നൃത്തവും സംഗീതവും വ്യത്യസ്തവും വിഭവസമൃദ്ധവുമായ സല്‍ക്കാരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളും ഒരുക്കികൊണ്ട് വിവാഹ ദിവസം അവിസ്മരണീയമാക്കാന്‍ കുടുംബാംഗങ്ങള്‍ പരമാവധി ശ്രമിക്കും. ഒരു വിവാഹത്തെ സ്‌പെഷ്യലാക്കാന്‍ മാസങ്ങള്‍ നീണ്ട ആലോചനകളാണ് നടക്കുന്നത്. ചിലപ്പോള്‍ വിവാഹ ദിവസം നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ശ്രദ്ധയാകര്‍ഷിക്കും.
ഡല്‍ഹിയില്‍ ഒരു വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഡിജെ തെരഞ്ഞെടുത്ത ഒരു ഗാനം വിവാഹ ആഘോഷങ്ങളെ കീഴ്‌മേല്‍ മറിച്ചു.
രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഏ ദില്‍ ഹേ മുഷ്‌കില്‍' എന്ന ചിത്രത്തിലെ വൈകാരിക ഗാനമായ 'ഛന്നാ മേരേയാ' പ്ലേ ചെയ്തതാണ് വിവാഹ ദിവസം വിനയായത്. ഈ പാട്ട് കേട്ടതോടെ വരന് തന്റെ പൂര്‍വ്വകാമുകിയെ ഓര്‍മ്മ വന്നു. ഇതോടെ വരന്‍ വിവാഹം വേണ്ടെന്നുവെച്ച് വധുവിനെ കൂടാതെ വീട്ടിലേക്ക് മടങ്ങി.
advertisement
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം വൈറലായത്. 'ഛന്ന മേരേയാ' എന്ന പാട്ട് കേട്ടതോടെ വരന്‍ വികാരഭരിതനായി പഴയ ഓര്‍മ്മകളിലേക്ക് പോയെന്നും വിവാഹം ഉപേക്ഷിച്ച് തിരികെ പോയെന്നും പോസ്റ്റില്‍ പറയുന്നു. വളരെയധികം ശ്രദ്ധനേടിയ ഗാനമാണ് 'ഛന്ന മേരേയ'. ദുഃഖം അനുഭവിച്ച ആളുകളെ ഈ പാട്ട് പെട്ടെന്ന് സ്പര്‍ശിക്കും.
ഗൗരവ് കുമാര്‍ ഗോയല്‍ എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് പെട്ടെന്നുതന്നെ വൈറലായി. അതേസമയം, വിവാഹ സ്ഥലവും സമയവും സംബന്ധിച്ച കാര്യങ്ങള്‍ ഇതിലില്ല. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ഇതിനുതാഴെ പ്രതികരണങ്ങളുമായെത്തിയത്.
വിവാഹത്തിന് മുമ്പ് വരന്റെ യഥാര്‍ത്ഥ വികാരം പുറത്തുകൊണ്ടുവന്നതിന് പലരും ഡിജെയോട് നന്ദി പറഞ്ഞു. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കുന്നതിനേക്കാള്‍ അത് മുന്‍കൂട്ടി മനസ്സിലാക്കുന്നതാണ് നല്ലതെന്ന് മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ വരന്‍ സ്വയം രണ്‍ബീര്‍ കപൂറായി തെറ്റിദ്ധരിച്ചതാണോ എന്ന് മറ്റൊരാള്‍ പരിഹസിച്ചു. ലക്ഷകണക്കിന് ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് പോസ്റ്റിന് താഴെ വന്നത്.