ബീഹാറിലെ ബോധ് ഗയയിൽ നടന്ന ഒരു വിവാഹത്തിനിടെയാണ് സംഭവം. വിവാഹ സല്‍ക്കാരത്തിനിടെ ഭക്ഷണ കൗണ്ടറില്‍ രസഗുള തീര്‍ന്നതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ഇത് ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലായി.
നവംബര്‍ 29-ന് ബോധ് ഗയയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. വിവാഹത്തിനായി എത്തിയ വധുവിന്റെ കുടുംബം താമസിച്ചിരുന്നത് ഇവിടെയായിരുന്നു. വരന്റെ കുടുംബം അടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് ഇവിടേക്ക് എത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണ കൗണ്ടറില്‍ രസഗുളകള്‍ തീര്‍ന്നുപോയതായി വധുവിന്റെ കുടുംബം പരാതിപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇതോടെ വിവാഹ ആചാരങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
advertisement
ഭക്ഷണ സ്റ്റാളുകള്‍ക്ക് ചുറ്റും അതിഥികള്‍ കൂടിനില്‍ക്കുന്നത് തുടക്കത്തില്‍ വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ വേദിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. ആളുകള്‍ കസേരകളും പ്ലേറ്റുകളും കൈയ്യില്‍ കിട്ടുന്നതെന്തും പരസ്പരം പിടിച്ചെടുക്കുന്നതും എറിയുന്നതും അടിക്കുന്നതും വീഡിയോയില്‍ കാണാം. ദമ്പതികള്‍ വേദിയിലേക്ക് വരുന്നതിനിടെയാണ് സംഭവം നടക്കുന്നത്. വിവാഹ സൽക്കാര വേദി ഇതോടെ അലങ്കോലമായി.
ഏറ്റുമുട്ടലില്‍ ഇരു കുടുംബങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറയുന്നു. രസഗുള തീര്‍ന്നുപോയതാണ് വഴക്കിന് കാരണമെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് സ്ഥിരീകരിച്ചു. വഴക്കിനുശേഷം വധുവിന്റെ കുടുംബം തങ്ങള്‍ക്കെതിരെ വ്യാജ സ്ത്രീധന കേസ് ഫയല്‍ ചെയ്തതായും അദ്ദേഹം ആരോപിച്ചു.
പ്രശ്‌നങ്ങള്‍ക്കിടയിലും വിവാഹം തുടരാന്‍ തയ്യാറാണെന്ന് വരന്റെ കുടുംബം അറിയിച്ചെങ്കിലും വധുവിന്റെ കുടുംബം ബന്ധം വേണ്ടെന്നുവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിനിടയില്‍ വധുവിന്റെ ബന്ധുക്കള്‍ താന്‍ സമ്മാനമായി കൊണ്ടുവന്ന ആഭരണങ്ങള്‍ എടുത്തതായി വരന്റെ അമ്മ മുന്നി ദേവി ആരോപിച്ചു. ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ തങ്ങള്‍ പണം നല്‍കിയിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.
വധുവിന്റെ വീട്ടുകാര്‍ വരനും കുടുംബത്തിനുമെതിരെ സ്ത്രീധന കേസ് ഫയല്‍ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി രസകരമായ പ്രതികരണങ്ങളാണ് ഇതിനുതാഴെ വന്നത്. ഇതൊരു വിവാഹമായിരുന്നില്ലെന്നും ഗെയിം ഓഫ് ത്രോണ്‍സ് ആയിരുന്നുവെന്നും ഒരാള്‍ കുറിച്ചു. ആളുകള്‍ പല തരത്തില്‍ തന്നെ അദ്ഭുതപ്പെടുത്തുവെന്നായിരുന്നു മറ്റൊരു പ്രതികരണം. മറ്റു ചില തമാശ നിറഞ്ഞ പ്രതികരണങ്ങളും ആളുകള്‍ പങ്കുവെച്ചു.
