മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രാമതീര്‍ത്ഥ കുന്നില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് റഷ്യന്‍ യുവതിയും പെണ്‍മക്കളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ റഷ്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഇമിഗ്രേഷന്‍ അതോറിറ്റിയുടെ കസ്റ്റഡിയിലാണ് ഇവരിപ്പോഴുള്ളത്.
ജൂലായ് ഒന്‍പതിന് പാമ്പുകളും വന്യജീവികളും നിറഞ്ഞ കൊടുംവനത്തിനുള്ളിലെ ഒറ്റപ്പെട്ട ഗുഹയില്‍ നിന്നാണ് നീന കുട്ടിനയെയും കുഞ്ഞുങ്ങളെയും പോലീസ് രക്ഷപ്പെടുത്തിയത്. ഗുഹയില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ഇവര്‍ ഉറങ്ങിയിരുന്നതെന്നും ഔഷധസസ്യങ്ങളും പഴങ്ങളുമാണ് ഇവര്‍ ഭക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഗോവയില്‍ നിന്നാണ് നീന കുട്ടിന ഗോകര്‍ണത്തിലേക്ക് എത്തിയത്. ആത്മീയത തേടിയായിരുന്നു ഇവരുടെ യാത്രയെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗോവയില്‍ താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഈ ഗുഹയിലാണ് താമസിച്ചിരുന്നതെന്ന് പോലീസിനോട് പറഞ്ഞു.
advertisement
2016-ലാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബിസിനസ് വിസയില്‍ റഷ്യയില്‍ നിന്നും എത്തിയ ഇവര്‍ കുറച്ചുകാലം ഗോവയില്‍ ഒരു സ്വകാര്യ കമ്പനിക്കായി ജോലി ചെയ്തു. 2017-ല്‍ വിസാ കാലാവധി അവസാനിച്ചെങ്കിലും നീന കുട്ടിന റഷ്യയിലേക്ക് മടങ്ങിപോയില്ല. പകരം നേപ്പാളിലേക്ക് പോയി. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ഗോവയില്‍ താമസിക്കാനാരംഭിക്കുകയും ചെയ്തു. പിന്നീടാണ് ഗോകര്‍ണത്തിലേക്ക് എത്തിയത്.
കുട്ടികളുടെ പഠനം
വനത്തില്‍ ഒറ്റപ്പെട്ട് ചെറിയ കുട്ടികള്‍ക്കൊപ്പം താമസിച്ച നീന കുട്ടിനയുടെ കഥ ജനങ്ങളില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ചും അവരുടെ കുട്ടികള്‍ എങ്ങനെയാണ് ഇത്രയും ഒറ്റപ്പെട്ട അവസ്ഥയില്‍ വളര്‍ന്നത് എന്നതിനെക്കുറിച്ച്. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകൃതിയിലെ ഘടകങ്ങള്‍ ഉപകരണങ്ങളായി ഉപയോഗിച്ചാണ് തന്റെ മക്കളെ പഠിപ്പിച്ചതെന്ന് നീന പറഞ്ഞു.
ഇലകളും കല്ലുകളും ജലവും ഉപയോഗിച്ച് അടിസ്ഥാന ഗണിതശാസ്ത്രം, ഭാഷാ വൈദഗ്ദ്ധ്യം, പരിസ്ഥിതി അവബോധം എന്നിവ കുട്ടികളെ പഠിപ്പിച്ചതായി നീന കുട്ടിന അവകാശപ്പെടുന്നു. പരമ്പരാഗത ജീവിതശൈലിയില്‍ അവര്‍ സന്തുഷ്ടരാണെന്നും ഈ പാരമ്പര്യ സ്‌കൂള്‍ രീതിയാണ് തന്റെ കുട്ടികള്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു.
വരുമാനം എവിടെ നിന്നാണ്?
നീന കുട്ടിനയ്ക്ക് ജീവിക്കാനുള്ള വരുമാനം എവിടെനിന്നാണ് ലഭിച്ചതെന്ന ചോദ്യവും ഇവിടെ ശ്രദ്ധേയമാണ്. കാട്ടില്‍ നിന്നുള്ള പഴങ്ങളും ഔഷധസസ്യങ്ങളും വിറ്റാണ് താന്‍ വരുമാനം കണ്ടെത്തുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. കൂടാതെ തന്റെ ലളിതമായ ജീവിതരീതിയില്‍ ആകൃഷ്ടരായ പ്രദേശവാസികള്‍ ഇടയ്ക്കിടെ സഹായിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
ഗുഹയില്‍ നിന്ന് പോലീസ് പഴയ നാണയങ്ങളും കുറച്ച് വസ്തുക്കളും കണ്ടെത്തിയിരുന്നു. ഇത് അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ വളരെ കുറവാണെന്ന സൂചന നല്‍കുന്നു. എന്നാല്‍ ജീവിക്കാന്‍ ഇത് മതിയെന്നാണ് നീന കുട്ടിന അവകാശപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പോലീസ് കൊണ്ടുപോയ മകന്റെ ചിതാഭസ്മം നഷ്ടപ്പെട്ടതില്‍ നീന കുട്ടിന ദുഃഖം പ്രകടിപ്പിച്ചു. താന്‍ കാട്ടില്‍ സന്തോഷവതിയായിരുന്നുവെന്നും ഇവിടെ ഇപ്പോള്‍ വൃത്തിഹീനമായാണ് ജീവിക്കുന്നതെന്നും ബംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലെ താമസത്തെകുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അവര്‍ പറയുന്നു.
കുട്ടികളുടെ പിതാവ് ഇസ്രായേല്‍ പൗരന്‍
നീന കുട്ടിനയുടെ കുട്ടികളുടെ പിതാവ് ഇസ്രായേലുകാരനായ ഒരു ബിസിനസുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് ഇവരില്‍ നിന്നും ഈ വിവരം അറിയാനായത്. ഗോവയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ (എഫ്ആര്‍ആര്‍ഒ) ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഇയാള്‍ വസ്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്. കുട്ടികളുമായുള്ള ബന്ധം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
അടുത്ത ഘട്ടം ഇവരെ റഷ്യയിലേക്ക് മടക്കി അയക്കലാണ്. വിസയുടെ കാലാവധി കഴിഞ്ഞതിനാലും കുട്ടികള്‍ ഇന്ത്യയില്‍ ജനിച്ചതായതിനാലും നീന കുട്ടിനയെയും മക്കളെയും ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലേക്ക് മാറ്റി. ഉദ്യോഗസ്ഥര്‍ ഇസ്രായേലി പൗരനെയും റഷ്യന്‍ കോണ്‍സുലേറ്റിനെയും ബന്ധപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ കുടുംബത്തെ റഷ്യയിലേക്ക് തിരിച്ചയക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നീന കുട്ടിനയ്ക്ക് റഷ്യയില്‍ മറ്റൊരു കുട്ടിയുണ്ടെന്നും കോണ്‍സുല്‍ ജനറലിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടിലെ ജീവിതം കുട്ടികളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല
കാട്ടില്‍ ജീവിച്ചത് തന്റെ കുട്ടികളെ അപകടത്തിലാക്കാനല്ലെന്ന് നീന കുട്ടിന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 20 രാജ്യങ്ങളിലായി വനമേഖലയില്‍ ജീവിച്ചതിന്റെ അനുഭവമുണ്ടെന്നും മരിക്കാന്‍ വേണ്ടിയല്ല കുട്ടികളെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതെന്നും വളരെ സന്തോഷത്തോടെയാണ് കാട്ടില്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. വെള്ളച്ചാട്ടത്തില്‍ നീന്തിയും മറ്റും കാട്ടില്‍ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വളരെ സന്തോഷത്തിലായിരുന്നുവെന്നും ഉറങ്ങാന്‍ വളരെ നല്ല സ്ഥലമായിരുന്നു അതെന്നും നീന കുട്ടിന പറഞ്ഞു.