അലി ഷാന്‍ മൊമീന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പാക് പൗരന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തത്. ലാഹോറില്‍ 500 അടി ഉയരത്തിൽ പതാക ഉയര്‍ത്താനൊരുങ്ങി പാകിസ്ഥാന്‍ എന്നായിരുന്നു സ്‌ക്രീന്‍ ഷോട്ടില്‍ പറഞ്ഞിരുന്നത്. പ്രദേശത്ത് ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കുന്ന പതാകയായിരിക്കുമിതെന്നും ട്വീറ്റില്‍ പറയുന്നു. ഏകദേശം 400 മില്യണ്‍ (40 കോടി) ആണ് ഈ പദ്ധതിയുടെ നിര്‍മ്മാണ ചെലവ്. 2023ലെ പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമെന്നും സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3യുടെ വിജയകരമായ വിക്ഷേപണ വാര്‍ത്ത പങ്കുവെച്ച് ചിലര്‍ ഈ ട്വീറ്റീന് താഴെ കമന്റ് ചെയ്തിരുന്നു. ശാസ്ത്ര- സാങ്കേതികവിദ്യയില്‍ മുന്നോട്ട് കുതിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈയവസരത്തില്‍ വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഏറ്റവും ഉയരമുള്ള പതാക സ്ഥാപിച്ച് ഇന്ത്യയെ പിന്നിലാക്കുകയെന്നതാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇതിനായി 2017 മുതല്‍ തുടങ്ങിയ പരിശ്രമമാണിതെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
അതേസമയം രണ്ട് രാജ്യങ്ങളുടെയും വ്യത്യസ്തമായ മുന്‍ഗണന വെളിപ്പെടുത്തുന്ന പ്രതികരണങ്ങളും സ്‌ക്രീന്‍ ഷോട്ടിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ വളരെ ഗൗരവതരമായ രീതിയിലാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ പൗരന്‍മാരായ ട്വിറ്റര്‍ ഉപയോക്താക്കള്‍ പാകിസ്ഥാന്റെ പ്രത്യേക താല്‍പ്പര്യത്തെ പരിഹസിച്ചിട്ടുമില്ല. ”വളരെയധികം സങ്കടം തോന്നുന്നു സഹോദരാ,” എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. പഞ്ചാബ് സര്‍ക്കാരാണ് പാകിസ്ഥാന്റെ ഈ പദ്ധതിയ്ക്ക് ധനസഹായം നല്‍കുന്നത്. കൂടാതെ 800 കിലോഗ്രാം പോളിസ്റ്റര്‍ ഫാബ്രിക് പതാകയാണ് പ്രദര്‍ശനത്തിനായി ഒരുക്കുന്നത്.
Also read-ആമസോണിൽ ഓർഡർ ചെയ്തത് 90,000 രൂപയുടെ ക്യാമറ ലെൻസ്; കിട്ടിയത് 400 രൂപയുടെ ക്വിനോവ വിത്തുകൾ!
ഒപ്പം പതാകയെ എല്‍ഇഡി ലൈറ്റ് കൊണ്ട് അലങ്കരിക്കുമെന്നും ആധുനിക ശബ്ദ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 15 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് തന്നെ പതാകയെ കാണാനാകുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം.അതേസമയം പാക് സര്‍ക്കാരിന്റെ ഈ പദ്ധതി തങ്ങളുടെ രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും പ്രതീകമായാണ് പാക് പൗരന്‍മാര്‍ കാണുന്നത്. എന്നാല്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പദ്ധതിയാണ് ഇതെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.