മോശം സ്പർശനവും നല്ല സ്പർശനവും എങ്ങനെയാണെന്ന് തന്റെ വിദ്യാത്ഥികൾക്ക് വിശദമായി പഠിപ്പിച്ച് കൊടുക്കുന്ന ഒരു അധ്യാപികയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐപിഎസ് ഓഫീസറായ ഡോ.ആർ.സ്റ്റാലിൻ ആണ് സമൂഹമാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചത്.
Also read-Viral| വെറും രണ്ട് മണിക്കൂറു കൊണ്ട് 11 കിലോ ഭാരം കുറച്ച് 69കാരൻ
കുട്ടികളെ വട്ടത്തിലിരുത്തി, അധ്യാപിക അവർക്കു മുന്നിൽ മുട്ടുകുത്തി നിന്ന്, എല്ലാവർക്കും കാണാനും കേള്‍ക്കാനും മനസിലാക്കാനും സാധിക്കുന്ന രീതിയിലാണ് ഇക്കാര്യങ്ങൾ പഠിപ്പിക്കുന്നത്. നടുക്ക് ഒരു വിദ്യാര്‍ത്ഥിയെ നിര്‍ത്തിയാണ് എന്തൊക്കെയാണ് നല്ല അര്‍ത്ഥത്തിലുള്ള സ്പര്‍ശം, എന്താണ് മോശമായ അര്‍ത്ഥത്തിലുള്ള സ്പര്‍ശനം എന്ന് പഠിപ്പിക്കുന്നത്. നല്ല സ്പർശനം ആണെങ്കിൽ വിദ്യാർത്ഥികൾ അതിന് തമ്പ്സ് അപ് നൽകുന്നുമുണ്ട്. മോശമായ രീതിയില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അരുത് എന്ന് തറപ്പിച്ചു പറയാനും അധ്യാപിക പഠിപ്പിക്കുന്നുണ്ട്.
advertisement
”ഇത് എല്ലാ കുട്ടികളും പഠിച്ചിരിക്കേണ്ടതാണ്. നല്ല സ്പർശനവും ചീത്ത സ്പർശനവും അവർ അറിഞ്ഞിരിക്കണം. മികച്ച സന്ദേശമാണ് ഈ അധ്യാപിക പങ്കുവെയ്ക്കുന്നത്”, ഐപിഎസ് ഓഫീസർ വീഡിയോക്കു താഴെ അടിക്കുറിപ്പായി കുറിച്ചു. സമാനമായ അഭിപ്രായമാണ് പലരും വീഡിയോക്കു താഴെ കമന്റുകളായി പങ്കുവെയ്ക്കുന്നത്. ”കൊച്ചുകുട്ടികളെ നല്ല സ്പർശനവും ചീത്ത സ്പർശനവും പഠിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണിത്, എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലും ഇത്തരം കാര്യങ്ങൾ പഠിപ്പിക്കണം”, എന്ന് ഒരാൾ കുറിച്ചു. ”വളരെ നന്നായി ഇക്കാര്യങ്ങൾ പഠിപ്പിച്ചിരിക്കുന്നു. എല്ലാ സ്കൂളുകളിലും ഇത് നിർബന്ധമായും പഠിപ്പിക്കണം. ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതിനകം 1.2 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്.
പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ അടുത്തിടെ കുട്ടിക്കാലത്ത് തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവെച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന അതിക്രമത്തെപ്പറ്റിയാണ് കളക്ടർ തുറന്നുപറഞ്ഞത്. മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ദിവ്യ എസ്.അയ്യർ ഇക്കാര്യം പങ്കുവച്ചത്. ”രണ്ടു പുരുഷന്മാർ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോൾ തന്നെ ഞാൻ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കൾ തന്ന മാനസിക പിൻബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തിൽ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ ചെന്നെത്തുമ്പോൾ ഞാൻ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങൾ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്”, കളക്ടർ പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കണമെന്നും കളക്ടർ വ്യക്തമാക്കി. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ‘ഗുഡ് ടച്ചും’ ‘ബാഡ് ടച്ചും’ തിരിച്ചറിയാൻ പഠിപ്പിക്കണം. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.