ബീഹാറില്‍ നിന്നും ഡാര്‍ജിലിംഗില്‍ എത്തിയ വിനോദസഞ്ചാരികളുടെ ഒരു കൂട്ടം കാറില്‍ നിന്നും റോഡ് സൈഡിലേക്ക് മാലിന്യം വലിച്ചെറിയുന്നതും തുടര്‍ന്ന് പ്രദേശവാസികളിലൊരാള്‍ അവരോട് അത് തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍. കുഞ്ഞിന്റെ ഉപയോഗിച്ച ഡയപ്പര്‍ ആണ് കാറിലെത്തിയ സംഘം റോഡിലേക്ക് വലിച്ചെറിഞ്ഞത്.
വിനോദയാത്രയ്ക്കിടെ കാറില്‍ നിന്നും ഡയപ്പര്‍ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ആ സമയം അതുവഴി കടന്നുപോയ പ്രദേശവാസി അത് ശ്രദ്ദിക്കുകയും അവരെ മാലിന്യം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ ഡയപ്പര്‍ തിരികെ എടുക്കണമെന്ന് അയാള്‍ വിനോദസഞ്ചാരികളോട് ദേഷ്യത്തോടെ പറഞ്ഞു.
advertisement
എന്നാല്‍ കാര്‍ ഓടിച്ച വ്യക്തി തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് ഉണ്ടായത്. അവിടെ മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും മറ്റുള്ളവരും അത് ചെയ്യുന്നുണ്ടെന്നും അയാള്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നാട്ടുകാരന്‍ ഡയപ്പര്‍ തിരികെയെടുക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതോടെ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ഒരാള്‍ ഇറങ്ങി അത് തിരിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലേക്ക് ചൂണ്ടി നാട്ടുകാരന്‍ നിങ്ങള്‍ എവിടെ നിന്നാണെന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അദ്ദേഹം തന്നെ പറയുന്നു, 'ഓ ബീഹാറില്‍ നിന്നാണ്'. ഇതുപോലെ ചെയ്യരുതെന്നും മറ്റുള്ളവര്‍ മാലിന്യം തള്ളിയിട്ടുണ്ടെങ്കില്‍ നിങ്ങളും അത് ചെയ്യുമോയെന്നും അയാള്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ കാറിലെത്തിയ സംഘം അദ്ദേഹത്തോട് തര്‍ക്കിക്കുകയും വീഡിയോ പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുകയുമാണുണ്ടായത്. അതിന് അദ്ദേഹം മറുപടിയും നല്‍കുന്നുണ്ട്. ബീഹാറില്‍ നിന്നുള്ളവര്‍ ഇങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.
റെഡ്ഡിറ്റില്‍ പങ്കിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പ്രതികരണങ്ങള്‍ വന്നു. മാലിന്യം തള്ളുന്നത് ന്യായീകരിക്കാന്‍ മറ്റുള്ളവരും അത് ചെയ്യുന്നുണ്ടല്ലോ എന്നാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നയാള്‍ പറഞ്ഞത്. ഇത് ഇന്ത്യക്കാരുടെ പ്രശ്‌നമാണെന്നും വിമര്‍ശനാത്മക ചിന്തയില്ലാത്ത ഒരു മാനസികാവസ്ഥയാണെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇത് വളരെ സാധാരണ വാദമാണെന്നും നമ്മുടെ സമൂഹം എങ്ങനെ പ്രവൃത്തിക്കുന്നു എന്നത് ഈ വീഡിയോ കാണിക്കുന്നതായും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. ചിലര്‍ ശുചിത്വ ഇന്ത്യയിലേക്കുള്ള ആ ഡാര്‍ജിലിംഗ് സ്വദേശിയുടെ ചുവടുവെപ്പിനെ പ്രശംസിച്ചു.