ഈ സംഭവത്തിന്റെ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് അർജൻ്റീനിയൻ വാർത്താ ഏജൻസിയായ കാർലോസ് പാസ് വിവോ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.
കോളിൻ റഗ്ഗ് എന്ന എക്സ് അക്കൗണ്ടിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 33 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ബൈക്കിൽ എത്തിയ മോഷ്ടാക്കളിൽ ഒരാൾ ബൈക്കിൽ നിന്ന് ഇറങ്ങി യുവതിയുടെ അടുത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം. എന്നാൽ പെട്ടെന്ന് യുവതി തിരിഞ്ഞ് മോഷ്ടാക്കൾക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. അപ്പോൾ തന്നെ അവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാൻ കഴിയും. തക്ക സമയത്ത് തോക്ക് എടുത്ത് വെടിയുതിർത്തതിനാലാണ് പോലീസ് ഉദ്യോഗസ്ഥ പരിക്കേൽക്കാതെ മോഷ്ടാക്കളിൽ നിന്ന് രക്ഷപ്പെട്ടത്.
വെടിയേറ്റ് പരിക്കേറ്റതിനെത്തുടർന്ന് മോഷ്ടാക്കൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നാണ് അവരെ പോലീസ് പിടികൂടിയത്. സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കു ശേഷം ഇടതുകൈയിൽ ചെറിയ മുറിവുമായി ഒരാളെ റാഫേൽ കാൽസാഡയിലെ ഒനാറ്റിവിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അൽമിരാൻ്റെ ബ്രൗണിലെ ജീവനക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. അതോടൊപ്പം മറ്റൊരാൾ ഇരിയാർട്ടെ ഹോസ്പിറ്റലിലും ചികിത്സ തേടിയെത്തിയിരുന്നു . അക്രമികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.