസ്റ്റ് ചെയ്ത ഒരു പോഡ്കാസ്റ്റ് ആണ് ഇത്തരമൊരു ചോദ്യം ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. രാധിക ഗുപ്ത ഒരു വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ്.
മധ്യവര്‍ഗം എന്ന വിളി ഇഷ്ടപ്പെടുന്നവരാണ് നമ്മളെന്നും എന്നാല്‍ നമ്മളില്‍ പലരും ഇപ്പോള്‍ മധ്യവര്‍ഗമല്ലെന്നും രാധിക ഗുപ്ത പറയുന്നു. 70 ലക്ഷം രൂപ വാര്‍ഷിക വരുമാനമുളളവരെ സാങ്കേതികമായി മധ്യവര്‍ഗം എന്നുവിളിക്കാന്‍ കഴിയില്ലെന്നും ഇവര്‍ ഉയര്‍ന്ന വിഭാഗക്കാരാണെന്നും രാധിക ഗുപ്ത വിശദമാക്കി. എന്നാല്‍ പലപ്പോഴും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ആളുകള്‍ മടിക്കുന്നുവെന്നും അവര്‍ പറയുന്നു.
advertisement
ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നിരവധി പ്രൊഫഷണലുകള്‍ കഷ്ടിച്ച് പിടിച്ചുനില്‍ക്കുന്നതായാണ് കരുതുന്നത്. വര്‍ദ്ധിച്ചുവരുന്ന വാടക, ജീവിതചെലവ്, ആളുകള്‍ എന്ത് കരുതുമെന്ന നിരന്തരമായ സമ്മര്‍ദ്ദം എന്നിവ ഏഴക്ക ശമ്പളം പോലും അപര്യാപ്തമാണെന്ന് തോന്നാന്‍ കാരണമാകുന്നു. 'ഐഡന്റിന്റി ഹാംഗ്ഓവര്‍' എന്നാണ് രാധിക ഗുപ്ത ഇതിനെ വിളിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാര്‍ ഇപ്പോഴും സ്വയം മധ്യവര്‍ഗമായി വെളിപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു.
"നമ്മളെല്ലാവരും മധ്യവര്‍ഗ വേരുകളില്‍ നിന്നാണ് വരുന്നത്. നമുക്കെല്ലാം മധ്യവര്‍ഗ സൈക്കോസിസും മധ്യവര്‍ഗ ചിന്തകളുമാണുള്ളത്. താഴ്ന്ന വരുമാനക്കാരയ മുതുമുത്തശ്ശിമാര്‍ നമുക്കുണ്ടായിരുന്നു. ആ വാക്ക് നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ നമ്മളില്‍ മിക്കവരും മധ്യവര്‍ഗമല്ല", രാധിക ഗുപ്ത പറയുന്നു.
യഥാര്‍ത്ഥ മധ്യവര്‍ഗ വരുമാനം 70 ലക്ഷം രൂപയല്ലെന്നും പ്രതിവര്‍ഷം 5-8 ലക്ഷം രൂപ വരുമാനമുള്ളവരാണ് മധ്യവര്‍ഗമെന്നും അവര്‍ പറയുന്നു. രാജ്യത്ത് 140 കോടി ആളുകളുള്ളപ്പോള്‍ എല്ലാവര്‍ക്കും ഒരൊറ്റ ലേബല്‍ പ്രയോഗിക്കുന്നത് അര്‍ത്ഥശൂന്യമാണ് എന്ന് അവര്‍ വാദിക്കുന്നു. ഏകദേശം 10 കോടി ആളുകള്‍ പ്രതിവര്‍ഷം 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. അതേസമയം 100 കോടിയിലധികം 1.7 ലക്ഷം രൂപയില്‍ താഴെ സമ്പാദിക്കുന്നവരാണ്.
സോഷ്യല്‍ മീഡിയ ഈ പ്രതിസന്ധി വഷളാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എല്ലാം ചെയ്യാന്‍ മത്സരിക്കുകയാണ്. അപ്പോള്‍ വരുമാനം മതിയാകാതെ വരുന്നു. സമ്പാദ്യവും ചെലവും തമ്മില്‍ എല്ലാകാലത്തും ഒരു പൊരുത്തമില്ലായ്മ ഉണ്ടാകാറുണ്ട്. ഇന്ന് അത് അധികമാണ്. സോഷ്യൽ മീഡിയ കാരണം 70 ലക്ഷം വരുമാനം കടലാസില്‍ ഉയര്‍ന്ന വരുമാനമാകുകയും ഇത് മതിയാകില്ലെന്ന തോന്നല്‍ ഒരു കൂട്ടം ആളുകള്‍ക്ക് ഉണ്ടാകുകയും ചെയ്യുന്നുവെന്ന് അവര്‍ വിശദമാക്കി.