ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ശീത്‌ല മാതാ ക്ഷേത്രത്തില്‍ നിന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതെന്ന് സ്ഥിരീകരിച്ചു. വീഡിയോയില്‍ കാണുന്ന വനിതാ ഓഫീസര്‍ അന്ന് മൗവിലെ വനിതാ പോലീസ് സ്‌റ്റേഷന്‍ ചുമതല വഹിച്ചിരുന്ന മഞ്ജു സിംഗ് ആണ്.
ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന പെണ്‍കുട്ടികളെ മഞ്ജു സിംഗ് ചോദ്യം ചെയ്യുകയായിരുന്നു. അവരോടൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ട്. ഓഫീസര്‍ അവരെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അവരോട് ചോദിക്കുന്നുണ്ട്. എന്തിനാണ് അവിടെ വന്നതെന്നും എവിടെ നിന്നാണ് വരുന്നതെന്നും പെണ്‍കുട്ടികളോട് ചോദിക്കുന്നുണ്ട്. തങ്ങളുടെ കൂടെയുള്ള ആണ്‍കുട്ടി തന്റെ സഹോദരനാണെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ഓഫീസറോട് പറഞ്ഞു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി ഓഫീസര്‍ അവരുടെ മാതാപിതാക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു.
advertisement
കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് സ്ഥിരീകരിക്കാനാണ് അവര്‍ മാതാപിതാക്കളെ വിളിച്ച് സംസാരിച്ചത്. ഒരിക്കലും പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് കറങ്ങി നടക്കരുതെന്നും എപ്പോഴും മാതാപിതാക്കള്‍ക്കൊപ്പം പുറത്തുപോകണമെന്നും ഓഫീസര്‍ അവരെ ഉപദേശിക്കുന്നതും കേള്‍ക്കാം.
ആണ്‍കുട്ടി സഹോദരനാണെന്നും കുട്ടികള്‍ ക്ഷേത്രത്തില്‍ പോയ കാര്യവും മാതാപിതാക്കള്‍ സ്ഥിരീകരിച്ചതായി പോലീസ് പിന്നീട് പറഞ്ഞു. അവരെല്ലാവരും ഗാസിപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.
സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് പോലീസ് പറയുന്നു. സ്ത്രീകളുടെ സുരക്ഷയിലും അവബോധത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന മിഷന്‍ ശക്തി ക്യാമ്പെയിനിന്റെ ഭാഗമായാണ് അന്ന് തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതെന്ന് മഞ്ജു സിംഗ് പറഞ്ഞു. അപ്പോഴാണ് ക്ഷേത്രത്തില്‍ ചുറ്റിനടക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശ്രദ്ധിച്ചതെന്നും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അവരെ ചോദ്യം ചെയ്യുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. പലരും വനിതാ പോലീസുകാരിയുടേത് അനാവശ്യമായ ഉപദേശമാണെന്നും സദാചാര പോലീസിംഗ് ആണെന്നും അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ ദമ്പതികളെയും സഹോദരങ്ങളെയും തടയുന്നത് എന്തിനാണെന്ന് ഒരാള്‍ ചോദിച്ചു.
എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ മഞ്ജു സിംഗിനെ സ്ഥാനത്തുനിന്നും മാറ്റിയതായി മൗ എസ്പി എളമരന്‍ ജി അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് അനാവശ്യ ഉപദേശം നൽകരുതെന്നും അവരുടെ അധികാരത്തിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
