കാർ മോഷ്ടിക്കപ്പെട്ടതിനേക്കാളും കാർട്ടറിനെ സങ്കടപ്പെടുത്തിയത് മറ്റൊരു സംഭവമായിരുന്നു. കാറിനുള്ളിൽ താൻ സൂക്ഷിച്ച അമ്മയുടെ ചിതാഭസ്മവും നഷ്ടപ്പെട്ട് പോയിരുന്നു. ഫ്ലോറിഡയിൽ തന്നെയുള്ള കാർട്ടറിന്റെ വേനൽക്കാല വസതിയിൽ നിന്നാണ് വാഹനവും ചിതാഭസ്മവുമെല്ലാം നഷ്ടമായത്. കാർട്ടറിന്റെ അമ്മയുടെ പേരായ ലോറീന ലിയനാർഡ് എന്ന് കാറിൽ എഴുതി വെച്ചിരുന്നു. 2019ലാണ് അമ്മ മരിക്കുന്നത്. കാറിൽ അമ്മയുടെ സാന്നിധ്യം ഉണ്ടെന്ന് സമാധാനിക്കാൻ വേണ്ടിയായിരുന്നു കാർട്ടർ ചിതാഭസ്മം ചെറിയൊരു പാത്രത്തിലാക്കി വെച്ചത്.
രാത്രിയിലാണ് മോഷണം നടന്നതെന്ന് കാർട്ടർ പറഞ്ഞു. കള്ളൻ കാറിന്റെ ജനൽച്ചില്ലകൾ തകർത്തിരിക്കാം. അതിന് ശേഷം കാർ സ്റ്റാർട്ടാക്കി കൊണ്ടുപോവുകയായിരുന്നു എന്നാണ് കരുതുന്നത്. ഏതായാലും ഉറക്കത്തിൽ താൻ യാതൊരു ശബ്ദവും കേട്ടില്ലെന്ന് കാർട്ടർ പറഞ്ഞു. രാവിലെ എണീറ്റ് നോക്കുമ്പോഴാണ് കാർ മോഷണം പോയെന്ന് മനസ്സിലാക്കിയത്. വൈകാതെ തന്നെ പോലീസിൽ പരാതി നൽകി.
advertisement
കാർ മോഷണം പോയതിൻെറ പിറ്റേന്നാണ് കള്ളൻ ചിതാഭസ്മം തിരികെ എത്തിച്ചത്. കാർട്ടറിന്റെ വീടിൻെറ ഗേറ്റിന് പുറത്തുണ്ടായിരുന്ന മെയിൽ ബോക്സിൽ നിന്നാണ് ചിതാഭസ്മം അടങ്ങിയ പാത്രം തിരികെ ലഭിച്ചത്. ഏതായാലും കാർ തിരിച്ച് നൽകാൻ കള്ളൻ തയ്യാറായിട്ടില്ല. എന്നാൽ, ചിതാഭസ്മം തിരികെ നൽകിയ കള്ളൻ കാറും തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ് കാർട്ടർ.
“കാർ ഹോണടിക്കുന്നതോ ശബ്ദമോ ഒന്നും തന്നെ ഞാൻ രാത്രിയിൽ കേട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യലായ കാറാണ് നഷ്ടമായത്. അമ്മയുടെയും ജീസസിൻെറയും പേര് അതിൽ എഴുതി വെച്ചിരുന്നു. കാർ എനിക്ക് അമ്മയുടെ പ്രതീകമായിരുന്നു. അവരുടെ സാന്നിധ്യം ഞാൻ ആ കാറിൽ അറിഞ്ഞിരുന്നു. കാറും ചിതാഭസ്മവും നഷ്ടമായത് വല്ലാതെ സങ്കടപ്പെടുത്തി. ചിതാഭസ്മം ലഭിച്ചത് എനിക്ക് അൽപമെങ്കിലും ആശ്വാസം പകരുന്നു,” കാർട്ടർ പറഞ്ഞു.
കള്ളൻെറ വിരലടയാളം ചിതാഭസ്മം അടങ്ങിയ പാത്രത്തിൽ പതിഞ്ഞിട്ടുണ്ടാവുമെന്നാണ് കാർട്ടർ വിശ്വസിക്കുന്നത്. പോലീസ് അന്വേഷണത്തിലൂടെ കാർ വൈകാതെ തിരികെ ലഭിക്കുമെന്ന് അദ്ദേഹം കരുതുന്നു. വിന്റർ ഹേവൻ പോലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെല്ലാം അന്വേഷിച്ച് കഴിഞ്ഞു. നല്ല മനസ്സുള്ള ഒരു കള്ളനാണ് തന്റെ കാർ മോഷ്ടിച്ചതെന്ന് വിശ്വസിക്കാനാണ് കാർട്ടറിന് ഇപ്പോഴും ഇഷ്ടം. മറ്റെന്തെങ്കിലും കാരണത്താലാവും തൻെറ കാർ കൊണ്ടുപോയതെന്ന് അദ്ദേഹം കരുതുന്നു.