ഛാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ധാമിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് നട അടയ്ക്കുന്നതിന് മുമ്പായി ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ എത്താറുണ്ട്. ക്ഷേത്രദർശനം നടത്തുന്ന നടന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ ആഴ്ചയാണ് രജനികാന്ത് ഹിമാലയത്തിൽ തന്റെ ആത്മീയ യാത്ര ആരംഭിച്ചത്. അദ്ദേഹം ഋഷികേശിലെ ആശ്രമത്തിൽ താമസിക്കുകയും തുടർന്ന് കർണ്ണപ്രയാഗിലേക്ക് പോകുകയും ചെയ്തു. യാത്രാമധ്യേ, പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു റോഡരികിലെ കടയിൽ നിന്ന് അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു. മുണ്ട് മടക്കിക്കുത്തി അദ്ദേഹം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഒരാഴ്ച നീണ്ട യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് ബദരീനാഥ് ക്ഷേത്രം സന്ദർശിച്ചത്.
advertisement
ക്ഷേത്രസമിതിയുടെ അറിയിപ്പ് പ്രകാരം, ബദരീനാഥ് ധാമിന്റെ നട ശൈത്യകാലത്തിനായി നവംബർ 25ന് ഉച്ചകഴിഞ്ഞ് 2.56ന് അടയ്ക്കും. ഈ വാർഷിക അടച്ചിടലോടെ തീർത്ഥാടന കാലത്തിന് അവസാനമാകും. വസന്തകാലത്താണ് ക്ഷേത്രം വീണ്ടും തുറക്കുക. ഈ വർഷം, സമീപത്തുള്ള കേദാർനാഥ് ധാമിലെ നട ഒക്ടോബർ 23-ന് ശൈത്യകാലത്തിനായി അടയ്ക്കും. മഞ്ഞുവീഴ്ചയും കഠിനമായ കാലാവസ്ഥയും കാരണം പ്രവേശനം നിയന്ത്രിക്കുന്നതിന് മുമ്പായി പ്രാർത്ഥനകൾ അർപ്പിക്കാൻ തീർത്ഥാടകർ ഈ സമയത്ത് എത്താറുണ്ട്.
രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത് 'ജയിലർ 2'ലാണ്. മുൻ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഈ രണ്ടാം ഭാഗത്തിനായി അദ്ദേഹം സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി വീണ്ടും ഒന്നിക്കുകയാണ്. 2023-ൽ പുറത്തിറങ്ങിയ 'ജയിലറി'ലെ പ്രധാന അഭിനേതാക്കളെ രണ്ടാംഭാഗത്തിലും നിലനിർത്തിയിട്ടുണ്ട്, കൂടാതെ നന്ദമുരി ബാലകൃഷ്ണ, എസ് ജെ സൂര്യ, ഫഹദ് ഫാസിൽ എന്നിവരും പുതുതായി അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്, രജനികാന്ത് ചിത്രത്തിന്റെ ഒരു പ്രധാന ഷെഡ്യൂൾ കേരളത്തിൽ പൂർത്തിയാക്കിയിരുന്നു.