ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും തനിക്കും തന്റെ കുടുംബത്തിനും മനസ്സിലാക്കി തന്നതില്‍ ഇന്ത്യക്കാരനായ തന്റെ അച്ഛന് വലിയ പങ്കുണ്ടെന്ന് അവര്‍ പറഞ്ഞു. ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ഉത്സവങ്ങളെക്കുറിച്ചും തന്നെയും തന്റെ കുടുംബത്തെയും പഠിപ്പിക്കുകയും തങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വേരുകള്‍ നിലനിര്‍ത്താൻ പിതാവിന്റെ ശ്രമിച്ചതായും അവര്‍ സന്ദേശത്തില്‍ അനുസ്മരിച്ചു.
'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ആശംസകള്‍. ഇന്ന് വൈറ്റ് ഹൗസിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ഊഷ്മളമായ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അതുല്യമായ അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഈ ദിവസം ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കുടിയേറിയ എന്റെ പിതാവിനെ ഞാന്‍ അനുസ്മരിക്കുന്നു. അദ്ദേഹം ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ഉത്സവങ്ങളെക്കുറിച്ചും ഞങ്ങളെ പഠിപ്പിച്ചുകൊണ്ട് തന്റെ സാംസ്‌കാരിക വേരുകള്‍ സൂക്ഷിക്കുകയും പങ്കിടുകയും ചെയ്തിരുന്നു,' സുനിത പറഞ്ഞു.
advertisement
പ്രത്യാശയുടെയും നവീകരണത്തിന്റെയും സന്ദേശമാണ് ദീപാവലി പങ്കിടുന്നതെന്ന് അവര്‍ പറഞ്ഞു. 'ദീപാവലി സന്തോഷം പങ്കിടുന്ന ഉത്സവമാണ്. ഇന്ന് ഇന്ത്യന്‍ സമൂഹത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനും ഇന്ത്യക്കാരുടെ സംഭാവനകളെ അംഗീകരിച്ചതിനും പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും നന്ദി അറിയിക്കുന്നു,' അവര്‍ പറഞ്ഞു.
വൈറ്റ് ഹൗസില്‍ പ്രത്യേക ദീപാവലി ആഘോഷം നടക്കുന്ന സമയത്താണ് സുനിത വില്യംസ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 600ല്‍ പരം പ്രമുഖ്യ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു.
'പ്രസിഡന്റ് എന്ന നിലയില്‍ വൈറ്റ് ഹൗസിലെ എക്കാലത്തെയും വലിയ ദീപാവലി ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു കാര്യമാണ്. സൗത്ത് ഏഷ്യന്‍ അമേരിക്കക്കാര്‍ എന്റെ സ്റ്റാഫില്‍ സുപ്രധാന പദവികള്‍ വഹിക്കുന്നുണ്ട്,' വൈറ്റ് ഹൗസിലെ തന്റെ അവസാന ദീപാവലി ആഘോഷത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.