ഏകദേശം 25 വർഷത്തോളം ഒരു വാർത്താ ചാനലിൽ ന്യൂസ് പ്രൊഡ്യൂസറായി ജോലി ചെയ്തുവരികയായിരുന്നു ജെന്നിഫർ ഒലിവ. അവരുടെ കമ്പനി റിട്ടേൺ-ടു-ഓഫീസ് നയം പ്രഖ്യാപിച്ചതോടെ ഓഫീസിൽ വന്നിരുന്ന് തന്റെ ജോലികൾ ചെയ്യാൻ ജെന്നിഫർ പരമാവധി ശ്രമിച്ചു. എന്നാൽ ഇത് തനിക്ക് അനുയോജ്യമല്ല എന്ന് തിരിച്ചറിഞ്ഞതോടെ അവർ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
"ന്യൂയോർക്ക് സിറ്റിയിലും വാഷിംഗ്ടൺ ഡിസിയിലും ഒരു നെറ്റ്‌വർക്ക് ടെലിവിഷൻ പ്രൊഡ്യൂസറായി ഞാൻ ഏകദേശം 25 വർഷത്തോളം ജോലി ചെയ്തു. എനിക്ക് എൻ്റെ ജോലി ഇഷ്ടമായിരുന്നു, പലപ്പോഴും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ജോലി ആയിരുന്നെങ്കിലും അത് വളരെ ആവേശകരമായിരുന്നു," ജെന്നിഫർ ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ദിവസവും ഏകദേശം രണ്ടര മണിക്കൂർ യാത്ര ചെയ്താണ് ഓഫീസിൽ എത്തിയിരുന്നതെന്നും എന്നാൽ വർഷങ്ങളായി പിന്തുടർന്നതിനാൽ ഇത് തൻ്റെ ദിനചര്യയുടെ ഭാഗമായി മാറിയിരുന്നതായും അവർ വെളിപ്പെടുത്തി.
advertisement
"ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നായിരുന്നു പോയിരുന്നത്. 50 മിനിറ്റ് ട്രെയിനിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. രാവിലെ 7.30 ന് വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകുന്നേരം 7.30 ഓടെയാണ് വീട്ടിലെത്തുക. അതോടൊപ്പം രാവിലെ, ഞാൻ ട്രെയിനിൽ ഇരുന്ന് ജോലി ചെയ്യുമായിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴും എൻ്റെ ഫോണിൽ ടിവി ഷോകൾ കാണും. ആ ഒന്നര മണിക്കൂർ എന്റെ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനോ വീട്ടുജോലികൾ ചെയ്യാനോ എനിക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്" അവർ പറഞ്ഞു.
അതിനിടയിലാണ് കോവിഡിനെ തുടർന്ന് കമ്പനി ജെന്നിഫറിന് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയത്. അത് അവർക്ക് തന്റെ കുട്ടികൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള ഒരു അവസരമായി മാറി." ആ സമയം എന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും കൂടുതൽ സന്തോഷവതിയാണെന്നും തോന്നിത്തുടങ്ങി. ഓഫീസിലേക്കുള്ള യാത്ര ഒഴിവായതിനാൽ എനിക്ക് എൻ്റെ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവർക്ക് അത്താഴവും ഉച്ചഭക്ഷണവും ഉണ്ടാക്കാനും ഉച്ചസമയത്ത് അവരോടൊപ്പം ഇരിക്കാനും സാധിച്ചുവെന്നും ജെന്നിഫർ പറയുന്നു. എങ്കിലും തന്റെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ അവർ തീവ്രമായി പരിശ്രമിച്ചിരുന്നു.
എന്നാൽ 2021 ഓടെ ജെന്നിഫറിന്റെ കമ്പനി എല്ലാ ജീവനക്കാരോടും ഓഫീസിൽ വന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു. തുടർന്ന് തനിക്ക് ഒരു ഹൈബ്രിഡ് (ഓഫീസിലും വീട്ടിലുമായി ജോലിചെയ്യുന്ന രീതി) ഷെഡ്യൂൾ ലഭിക്കുമോ എന്ന് ജെന്നിഫർ തന്റെ ബോസിനോട് ചോദിച്ചു. വീട്ടിൽനിന്ന് തന്റെ ജോലികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും അവർ കമ്പനിക്ക് ഉറപ്പു നൽകി. എന്നാൽ കമ്പനി അത് അനുവദിച്ചില്ല. അങ്ങനെ പഴയപോലെ മണിക്കൂറുകളോളം യാത്രചെയ്ത് ഓഫീസിൽ വന്ന് ജോലി ചെയ്യാൻ അവർ നിർബന്ധിതയായി. തന്റെ പരമാവധി ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ജെന്നിഫൻ ശ്രമിച്ചെങ്കിലും അത് തുടരാൻ സാധിക്കില്ലെന്ന് ഒടുവിൽ ബോധ്യമായി.
അങ്ങനെ 2021 ഡിസംബറോടെ ജെന്നിഫൻ തന്റെ ജോലി രാജിവെക്കുകയും ചെയ്തു. പിന്നീട് അവർ സ്വന്തമായി ഒരു ബിസിനസ്സും ആരംഭിച്ചു. " എനിക്ക് ഇനിയൊരിക്കലും ഓഫീസിലോ മറ്റൊരാൾക്ക് വേണ്ടിയോ ജോലി ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. ഇത് എന്നെ അനുയോജ്യമായ ഒരു പുതിയ തൊഴിൽ കണ്ടെത്തുന്നതിലേക്ക് നയിച്ചു. അത് ഇപ്പോൾ എന്നെ ഒരു സംരംഭകയാക്കി മാറ്റി. ഞാൻ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്തതിനേക്കാൾ കൂടുതൽ ഇന്ന് സമ്പാദിക്കുന്നുണ്ട് " ജെന്നിഫൻ കൂട്ടിച്ചേർത്തു