അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും യാത്രക്കാരൻ പറയുന്നുണ്ട്. കൂടാതെ സഹയാത്രികൻ ഇയാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതു തടയാനും ടിടിഇ ശ്രമിച്ചു. എന്തിനാണ് യാത്രക്കാരനെ മർദ്ദിക്കുന്നതെന്നും സഹയാത്രികൻ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ അദ്ദേഹത്തോടും ഉദ്യോഗസ്ഥൻ കയർത്തു. സംഭവത്തിൽ ഉദ്യോഗസ്ഥൻ പ്രകോപനത്തോടെ പെരുമാറിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. എങ്കിലും ടിക്കറ്റിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായതെന്നാണ് വിവരം.
ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചതോടെ വിഷയം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകളും രംഗത്തെത്തി. റെയിൽവേ മന്ത്രിയോട് കർശന നടപടി സ്വീകരിക്കണമെന്ന് നിരവധി ആളുകൾ ആവശ്യപ്പെട്ടിരുന്നു.
" ഒരു യാത്രക്കാരൻ ടിക്കറ്റില്ലാതെ ആണ് യാത്ര ചെയ്യുന്നതെങ്കിൽ പോലും, ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളെ ഇത്തരത്തിൽ മർദ്ദിക്കുന്നത് ശരിയല്ല, അയാളെ നിയമപ്രകാരം റെയിൽവേ പോലീസിന് കൈമാറണമായിരുന്നു. അതിനാൽ ഈ സംഭവം അന്വേഷിക്കുകയും ഈ ടിടിഇക്കെതിരെ ഉടനടി ആവശ്യമായ നടപടി സ്വീകരിക്കണം " എന്നും എക്സിലുടെ ഒരു ഉപഭോക്താവ് കുറിച്ചു. "അയാളെ ടിടിഇ പോസ്റ്റിൽ നിന്ന് നീക്കം ചെയ്യുക. ഈ വീഡിയോ വളരെ വേദനിപ്പിക്കുന്നതാണ്. അക്രമം ഒരിക്കലും വാഴിക്കരുത്" എന്ന് മറ്റൊരാളും പറഞ്ഞു.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ടിടിഇയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുകയായിരുന്നു. ഇത്തരം മോശം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ടിടിഇയെ സസ്പെൻഡ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. നോർത്ത് ഈസ്റ്റേൺ റെയിൽവേയും ഇക്കാര്യം സ്ഥിരീകരിച്ചു.