ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നിരഞ്ജന്‍ മഹാപത്ര, വ്യത്യസ്തമായ വിവാഹ ചടങ്ങുകളുടെ വീഡിയോകള്‍ തന്റെ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അതില്‍ പലതും വൈറലാവുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പങ്കുവച്ച വിവാഹ മണ്ഡപത്തില്‍ വടംവലി കളിക്കുന്ന ഒരു ആചാരത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ആ വീഡിയോയില്‍ ഒന്ന് ഒരു വിവാഹത്തിലെ അതിഥികള്‍ തീവ്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇതിനെ വടംവലി എന്ന് വിളിക്കാന്‍ കഴിയില്ല. അഗ്‌നി കുണ്ഡത്തിന് മുന്നില്‍ മുഖത്തോട് മുഖം നോക്കി ചേര്‍ന്നിരിക്കുന്ന വധുവിന്റെയും വരന്റെയും തലയ്ക്ക് മുകളിലൂടെ ഒരു ചുവന്ന വസ്ത്രം, ഇരു കുടുംബങ്ങളിലെയും ആളുകള്‍ രണ്ട് വശങ്ങളിലായി നിന്ന് വലിക്കുന്നതാണ് ആചാരം.
വീഡിയോയിലെ ദൃശ്യങ്ങളില്‍ രണ്ടു വശത്ത് നിന്നും വടംവലി പോലെ വസ്ത്രത്തില്‍ പിടിവലി മുറുക്കുമ്പോള്‍, ഒരു വശത്ത് നിന്ന് ശക്തിയായി വലിക്കുമ്പോള്‍ മറുവശത്തെ ഒരു സ്ത്രീ അഗ്‌നി കുണ്ഡത്തിന് മുകളിലൂടെ അപകടകരമായ രീതിയില്‍ വീഴുന്നത് കാണാം. ഭാഗ്യവശാല്‍, വീഡിയോയില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി കാണുന്നില്ല. വീഡിയോയുടെ താഴെ വന്ന ഒരു കമന്റിങ്ങനെയാണ്, ''കാണുമ്പോഴും പങ്കെടുക്കുമ്പോഴും രസകരമായ ആചാരമാണെങ്കിലും, ഇതില്‍ സ്വന്തം സുരക്ഷയും ഉറപ്പാക്കണം.''
ഈ വിവാഹത്തിലെ തന്നെ മഹാപത്ര പങ്കുവച്ച മറ്റൊരു ദൃശ്യം ഇങ്ങനെയായിരുന്നു, അതിഥികളുടെ ആരവത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡപത്തില്‍ താഴെയിരിക്കുന്ന വധുവിനെ, വരന്‍ എടുത്തുയുര്‍ത്തി മണ്ഡപത്തിലെ ഒരു സ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇരുത്തുന്നു. ഇത് വിജയകരമായി ചെയ്തുകഴിഞ്ഞപ്പോള്‍ വരനെ വിവാഹത്തിലെ അതിഥികള്‍ അഭിനന്ദിക്കുന്നുമുണ്ട്. ഈ വീഡിയോയും വൈറലായിരുന്നു.
ധാരാളം വ്യത്യസ്തമായ വിവാഹ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വീഡിയോകള്‍ സാമൂഹിക മാധ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഗോല്‍ഗപ്പകള്‍ വിവാഹദിനത്തില്‍ ആഭരണങ്ങളായി ധരിച്ച വധു മുതല്‍ മണ്ഡപത്തില്‍ മകനെ മര്‍ദ്ദിക്കുന്ന നിരാശയായ അമ്മ വരെയുള്ള രസകരമായ വീഡിയോകള്‍ വൈറലാണ്.