ചിത്രീകരണത്തിനിടെയുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് ഋഷഭ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ: "നീരുവെച്ച കാലും തളർന്ന ശരീരവുമായിരുന്നു ക്ലൈമാക്സ് ചിത്രീകരണ സമയത്ത്. എന്നാൽ ഇന്ന്, ആ ക്ലൈമാക്സ് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പ്രശംസ നേടുകയും ചെയ്യുന്നു. ഞങ്ങൾ വിശ്വസിക്കുന്ന ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. പിന്തുണച്ച എല്ലാവർക്കും നന്ദി."
ശാരീരിക വെല്ലുവിളികൾക്കപ്പുറം, സിനിമയുടെ തിരക്കഥാ രചനയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഋഷഭ് മനസ്സ് തുറന്നു. പ്രീക്വലിന്റെ തിരക്കഥയ്ക്ക് അന്തിമരൂപം നൽകാൻ ഏകദേശം 15-16 ഡ്രാഫ്റ്റുകളിലൂടെ കടന്നുപോകേണ്ടി വന്നു. "ആദ്യ ഭാഗമായ കാന്താരയ്ക്ക് വേണ്ടി 3-4 മാസം കൊണ്ട് 3-4 ഡ്രാഫ്റ്റുകൾ മാത്രമാണ് എഴുതിയത്. എന്നാൽ, പുതിയ ഭാഗത്തിനായി ഞങ്ങൾ ശിവയുടെ അച്ഛന്റെ കഥയിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് ഈ പശ്ചാത്തല കഥ ഒരു ഐതിഹ്യമെന്നതിലുപരി ഒരു തുടക്കമായി പരിഗണിക്കാൻ തീരുമാനിച്ചു. അതൊരു ചെറിയ ഭാഗമായി ഒതുങ്ങില്ലെന്നും പൂർണ്ണമായ ഒരു തിരക്കഥയായി വളരേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞു," ഋഷഭ് പറഞ്ഞു.
നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'കാന്താര: ചാപ്റ്റർ 1' ഇതിനോടകം ആഗോളതലത്തിൽ 600 കോടിയിലധികം കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളികളുടെ പ്രിയതാരം ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.