TRENDING:

കൈ നഖത്തില്‍ അസാധാരണമായ കറുത്ത അടയാളം; 35കാരിക്ക് സ്ഥിരീകരിച്ചത് ഗുരുതരമായ കാന്‍സര്‍ രോഗം

Last Updated:

രണ്ടാമത്തെ ബയോപ്‌സിയിലാണ് നഖത്തില്‍ അര്‍ബുദ കോശങ്ങള്‍ കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുതരമായ പല രോഗങ്ങളുടെയും ചെറിയ ലക്ഷണങ്ങള്‍ ശരീരം മുന്‍കൂട്ടി നമുക്ക് കാണിച്ചുതരാറുണ്ട്. എന്നാല്‍, അവ അവഗണിക്കുമ്പോഴാണ് അത് വലിയൊരു ആരോഗ്യപ്രശ്‌നമായി മാറുന്നത്. ചിലപ്പോള്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാകാനും ഇത് കാരണമാകും. ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഹള്‍ സ്വദേശിയായ 35 കാരി ലൂസി തോംസണിന്റെ ശരീരത്തിലും ഇത്തരമൊരു ലക്ഷണം പ്രത്യക്ഷപ്പെട്ടു. വളരെ നിസ്സാരമായ ഒന്നായിരുന്നു അത്. അത് അവര്‍ അവഗണിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അവരുടെ ജീവന്‍ തന്നെ നഷ്ടമായേനെ. 2023 ഏപ്രിലില്‍ കൈയ്യിലെ അക്രിലിക് നഖങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് ഇടതു തള്ളവിരലില്‍ ഒരു നേര്‍ത്ത കറുത്ത വര അവര്‍ ശ്രദ്ധിച്ചത്. അത് കൈ തട്ടിയപ്പോഴുണ്ടായ ചതവ് ആണെന്നാണ് അവര്‍ ആദ്യം കരുതിയത്. അതിനാല്‍ അതിനെക്കുറിച്ച് അവര്‍ അധികം ചിന്തിച്ചില്ല.  എന്നാല്‍, ഒരു സുഹൃത്ത് അവളുടെ കൈയ്യിലെ അടയാളം ശ്രദ്ധിക്കുകയും ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആശുപത്രിയിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ലൂസിയുടെ നഖത്തിലെ അടയാളം ഒരു അപൂര്‍വ ത്വക്ക് കാന്‍സറുമായി ബന്ധപ്പെട്ടതാണെന്ന് സംശയം പ്രകടിപ്പിച്ചു. ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും രണ്ടാമത്തെ ബയോപ്‌സിയില്‍ നഖത്തില്‍ അര്‍ബുദ കോശങ്ങള്‍ കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അപൂര്‍വ ത്വക്ക് കാന്‍സറെന്ന് ഡോക്ടര്‍മാര്‍

''എന്റെ കൈയ്യിലെ അക്രിലിക് നഖങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ഞാന്‍ അവ പറിച്ചെടുത്തു. അപ്പോഴാണ് നഖത്തില്‍ ഒരു രസകരമായ വര ഞാന്‍ ശ്രദ്ധിച്ചത്. അക്രിലിക് നഖങ്ങള്‍ പറിച്ചെടുത്തപ്പോള്‍ കേട് വന്നതാകാമെന്നാണ് ഞാന്‍ കരുതിയത്. അല്ലെങ്കില്‍ എവിടെയങ്കിലും കൈ തട്ടിയിരിക്കാമെന്നും അതുമല്ലെങ്കില്‍ വാതില്‍ കുടുങ്ങിയതാകാമെന്നും ഞാന്‍ കരുതി. വളരെ നേര്‍ത്ത ഒരു വരയാണ് നഖത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിചിത്രമാണെല്ലോ എന്ന് ഞാന്‍ അന്ന് ചിന്തിച്ചു. സുഹൃത്തുക്കളെ കാണുന്നത് വരെ ഞാന്‍ അത് അങ്ങനെ തന്നെ വെച്ചു,'' ദ സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ലൂസി പറഞ്ഞു.

advertisement

''തുടര്‍ന്ന് ഞാന്‍ ഡോക്ടറെ കാണാന്‍ പോയി. എന്നാല്‍ ഇരിക്കുന്നതിന് മുമ്പ് തന്നെ ഇത് കാന്‍സാറാണെന്ന് ഡോക്ടര്‍ സംശയിച്ചു. തുടര്‍ന്ന് ഇത് ബയോപ്‌സിക്ക് അയച്ചുകൊടുക്കേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞു. അവസാനം സംശയിക്കുന്നത് പോലെ ഒന്നുമില്ലെന്ന് ഡോക്ടര്‍ പറയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാൽ എന്നെ ഉടന്‍ തന്നെ ഒരു സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എത്രയും വേഗം ഇത് നീക്കം ചെയ്യണമെന്ന് അവര്‍ പറഞ്ഞു. അവര്‍ ഒരു ബയോപ്‌സി സാംപിള്‍ എടുത്തു. ഫലം അറിയാന്‍ ഞാന്‍ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഞാന്‍ ശരിക്കും ഭയപ്പെട്ടു. എല്ലാ ദിവസവും നഖത്തിലെ അടയാളം വളര്‍ന്നുകൊണ്ടിരുന്നു. ഇത് ശരിക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എന്റെ ആദ്യത്തെ ചിന്ത എന്റെ കുട്ടികളെ ആരാണ് പരിപാലിക്കുക എന്നതായിരുന്നു. അതാണ് എന്നെ ശരിക്കും പേടിപ്പിച്ചത്. എന്റെ കുട്ടികളെ ഉപേക്ഷിച്ച് പോകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,'' ലൂസി തോംസണ്‍ വിശദീകരിച്ചു.

advertisement

രോഗം നേരത്തെ കണ്ടെത്തിയത് രോഗവ്യാപനം കുറച്ചു

ആദ്യഘട്ട ബയോപ്‌സി പരിശോധനയില്‍ വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് നഖത്തില്‍ രണ്ടാമതും ബയോപ്‌സി നടത്തി. ഇത്തവണ ഡോക്ടര്‍മാര്‍ കാന്‍സര്‍ കോശങ്ങള്‍ കണ്ടെത്തി. ഈ കോശങ്ങള്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചില്ലായിരുന്നുവെങ്കില്‍ സബംഗുവല്‍ മെലനോമ എന്ന ഗുരുതരമായ ത്വക്ക് കാന്‍സറായി അത് മാറിയേനെയെന്നും ലൂസി വിവരിച്ചു.

ഇത്തരം അടയാളങ്ങള്‍ നിരുപദ്രവകരമാണെന്ന് പലരും തെറ്റിദ്ധരിക്കാനും പരിശോധിക്കാന്‍ കാലതാമസം വരുത്തുകയും ചെയ്യാറുണ്ടെന്ന് ലൂസി പറഞ്ഞു. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തന്റെ കാര്യത്തില്‍ രോഗം നേരത്തെ തന്നെ കണ്ടെത്തിയതും രോഗം തിരികെ വരാഞ്ഞതും ഭാഗ്യമായി കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോള്‍ എല്ലാ നഖങ്ങളും  പതിവായി പരിശോധിക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണെന്നും അപൂര്‍വമായി മാത്രമെ അക്രിലിക് നഖങ്ങള്‍ വയ്ക്കാറുള്ളൂവെന്നും അവര്‍ പറഞ്ഞു.

advertisement

കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ ലൂസിയെ അറിയിച്ചു. ഇത് ആശ്വാസമായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുടെയെങ്കിലും നഖത്തില്‍ വരയോ പാടോ അടയാളമോ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തണമെന്ന് അവര്‍ ഉപദേശിച്ചു. പ്രശ്‌നം ഗുരുതമല്ലെങ്കിലും അത് നേരത്തെ തന്നെ പരിശോധിക്കുന്നത് ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍നിന്ന് തടയുമെന്നും അവര്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൈ നഖത്തില്‍ അസാധാരണമായ കറുത്ത അടയാളം; 35കാരിക്ക് സ്ഥിരീകരിച്ചത് ഗുരുതരമായ കാന്‍സര്‍ രോഗം
Open in App
Home
Video
Impact Shorts
Web Stories