പഴയ അവസ്ഥയിലേക്ക് പോകാന്‍ തയ്യാറാണെങ്കില്‍ രോഗബാധിതനായ കാംബ്ലിയെ സഹായിക്കാന്‍ തയ്യാറാണെന്ന് കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള 1983 ലോകകപ്പ് ജേതാക്കളുടെ ടീം അറിയിച്ചിരുന്നു. ഇപ്പോഴിതാ എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റായ വിക്കി ലാന്‍വാനുമായുള്ള അഭിമുഖത്തിനിടെ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിനോദ് കാംബ്ലി. താന്റെ ശാരീരികവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുകയാണെങ്കില്‍ 15-ാമത്തെ തവണയും പുനരധിവാസത്തിന് പോകാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. തനിക്ക് മൂത്രസംബന്ധമായ അസുഖം ബാധിച്ചുവെന്നും ഒരു മാസം മുമ്പ് താഴെ വീണുപോയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
advertisement
''ഇപ്പോള്‍ എന്റെ ആരോഗ്യം അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ ഭാര്യ എന്നെ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ചികിത്സയ്ക്കായി മൂന്ന് ആശുപത്രികളില്‍ അവള്‍ എന്നെ കൊണ്ടുപോയി. ആരോഗ്യം മെച്ചപ്പെടണം എന്ന് അവള്‍ പറഞ്ഞു. ഇടയ്ക്ക് അജയ് ജഡേജ എന്നെ കാണാന്‍ വന്നിരുന്നു. അത് വളരെ സന്തോഷം നല്‍കി,'' കാംബ്ലി പറഞ്ഞു.
''മൂത്രസംബന്ധമായ അസുഖത്താല്‍ ഞാന്‍ കഷ്ടപ്പെടുകയായിരുന്നു. മൂത്രം പിടിച്ചുവയ്ക്കാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു. എന്റെ മകന്‍ ജീസസ് ക്രിസ്റ്റ്യാനോ എന്നെ വളരെയധികം സഹായിച്ചു. പത്ത് വയസ്സുള്ള എന്റെ മകളും എന്റെ ഭാര്യയും എന്ന സഹായിച്ചു. ഒരു മാസം മുമ്പാണ് ഇത് സംഭവിച്ചത്. എന്റെ തലകറങ്ങുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞു'', കാംബ്ലി പറഞ്ഞു.
സച്ചിനുമായുള്ള ഇണക്കത്തെയും പിണക്കത്തെയും കുറിച്ചും കാംബ്ലി തുറന്നു പറഞ്ഞു. സച്ചിനില്‍ നിന്ന് അകല്‍ച്ചയിലായിരുന്ന കാംബ്ലി അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തു. എങ്കിലും 2009ല്‍ ഇരുവരും സൗഹൃദം പുതുക്കിയിരുന്നു. പിന്നീട് 2013ല്‍ കാംബ്ലിക്ക് ഇരട്ട ഹൃദയാഘാതം ഉണ്ടായി. അപ്പോള്‍ സച്ചിന്‍ തന്നെ അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ട് വരികയും ഹൃദയശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
നിരാശയുടെ പുറത്താണ് സച്ചിനുമായുള്ള സൗഹൃദം വേണ്ടെന്ന് വെച്ചതെന്ന് കാംബ്ലി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
''എനിക്ക് പരിക്കേറ്റു. നിരാശയും ദേഷ്യവും കൊണ്ട് സച്ചിന്‍ എന്നെ പിന്തുണച്ചില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, 2009ല്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഞാന്‍ അദ്ദേഹത്തിന് ആദ്യം സന്ദേശം അയച്ചു. ഇതിന് ശേഷം ഞങ്ങള്‍ ഒന്നിച്ചു,'' കാംബ്ലി പറഞ്ഞു.
''രണ്ടു തവണ ഹൃദയാഘാതത്തെ അതിജീവിച്ചവർ എത്രപേരുണ്ടാകും? എന്തായാലും അതിൽ ഞാനുണ്ട്. അത് സംഭവിക്കുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. ഡ്രൈവിംഗിനിടെ കുഴഞ്ഞുവീണു. എന്നെ ലീലാവതി ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ എന്റെ ഭാര്യ ഭയപ്പെട്ടു. അവള്‍ കരഞ്ഞുപോയെങ്കിലും സാഹചര്യം നന്നായി കൈകാര്യം ചെയ്തു. എന്റെ ശസ്ത്രക്രിയയ്ക്ക് സച്ചിന്‍ എന്നെ സാമ്പത്തികമായി സഹായിച്ചു,'' കാംബ്ലി കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 224 റണ്‍സും അഭിമുഖത്തിനിടയില്‍ കാംബ്ലി അനുസ്മരിച്ചു.
''വാംഗഡെയില്‍ ഞാന്‍ നേടിയ ഇരട്ട സെഞ്ചറി ഞാന്‍ ഏറ്റവും അധികം വിലമതിക്കുന്നു. എന്റെ കൂടെ അച്ഛരേക്കര്‍ സാറും ഞങ്ങളുടെ ടീമംഗങ്ങളും ഉണ്ടായിരുന്നു. എന്തൊരു ടീമായിരുന്നു അത്. അനില്‍ കുംബ്ലെ, രാജേഷ് ചൗഹാന്‍, വെങ്കിടേഷ് പ്രസാദ് എന്നിവരും ഉണ്ടായിരുന്നു,'' കാംബ്ലി പറഞ്ഞു.