പാരസെറ്റമോള്‍ ചേര്‍ത്ത ഐസ്‌ക്രീം ഡച്ചുകാര്‍ കണ്ടുപിടിച്ചതായാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഒരു ഡോസ് മരുന്നിനെ രുചികരമായ ഒരു ട്രീറ്റാക്കി മാറ്റിയെന്നും പോസ്റ്റ് വെളിപ്പെടുത്തുന്നു. ഐസ്‌ക്രീമിന്റെ ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നെതര്‍ലന്‍ഡ്‌സിലാണ് ഈ മരുന്നടങ്ങിയ ഡെസേര്‍ട്ട് വികസിപ്പിച്ചിട്ടുള്ളതെന്ന് പോസ്റ്റില്‍ പറയുന്നു. അസാധാരണമായ ഈ വിഭവത്തിന് പാരസെറ്റമോളിന്റേതിന് സമാനമായ ഫലങ്ങള്‍ ഉണ്ടെന്നും പനി, നേരിയ തലവേദന, ശരീരവേദന എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും പോസ്റ്റ് അവകാശപ്പെടുന്നു.
പോസ്റ്റ് ഓണ്‍ലൈനില്‍ ശ്രദ്ധ നേടിയതോടെ നിരവധി പ്രതികരണങ്ങളും ഇതിനു താഴെ വന്നു. വളരെ ആസ്വദിച്ച് കഴിക്കാനാകുന്ന ഒരു ഭക്ഷണവിഭവത്തെ മരുന്നായി സംയോജിപ്പിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നത് അസാധാരണമായി തോന്നുമെങ്കിലും ഇത് വിപണിയില്‍ എത്തിയാല്‍ പരീക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
advertisement
പാരസെറ്റമോള്‍ കലര്‍ന്ന ഐസ്‌ക്രീം എന്ന ആശയം പലരെയും അമ്പരപ്പിച്ചു. ചിലര്‍ ഈ കണ്ടുപിടുത്തം ഒന്ന് പരീക്ഷിച്ചുനോക്കാനുള്ള താല്‍പ്പര്യവും പങ്കുവെച്ചു. അപ്പോള്‍ ശരിയായ അളവില്‍ എത്ര സ്‌കൂപ്പ് വരെ കഴിക്കാമെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച കണ്ടുപിടുത്തമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
ഇത് കൊള്ളാം ചെറിയ ഗുളിക വിഴുങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ഒരാള്‍ കുറിച്ചു. ഇതിന്റെ രുചി എന്താണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
ഐസ്‌ക്രീമിന് പിന്നിലെ യാഥാര്‍ത്ഥ്യം
പാരസെറ്റമോള്‍ ഐസ്‌ക്രീമിന്റെ വൈറല്‍ ചിത്രത്തിന്റെ ഉത്ഭവം നാഗല്‍കെര്‍ക്ക് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന മാഡി എന്ന ഡച്ച് പാറ്റിസെറിയില്‍ നിന്നാണെന്ന് വസ്തുതാ പരിശോധകര്‍ കണ്ടെത്തിയിട്ടുണ്ട്. 2016-ല്‍ ഹോളണ്ടില്‍ ഒരു പ്രാദേശിക വിനോദമേളയിലെ ഒരു പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഈ ഐസ്‌ക്രീം നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പൊതുജനങ്ങളുടെ ഉപഭോഗത്തിന് വേണ്ടിയല്ല മറിച്ച് മേളയിലെ പ്രധാന ആകര്‍ഷണമാക്കി മാറ്റുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
എന്നാല്‍ ഈ പരീഷണാത്മക ഉത്പന്നം ഒരിക്കലും വിപണിയില്‍ എത്തിയില്ല. ആരോഗ്യ-സുരക്ഷാ ആശങ്കകള്‍ കാരണം ഇതിന്റെ ഉത്പാദനം നിര്‍ത്തിവച്ചു. ഇത് ഉപഭോഗത്തിനായി തയ്യാറാക്കിയതല്ലെന്നും പ്രദര്‍ശനത്തില്‍ നിന്നും നീക്കം ചെയ്തതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
എന്നാല്‍ മരുന്ന് ഉപഭോഗം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് ഇത് തുടക്കമിട്ടിട്ടുണ്ട്.