ഭലുവാനിയില്‍ പിതാവിനൊപ്പം ജനറല്‍ സ്റ്റോര്‍ നടത്തിയിരുന്ന വിശാല്‍ മധേസിയയും സലേംപൂരില്‍ നിന്നുള്ള പൂജയും തമ്മിലുള്ള വിവാഹം നടന്നത് നവംബര്‍ 25-നാണ്. അന്ന് വൈകുന്നേരം 7 മണിയോടെ വരനും പാര്‍ട്ടിയും വധുവിന്റെ വീട്ടിലെത്തി വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി. ശേഷം വധു തന്റെ വീട്ടുകാരോടെല്ലാം യാത്ര പറയുന്ന വൈകാരികമായ ചടങ്ങിനുശേഷം വരനൊപ്പം ഭര്‍തൃ ഗൃഹത്തിലേക്ക് മടങ്ങി.
വരനൊപ്പം തന്റെ പുതിയ വീട്ടിലേക്ക് പ്രവേശിച്ച അവള്‍ അവരുടെ റൂമിലേക്ക് പോയി 20 മിനിറ്റിനുശേഷം പുറത്തേക്ക് വന്ന് ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവതി പ്രഖ്യാപിക്കുകയായിരുന്നു. ആ സമയത്ത് ബന്ധുക്കളും അതിഥികളുമെല്ലാം വരന്റെ വീട്ടില്‍ ഉണ്ടായിരുന്നു. എല്ലാവരും വധുവിന്റെ പ്രഖ്യാപനത്തില്‍ അമ്പരന്നുപോയി.
advertisement
അവള്‍ തമാശ പറയുകയാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എല്ലാവരും ബന്ധം പിരിയണമെന്ന് പറയുന്നതിന്റെ കാരണം അവളോട് ചോദിച്ചെങ്കിലും അവള്‍ ഉത്തരം നല്‍കിയില്ല. വരന്റെ കുടുംബം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നോക്കിയിട്ടും അവള്‍ വഴങ്ങിയില്ല. അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നുതന്നെ ആവര്‍ത്തിച്ചു പറഞ്ഞു. വരന്റെ വീട്ടില്‍ താമസിക്കില്ലെന്നും തന്റെ മാതാപിതാക്കളെ വിളിക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വിശാലിന്റെ കുടുംബം പൂജയുടെ തീരുമാനം അവരുടെ കുടുംബത്തെ അറിയിച്ചു. കാര്യങ്ങള്‍ രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പൂജ തീരുമാനം മാറ്റാന്‍ തയ്യാറായില്ല. പിന്നിലെ കാരണവും വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് ഗ്രാമത്തില്‍ പിറ്റേദിവസം ഒരു പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ഇരു കുടുംബങ്ങളും നാട്ടുകാരും ചേര്‍ന്ന് ഏകദേശം അഞ്ച് മണിക്കൂറോളം വിഷയം ചര്‍ച്ച ചെയ്തു.
ഒരു പരിഹാരവും സാധ്യമാകാതെ വന്നതോടെ ബന്ധം വേര്‍പ്പെടുത്താന്‍ പഞ്ചായത്ത് കുടുംബാംഗങ്ങളെ ഉപദേശിച്ചു. പരസ്പര സമ്മതത്തോടെ വിവാഹം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്ന ഒരു രേഖാമൂലമുള്ള കരാറും തയ്യാറാക്കി. ഇരു കക്ഷികള്‍ക്കും പുനര്‍ വിവാഹം ചെയ്യാമെന്നും പഞ്ചായത്ത് പറഞ്ഞു. വിവാഹസമയത്ത് കൈമാറിയ എല്ലാ സമ്മാനങ്ങളും പണവും തിരികെ നല്‍കാനും ഇരു കുടുംബങ്ങളോടും ആവശ്യപ്പെട്ടു. ആ ദിവസം തന്നെ വൈകിട്ട് ആറ് മണിയോടെ പൂജ തന്റെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങി.
വിവാഹത്തിന് മുമ്പ് വധു ഒരിക്കലും താല്‍പ്പര്യമില്ലായ്മ കാണിച്ചിട്ടില്ലെന്നും സാധാരണ പോലെ സംസാരിച്ചതായും വിശാല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ചത് ഇരു കൂടുംബങ്ങള്‍ക്കും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യുവതിക്കെതിരെ പൊലീസില്‍ ഒരു പരാതിയും അദ്ദേഹം നല്‍കിയിട്ടില്ല.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകള്‍ പ്രതികരണങ്ങള്‍ പങ്കുവെച്ചു. അഡ്ജസ്റ്റ് ചെയ്ത് ജീവിതം നശിപ്പിക്കുന്നതിനേക്കാള്‍ ഇതാണ് നല്ലതെന്ന് ഒരാള്‍ കുറിച്ചു. പെണ്‍ വീട്ടുകാരെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും വേണമെന്നായിരുന്നു മറ്റൊരു പ്രതികരണം. 20 മിനിറ്റ് ട്രയല്‍ ആയിരുന്നുവെന്നും അവള്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്തുവെന്നും ഒരാള്‍ പരിഹസിച്ചു. ദമ്പതികളുടേത് ബുദ്ധിപരമായ തീരുമാനമാണെന്നും പ്രതികരണങ്ങള്‍ വന്നു.
ഇതൊരു ബ്ലിങ്കിറ്റ് കല്യാണമാണെന്നാണ് ഒരാള്‍ വിശേഷിപ്പിച്ചത്.
