ടോക്‌സിക് ആയിട്ടുള്ള തൊഴില്‍ സംസ്‌കാരം പുരുഷന്മാരുടെ മാനസികാരോഗ്യത്തെയും പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളും കുടുംബജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെയും എങ്ങനെ ബാധിക്കുന്നുവെന്ന ചര്‍ച്ചയ്ക്ക് വീഡിയോ കാരണമാകുന്നു.
72 മണിക്കൂര്‍ ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ ഭര്‍ത്താവിനോടുള്ള ഭാര്യയുടെ ചൂടന്‍ സംഭാഷണമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ ഉള്ളത്. 72 മണിക്കൂര്‍ ജോലി സ്ഥലത്തും 16 മണിക്കൂര്‍ മാത്രം വീട്ടിലും ചെലവഴിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ ദേഷ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
16 മണിക്കൂര്‍ മാത്രമാണ് നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നതെന്ന് ഭാര്യ അയാളോട് നിസ്സാഹയയായി പറയുന്നു. വീട്ടുജോലി മുഴുവന്‍ ഒറ്റയ്ക്ക് ചെയ്യുന്നതിലെ അസ്വസ്ഥതയും അവള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ അഭാവത്തിലും കുടുംബ ജീവിതത്തിലെ പങ്കാളിത്തമില്ലായ്മയിലും നിരാശ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ദേഷ്യത്തോടെ അയാളോട് സംസാരിക്കുന്നു.
advertisement
എന്നാല്‍ കാഴ്ചയില്‍ വളരെ ക്ഷീണിതനായി തോന്നുന്ന ഭര്‍ത്താവ് ഭാര്യയുടെ ശകാരമെല്ലാം കേട്ട് പ്രതികരിക്കാതെ നിശബ്ദനായി തുടരുക മാത്രമാണ് ചെയ്യുന്നത്.
വീഡിയോ ഓണ്‍ലൈനില്‍ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. നിരവധി പ്രതികരണങ്ങള്‍ ഇതിനുതാഴെ വന്നു. പലരും ആ പുരുഷനോട് അനുകമ്പയും അദ്ദേഹത്തിന്റെ അവസ്ഥയില്‍ ആശങ്കയും പ്രതടിപ്പിച്ചു. കുടുംബത്തിനുവേണ്ടി കരുതേണ്ടതിന്റെ ഭാരം നിശബ്ദമായി വഹിക്കാന്‍ പലപ്പോഴും സാമൂഹിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് ദീര്‍ഘനേരം ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വൈകാരികവും ശാരീരികവുമായ ആഘാതം ചിലര്‍ ചൂണ്ടിക്കാട്ടി.
ആ മനുഷ്യന്‍ നിശബ്ദനാണെന്നും ഇത്തരം സംഭവങ്ങള്‍ മുമ്പ് പലതവണ കണ്ടിട്ടുണ്ടെന്നും നിശബ്ദതയാണ് ഏറ്റവും നല്ല പരിഹാരമെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നും ഒരാള്‍ കുറിച്ചു.
ഇരുവരെയും പിന്തുണച്ചും ചിലര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും രണ്ട് പേരും വൈകാരിക സമ്മര്‍ദ്ദം നേരിടുന്നതായും ചിലര്‍ കുറിച്ചു. ജോലി സ്ഥലത്തെ ചൂഷണത്തെ കുറിച്ചും ചിലര്‍ ചൂണ്ടിക്കാട്ടി. അയാള്‍ ക്ഷീണിതനാണ്, അയാള്‍ ആദ്യം ഒന്ന് ശ്വസിക്കട്ടെ, കുറച്ച് സഹാനുഭൂതി കാണിക്കൂ തുടങ്ങിയ പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ വന്നു.
അമിതമായ ജോലിഭാരത്തെയും ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തെയും കുറിച്ചുള്ള വാദങ്ങളും ഇതോടൊപ്പം ഓണ്‍ലൈനില്‍ വീണ്ടും ഉയര്‍ന്നുവന്നു.