അടുത്തിടെ ജ്യോത്സന ഗുപ്ത എന്ന ടെക് പ്രൊഫഷണല്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച ഒരു വൈകാരിക പോസ്റ്റ് വളരെയധികം ശ്രദ്ധ നേടി. ഉത്സവസീസണില്‍ ജോലി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന കഠിനമായ സാഹചര്യത്തെക്കുറിച്ച് അവര്‍ പോസ്റ്റിൽ തുറന്ന് പറഞ്ഞു. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ പലരും തങ്ങളുടെ അനുഭവങ്ങളും അവരുടെ പോസ്റ്റിന് താഴെ കമന്റായി പങ്കുവെച്ചു. ''നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പിരിച്ചുവിടലുകളാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്,'' അവര്‍ പറഞ്ഞു.
ഉത്സവകാലത്തെ സന്തോഷം ഭയമായി മാറുമ്പോള്‍
advertisement
ഉത്സവങ്ങള്‍ക്കോ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കോ തൊട്ടുമുമ്പ് ജോലി നഷ്ടപ്പെടുന്നത് എത്രത്തോളം വേദനാജനകമാണെന്ന് ഗുപത തന്റെ പോസ്റ്റിലൂടെ വിവരിച്ചു. ''ഉത്സവസീസണിന് തൊട്ടു മുമ്പ് ആളുകള്‍ വിഷമിക്കുന്നതിന് പകരം ആഘോഷിക്കണം. വിവാഹത്തിന് ഒരു മാസം മുമ്പ് ജോലി നഷ്ടപ്പെട്ട ആളുകളെ എനിക്കറിയാം,'' അവര്‍ പറഞ്ഞു.
''പുതുവത്സരം ആഘോഷിക്കാന്‍ കഴിയാതെ പോയ ആളുകളെ എനിക്കറിയാം. എല്ലാറ്റിലുമുപരിയായി ഏറ്റവും കഠിനവും ക്രൂരവുമായ സമയമാണിത്,'' അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പിരിച്ചുവിടലുകള്‍ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല ബാധിക്കുകയെന്ന് അവര്‍ പറഞ്ഞു. ''ഇത് ഒരാളുടെ വികാരങ്ങളെയും ആത്മവിശ്വാസത്തെയും മനോധൈര്യത്തെയും മുറിവേല്‍പ്പിക്കുന്നു, പ്രത്യേകിച്ച് ഉത്സവസമയങ്ങളില്‍,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള പിരിച്ചുവിടലുകള്‍ നേരത്തെ തയ്യാറാക്കിവെച്ച പദ്ധതികള്‍ ആകെ തകര്‍ക്കുമെന്നും ആത്മവിശ്വാസം ദുര്‍ബലപ്പെടുത്തുമെന്നും ആളുകള്‍ സന്തോഷിക്കുന്നത് അവസാനിപ്പിക്കുമെന്നും ഗുപ്ത വ്യക്തമാക്കി.
വേദന പങ്കുവെച്ച് സോഷ്യല്‍ മീഡിയയും
ഒക്ടോബര്‍ 28നാണ് ഗുപ്ത ഈ പോസ്റ്റ് പങ്കുവെച്ചത്. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് കണ്ടത്. അവധിക്കാലത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വേദനകള്‍ പലരും പങ്കുവെച്ചു. 2008ല്‍ വിവാഹത്തിന് ഒരു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ദമ്പതികളെ തനിക്കറിയാമെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ''ടെക്കികളായി ജോലി ചെയ്യുന്നവരുടെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യമാണിത്. നിങ്ങള്‍ എപ്പോഴും ഏറ്റവും മോശമായ കാര്യങ്ങള്‍ക്ക് വേണ്ടി തയ്യാറായിരിക്കണം,''മറ്റൊരാള്‍ പറഞ്ഞു.
യൂറോപ്പിലേത് പോലെ കൂട്ടപ്പിരിച്ചുവിടലുകളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ നിയമമില്ലാത്തത് എന്തുകൊണ്ടാണെന്ന് മറ്റൊരാള്‍ ചോദിച്ചു.
