ഇപ്പോഴിതാ തനിക്കേറ്റവും സന്തോഷം നൽകുന്ന സ്ഥലം ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സുഹാന. അത് ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്’ ആണോ എന്ന് സ്വാഭാവികമായും ആരാധകർ സംശയിച്ചേക്കാം. എന്നാൽ, പൂക്കളും പുസ്തകങ്ങളും അത് വായിക്കാൻ അനുയോജ്യമായ സ്ഥലവും ഉള്ളിടമാണ് തനിക്കേറ്റവും സന്തോഷം നൽകുന്ന സ്ഥലമെന്നാണ് സുഹാന വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ അത്തരമൊരു സ്ഥലത്തിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സുഹാന അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രം ‘ആർച്ചീസി’ൽ ബോണി കപൂറിന്റെ ഇളയ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, മിഹിർ അഹൂജ, യുവരാജ് മെൻഡ, വേദാംഗ് റെയ്ന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സോയ അക്തർ ഇൻസ്റ്റഗ്രാമിൽ ഇവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ലോക പ്രശസ്തമായ ആർച്ചീ കോമിക്സിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് സോയ അക്തർ ഒരുക്കിയിരിക്കുന്നത്. ആർച്ചീസ് ഈ വർഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഇൻസ്റ്റഗ്രാമിൽ സുഹാനയ്ക്ക് 3.8 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഒരു മേക്കപ്പ് ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന വേളയിലെത്തിയ സുഹാനയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അമ്മ ഗൗരി ഖാനും സഹോദരൻ ആര്യൻ ഖാനുമൊപ്പമാണ് സുഹാന എത്തിയത്.
സുഹാനയുടെ പിറന്നാൾ ദിനത്തിൽ ആശംസ പങ്കുവച്ചതിന് പിന്നാലെ വിവാഹ അഭ്യർത്ഥനയുമായി ഒരു യുവാവ് രംഗത്തെത്തിയിരുന്നു. തനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനമുണ്ടെന്നും സുഹാനയെ വിവാഹം ചെയ്ത് തരണമെന്നുമായിരുന്നു ആരാധകന്റെ അഭ്യർത്ഥന. സുഹാനയുടെ പിറന്നാൾ ദിനത്തിൽ അമ്മ ഖൗരി ഖാനിട്ട പോസ്റ്റിനു താഴെയായിരുന്നു ഇയാളുടെ കമന്റ്. എന്നാൽ, ഇതിനു താഴെ മറുപടിയായി നിരവധി ട്രോളുകളും എത്തി. ആ ഫോട്ടോയിൽ സുഹാനയുടെ കൈയിലുള്ള ബാഗിന് മാത്രം ആരാധകന്റെ മാസവരുമാനത്തെക്കാൾ വിലയുണ്ടെന്നായിരുന്നു ചിലർ കുറിച്ചത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് ഉടമ കൂടിയാണ് ഷാരൂഖ് ഖാൻ. സുഹാനയും സഹോദരൻ ആര്യൻ ഖാനും ഐപിഎൽ താര ലേലത്തിന് എത്തിയ ചിത്രങ്ങളും മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലേലത്തിൽ കെകെആറിനെ പ്രതിനിധീകരിച്ച് എത്തിയത് ആര്യനും സുഹനയുമാണ്. ഇവരോടൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേർസ് സഹ ഉടമ ജൂഹി ചൗളയുടെ മകൾ ജാൻവിയും ഉണ്ടായിരുന്നു. മക്കൾ ലേലത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം ജൂഹി ചൗള തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കെകെആറിന്റെ യുവ ഉടമകൾ എന്നാണ് ആര്യനേയും സുഹാനയേയും മകൾ ജാൻവിയേയും ജൂഹി വിശേഷിപ്പിച്ചത്.
