ഒരു വയസ്സുള്ള ആണ്‍കുട്ടി വീട്ടിലെ സ്വീകരണ മുറിയില്‍ സൂക്ഷിച്ചിരുന്ന മുത്തച്ഛന്റെ ചിതാഭസ്മം എടുത്ത് കഴിക്കുകയായിരുന്നു. യുകെയിലെ ലിങ്കണില്‍ താമസമാക്കിയ കുഞ്ഞിന്റെ അമ്മയായ നതാഷി എമെനിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ മുറിയില്‍ നിന്ന് ഒരു നിമിഷം മാറിനിന്നപ്പോഴാണ് ഇത് സംഭവിച്ചതെന്ന് അവര്‍ വിവരിച്ചു.
കോഹ് എന്ന് പേരുള്ള ഒരു വയസ്സുകാരനാണ് ഈ കുസൃതി ഒപ്പിച്ചത്. മുഖത്തും, വസ്ത്രങ്ങളിലും സോഫയിലുമെല്ലാം ചാരം പുരണ്ടിരിക്കുന്നത് കണ്ടപ്പോഴാണ് നതാഷി ഇക്കാര്യം ശ്രദ്ധിക്കുന്നത്. കുട്ടി ഒന്നും സംഭവിക്കാത്തതുപോലെ സ്വീകരണമുറിയിലൂടെ നടക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കലശം കൈയ്യെത്തി എടുക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
advertisement
കുഞ്ഞ് തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടം കഴിക്കുന്നത് കയ്യോടെ പിടികൂടിയതായും മകന്റെ നിഷ്‌കളങ്കമായ പ്രതികരണം ചിത്രീകരിച്ച് സാമൂഹികമാധ്യമമായ ടിക്ടോക്കില്‍ പങ്കുവെച്ചതായും എമെനി പറഞ്ഞു. നിരവധി പേരാണ് വീഡിയോയുടെ താഴെ രസകരമായ കമന്റുകളുമായി എത്തിയത്.
''എന്റെ ദൈവമേ..നിങ്ങളുടെ മകന്‍ നിങ്ങളുടെ അച്ഛനെ കഴിക്കുമ്പോള്‍, '' എന്ന കാപ്ഷനോടെയാണ് എമെനി വീഡിയോ ടിക്ടോക്കില്‍ പങ്കുവെച്ചത്.
''ഞാന്‍ മുകളിലത്തെ നിലയിലേക്ക് കുളിക്കാനായി പോയി. രണ്ട് മിനിറ്റ് സമയം മാത്രമാണ് എടുത്തത്. വൈകാതെ മകനെ ദേഹം മുഴുവന്‍ ചാരം പുരണ്ടിരിക്കുന്ന നിലയില്‍ ഞാന്‍ കണ്ടു. അത് ശരിക്കും എന്റെ അച്ഛന്റെ ചിതാഭസ്മമാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു നിമിഷമെടുത്തു,'' അവര്‍ പറഞ്ഞു. ഈ കാഴ്ച തനിക്ക് ആദ്യം വളരെയധികം വിഷമം ഉണ്ടാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ പിതാവ് ഒരു രസികനാണെന്നും അദ്ദേഹം ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ രസകരമായി തോന്നുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ''അച്ഛന്‍ എന്റെ മകനെ ഒരിക്കലും കണ്ടിട്ടില്ല, എന്നാല്‍, ഇപ്പോള്‍ അവര്‍ ഒരുമിച്ചാണ്,'' എമെനി പറഞ്ഞു.
ചിലര്‍ ഈ വീഡിയോ കണ്ട് ഏപ്രില്‍ ഫൂള്‍ ദിന തമാശയാണെന്ന് കരുതി. ചിലര്‍ കുട്ടി ചാരം ഭക്ഷിച്ചത് കണ്ട് ആശങ്ക രേഖപ്പെടുത്തിയെങ്കിലും ചിലര്‍ രസകരമായ കമന്റുകളും നല്‍കി. പുനര്‍ജന്മം ഇങ്ങനെയാണെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. കുട്ടി വലുതാകുമ്പോള്‍ നിന്റെ മുത്തച്ഛനെ നിന്നില്‍ കാണാന്‍ കഴിയുമെന്ന് പറയാന്‍ കഴിയുമെന്ന് മറ്റൊരാള്‍ പറഞ്ഞു.
എന്നാല്‍, മകന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അവര്‍ ചിതാഭസ്മം അധികം കഴിച്ചിട്ടില്ലെന്നും അമ്മ പിന്നീട് സ്ഥിരീകരിച്ചു.