അരിസോണ സ്വദേശിയായ ഡിലൻ മൈൽസ് എന്ന അലി മൈൽസാണ് പരാതിയുയർത്തിയിരിക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ പതിമൂന്നു മാസത്തിനിടെ മൈൽസ് സ്വീകരിക്കുന്ന മൂന്നാമത്തെ നിയമ നടപടിയാണിത്. ചെറുകിട വ്യവസായങ്ങളെ ലക്ഷ്യം വച്ച് മൈൽസ് മുൻപും ഇത്തരം ധാരാളം പരാതികൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീയായി പരിവർത്തനം ചെയ്യുന്നതിൻ്റെ വിവിധ ഘട്ടങ്ങളിലാണ് താനെന്നാണ് മൈൽസ് വെളിപ്പെടുത്തുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചും ഹോർമോൺ തെറാപ്പികൾ ചെയ്തും ആ മാറ്റം സ്വീകരിച്ചുകൊണ്ടിരിക്കുയാണ് മൈൽസ് എന്ന് കോടതി രേഖകൾ സൂചിപ്പിക്കുന്നു.
advertisement
മേയ് നാലിനാണ് മൈൽസ്, ഹോട്ട് യോഗ ചെൽസി എന്ന സ്ഥാപനത്തിലെത്തുന്നത്. സ്ത്രീകളുടെ ലോക്കർ റൂമിലും ടോയ്ലെറ്റിലും പ്രവേശിക്കരുതെന്ന് സ്ഥാപനത്തിലെ അധികൃതർ മൈൽസിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, മൈൽസ് സ്ത്രീകളുടെ മുറിയിൽ കയറുകയും അത് മുറിയിലുണ്ടായിരുന്ന സ്ത്രീകളെ അസ്വസ്ഥരാക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
‘സ്ത്രീകൾക്കായുള്ള ലോക്കർ റൂമും ശുചിമുറിയും മൈൽസ് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന സ്ത്രീകൾ പരാതിപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. മൈൽസ് ഉടൻ പുറത്തുപോകണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.’ കോടതി രേഖകളിൽ പറയുന്നു.
മൈൽസിൻ്റെ പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കിയതായി ലോക്കർ റൂമിലുണ്ടായിരുന്ന സ്ത്രീകളിലൊരാൾ പറയുന്നു. ‘ഇവിടെ മറ്റ് ട്രാൻസ്‌ജെൻഡർ വ്യക്തികളും വരാറുണ്ട്. ട്രാൻസ്‌ജെൻഡർ യുവതികളും യുവാക്കളും ഇവിടെയുണ്ട്. എങ്കിലും ഇത്തരമൊരു പ്രശ്‌നം ഇതുവരെ ഉണ്ടായിട്ടില്ല. ട്രാൻസ്‌ജെൻഡർ യുവതി എന്ന് അവകാശപ്പെടുന്ന ഇയാൾ പുരുഷന്മാർ ധരിക്കുന്ന ഷോർട്‌സ് ധരിച്ചാണ് സ്ത്രീകളുടെ ലോക്കർ മുറിയിൽ കടന്നുവന്നത്. ഹോർമോണൽ വ്യത്യാസങ്ങൾ ഉള്ളതായി ശരീരപ്രകൃതിയിൽ നിന്നും വ്യക്തമാണെങ്കിലും, അയാൾ ശരീരം മറയ്ക്കാൻ മേൽവസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. അയാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയപ്പോൾ, പൂർണമായും ഒരു പുരുഷശരീരമായിരുന്നു എന്നും’ യുവതി പറയുന്നു.
മുറിയിലുണ്ടായിരുന്ന മറ്റു സ്ത്രീകളും വസ്ത്രം മാറുകയായിരുന്നെന്നും, ചില സ്ത്രീകൾക്ക് മൈൽസിൻ്റെ സാന്നിധ്യം വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇവർ പറയുന്നു. ‘അയാൾ ഉടൻ തന്നെ നിയമവശങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഒരാൾ അങ്ങനെ ചെയ്യുന്നത്? കാരണം ഞാനടക്കം അവിടെയുണ്ടായിരുന്ന എല്ലാ സ്ത്രീകളും അസ്വസ്ഥരായി എന്ന് അയാൾക്ക് അപ്പോഴേ മനസ്സിലായിരുന്നു. മനപ്പൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതാണോയെന്ന് സംശയമുണ്ട്.’ യുവതി പറഞ്ഞു.
മറ്റൊരു ഫിറ്റ്‌നെസ് സ്ഥാപനത്തിലെ സ്ത്രീകളുടെ മുറിയിൽ നിന്നും പുറത്താക്കിയതിനെത്തുടർന്നും, ഒരു അഗതി മന്ദിരത്തിലെ സുരക്ഷാ ജീവനക്കാരൻ കൈയേറ്റം ചെയ്തതിനെത്തുടർന്നും മൈൽസ് നേരത്തേ പരാതികൾ നൽകിയിട്ടുണ്ട്.
എല്ലാ പൊതുസ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് അവരവരുടെ ജെൻഡർ അനുസരിച്ചുള്ള ശുചിമുറിയോ, അതല്ലെങ്കിൽ പൊതുശുചിമുറിയോ ലഭ്യമാക്കണമെന്ന് ന്യുയോർക്ക് സിറ്റിയിൽ 2016 പാസ്സായ ഒരു നിയമത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കിക്കൊണ്ട് നിയമം പിന്തുടരാൻ ജെൻഡർ ന്യൂട്രൽ ടോയ്ലെറ്റുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിയൽ എസ്‌റ്റേറ്റ് മാനേജർമാർ പറയുന്നു.