ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ജനപ്രീതി നമുക്ക് അറിയാവുന്നതാണ്. പാക്കിസ്ഥാനും സ്വന്തമായി ലീഗ് ക്രിക്കറ്റ് മത്സര വിഭാഗമുണ്ട്, പിഎസ്എല്‍ (പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്) എന്നാണ് അത് അറിയപ്പെടുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സര വേദിയില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്രിക്കറ്റിനോടുള്ള കാണികളുടെ ആവേശത്തിന്റെ അടയാളമാണ് ഈ വീഡിയോ. പാക്കിസ്ഥാനില്‍ ക്രിക്കറ്റിന്റെ അമിതാവേശം എത്രത്തോളം ആഴത്തിലുള്ളതാണെന്നും ഈ വീഡിയോ എടുത്തുകാണിക്കുന്നു.
ഒരു സ്‌കൂള്‍ അധ്യാപിക പിഎസ്എല്‍ മത്സരം കാണുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നതാണ് വീഡിയോയിലുള്ളത്. ഉത്തരക്കടലാസ് നോക്കികൊണ്ട് കളി ആസ്വദിക്കുന്ന അധ്യാപികയുടെ ദൃശ്യം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. താന്‍ ക്യാമറയില്‍ കുടുങ്ങിയെന്ന് മനസ്സിലാക്കുന്ന അധ്യാപിക ഒരു ചിരിയോടെ പേപ്പറുകള്‍ മറയ്ക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
എന്നാല്‍, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ മുന്‍ഗണനകളെക്കുറിച്ചുള്ള ആശങ്കയും ഈ വീഡിയോ ഉയര്‍ത്തുന്നുണ്ട്. ഒരു രാജ്യത്തിന്റെ ഭാവി അവിടുത്തെ കുട്ടികളുടെ കൈകളിലാണ്. ഗുണനിലവാരമുള്ള അധ്യാപനത്തിലൂടെയും മൂല്യങ്ങളിലൂടെയും അവരെ വാര്‍ത്തെടുക്കേണ്ടത് അധ്യാപകരുടെ കടമയാണ്. എന്നാല്‍, പിഎസ്എല്‍ വേദിയില്‍ ഉത്തരക്കടലാസ് പരിശോധിക്കുന്ന അധ്യാപികയുടെ വീഡിയോ ഇക്കാര്യത്തില്‍ അല്പം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ഐപിഎല്‍ ട്രെന്‍ഡ് പിന്തുടര്‍ന്നാണ് 2015-ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടി20 ലീഗ് ആരംഭിച്ചത്. എന്നാല്‍ പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പോലും ലീഗിനെ വിമര്‍ശിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. അത്തരമൊരു പിഎസ്എല്‍ മത്സരത്തിനിടെ സ്‌കൂള്‍ അധ്യാപിക കളി ആസ്വദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് നോക്കുകയായിരുന്നു. ക്യാമറ സൂം ചെയ്ത് ഈ ദൃശ്യങ്ങള്‍ സ്ക്രീനിൽ കണ്ടപ്പോള്‍ അധ്യാപികയുടെ അടുത്തിരുന്ന കാഴ്ചക്കാരന്‍ അവരെ വിളിച്ച് ഇത് ശ്രദ്ധയില്‍പ്പെടുത്തി. പെട്ടെന്ന് അധ്യാപിക നോട്ട്ബുക്ക് അടച്ചുവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏപ്രില്‍ 21-ന് നടന്ന പിഎസ്എല്‍ മത്സരത്തില്‍ കറാച്ചി കിങ്‌സ് പെഷവാര്‍ സാല്‍മിയെ നേരിട്ടു. പെഷവാര്‍ എട്ട് വിക്കറ്റിന് 147 റണ്‍സ് നേടി. ക്യാപ്റ്റന്‍ ബാബര്‍ അസം 41 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. 19.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കറാച്ചി ലക്ഷ്യത്തിലേക്ക് കുതിച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 47 പന്തില്‍ 8 ഫോറുകള്‍ അടക്കം 60 റണ്‍സ് നേടിയതോടെ അവര്‍ രണ്ട് വിക്കറ്റിന് വിജയം കുറിച്ചു.
നേരത്തെ പിഎസ്എല്‍ മത്സരത്തിനിടെ ഐപിഎല്‍ മത്സരം കാണുന്ന ഒരു കാണിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. പിഎസ്എല്ലിനിടെ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങാണ് ആരാധകന്‍ കണ്ടത്.