സാന്‍ഫ്രാന്‍സിസ്‌കോ ഹാക്കത്തോണിനെ കുറിച്ചുള്ള ഒരു പോസ്റ്റിനു താഴെയാണ് അദ്ദേഹം ഇന്ത്യക്കാരെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് പങ്കുവെച്ചത്. ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ സമൂഹങ്ങളില്‍ നിന്നുള്ളവരുമാണ് ഇതില്‍ കൂടുതലും പങ്കെടുക്കുന്നത്. 'ഇമേജിന്‍ ദി സ്‌മെല്‍' എന്നായിരുന്നു പരിപാടിയിലെ ഇന്ത്യന്‍ പങ്കാളിത്തത്തെ പരാമര്‍ശിച്ചുകൊണ്ട് നിക് പാഷ് കുറിച്ച കമന്റ്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തി. ഇതോടെ നിക് പാഷിന്റെ ജോലി തന്നെ അനിശ്ചിതത്വത്തിലായി.
ഹാക്കത്തോണില്‍ പങ്കെടുക്കുന്നവരുടെ തിരക്കേറിയ ഒരു ഹാളിന്റെ ചിത്രത്തിനു താഴെയാണ് നിക് കമന്റിട്ടത്. ടെയ്‌ലര്‍ എന്ന ഉപയോക്താവാണ് പോസ്റ്റ് പങ്കിട്ടത്. ഒരു ടെക്ക് പ്രേമിയുടെ പോസ്റ്റിന് കീഴെ താന്‍ കുറിച്ച മൂന്ന് വാക്കുകളുള്ള ഒരു അഭിപ്രായം സോഷ്യല്‍മീഡിയയില്‍ ഒരു കൊടുങ്കാറ്റിന് തിരികൊളുത്തുമെന്നും ഇത് തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണമാകുമെന്നും നിക് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല.
advertisement
വളരെ സാധാരണവും നിരുപദ്രവകരവുമായ ഒരു പ്രതികരണം എന്ന നിലയ്ക്കായിരിക്കും നിക് ഇത് കണ്ടിട്ടുണ്ടാകുക. എന്നാല്‍ വംശീയതയെ പരിഹസിക്കുന്ന പരാമര്‍ശം പെട്ടെന്ന് വിവാദമാകുകയും വലിയ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു. ഇതോടെ ക്ലൈന്‍ എഐയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
നിരവധി പേര്‍ നികിന്റെ പരാമര്‍ശത്തിലെ വംശീയമായ അര്‍ത്ഥതലങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഒരു മുതിര്‍ന്ന എഐ എക്‌സിക്യുട്ടീവില്‍ നിന്നുള്ള ഇത്തരമൊരു കമന്റ് നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ പ്രതിഭകളെ വളരെയധികം ആശ്രയിക്കുന്ന ടെക് വ്യവസായത്തില്‍ ഇത് മുന്‍വിധി ശക്തിപ്പെടുത്തുമെന്നും ചിലര്‍ പ്രതികരിച്ചു.
അതേസമയം നിക് പാഷ് തന്റെ അഭിപ്രായത്തെ ന്യായീകരിച്ചുകൊണ്ട് പ്രതികരിച്ചു. അത് ഒരു തമാശയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശകര്‍ ഉന്നയിച്ച ആശങ്കകള്‍ തള്ളിയ അദ്ദേഹം ക്ഷമാപണം നടത്താനും വിസമ്മതിച്ചു. ക്ലൈന്‍ എഐ സ്ഥാപകനും സിഇഒയുമായ സൗദ് റിസ്വാനും നികിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശം ഗുരുതരമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ഹാക്കത്തോണുകള്‍ പോലുള്ള തിരക്കേറിയ പരിപാടികളിലെ ദുര്‍ഗന്ധമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും സൗദ് റിസ്വാൻ അഭിപ്രായപ്പെട്ടു.
എന്നാല്‍ പാഷ് ക്ഷമാപണം നടത്താന്‍ വിസമ്മതിച്ചത് ക്ലൈന്‍ എഐയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചതായും റിസ്വാന്‍ സമ്മതിച്ചു.
നിക് പാഷിനെ പുറത്താക്കാനുള്ള കമ്പനിയുടെ തീരുമാനവും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഇത് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യാ വിരുദ്ധ ട്രോളുകളുടെ മറ്റൊരു തരംഗത്തിന് കാരണമായി. ആള്‍ക്കൂട്ട നീതിയെ കുറിച്ചും ഒരു നിഷ്‌കളങ്ക തമാശയോടുള്ള ആളുകളുടെ അതിരുകടന്ന പ്രതികരണങ്ങളെ കുറിച്ചും ആളുകള്‍ സംസാരിച്ചു.
'ഇമാജിന്‍ ദി സ്‌മെല്‍' എന്താണ് അര്‍ത്ഥമാക്കുന്നത് ?
പൊതുവേ ലോകമെമ്പാടുമുള്ള വംശീയവാദികള്‍ ഇന്ത്യക്കാരെയും ദക്ഷിണേഷ്യന്‍ വംശജരെയും അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന സാധാരണ വാക്യമാണിത്. കൊളോണിയല്‍ പ്രചാരണത്തില്‍ നിന്നും ഇന്ത്യക്കാരെ ദരിദ്രര്‍, വൃത്തികെട്ടവര്‍, വൃത്തിഹീനര്‍, ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണം കഴിക്കുന്നവര്‍ എന്നിങ്ങനെ വിശേഷിപ്പിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളിലെ സ്റ്റീരിയോടൈപ്പിക്കല്‍ ചിത്രീകരണങ്ങളില്‍ നിന്നുമാണ് ഈ വാചകം ഉത്ഭവിച്ചത്. 2010-കളില്‍ റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഈ വാചകം വീണ്ടും പ്രചാരണം നേടി.
