താന്‍ വഴിമാറി നടന്നപ്പോള്‍ കുട്ടി രണ്ടാമതും തന്റെ സമീപത്തേക്ക് വന്നതായും 'കൂടെ വരാമോ'യെന്ന് ചോദിച്ചതായും യുവതി ആരോപിച്ചു. ഇപ്പോള്‍ തന്റെ ക്ഷമ നശിച്ചതായും ഇത് കുട്ടിയോട് ദേഷ്യപ്പെടാൻ ഇടയാക്കിയതായും അവര്‍ പറഞ്ഞു. ഇത്തവണ വാച്ച്മാന്‍ ഇടപെടുകയും ആണ്‍കുട്ടിയോട് ക്ഷമ ചോദിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കുട്ടി ക്ഷമാപണം ചോദിച്ചെന്ന് വരുത്തി അവിടെ നിന്ന് ഓടിപ്പോയതായും യുവതി പറഞ്ഞു.
''എന്റെ സ്വന്തം റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനുള്ളിലൂടെ നടക്കുമ്പോഴാണ് ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടി അശ്ലീല പരാമര്‍ശം നടത്തിയത്. തെരുവുകളിലും മറ്റും സ്ത്രീകളെ ശല്യപ്പെടുത്താന്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഉപയോഗിക്കുന്ന അതേ വാക്കുകളാണിത്. സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള, അവിടെയുണ്ടായിരുന്ന എല്ലാവരും അത് കേട്ട് ചിരിച്ചു. പക്ഷേ എനിക്കിത് തമാശയായി തോന്നിയില്ല. കാരണം ഇത് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇത്തരം വാക്കുകള്‍ കുട്ടി സ്വയം കണ്ടുപിടിക്കുന്നല്ല. മറിച്ച് അവന്‍ അത് കേള്‍ക്കുകയും കാണുകയും പകര്‍ത്തുകയും ചെയ്യുകയാണ്. തിരുത്തിയില്ലെങ്കില്‍ ഇത് പീഡനമായി മാറും,'' യുവതി വീഡിയോയില്‍ പറഞ്ഞു.
advertisement
വാച്ച്മാനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അത് ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്നാണ് ആദ്യം പറഞ്ഞതെന്ന് യുവതി ആരോപിച്ചു. കുട്ടിയുടേത് നല്ല കുടുംബപശ്ചാത്തലമാണെന്ന് ചൂണ്ടിക്കാട്ടി വാച്ച്മാന്‍ കുട്ടിയെ ന്യായീകരിച്ചുവെന്നും അത് ഒരു തമാശയായി എടുക്കാന്‍ നിര്‍ദേശിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വാച്ച്മാന്റെ ഈ വിശദീകരണം തന്നെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
യുവതിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വളരെ വേഗമാണ് ശ്രദ്ധ നേടിയത്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് പലരും പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് മാത്രമല്ല കുട്ടികള്‍ വളരുന്ന പരിസ്ഥിതിയെക്കുറിച്ചും നിരവധിയാളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കേണ്ടതായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ''സംഭവത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് നിങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം എന്താണെന്ന് കാണിക്കേണ്ടി വന്നതാണ് ദുഃഖകരമായ കാര്യം. ഇത് നമ്മുടെ സമൂഹം എന്താണെന്ന് വ്യക്തമാക്കുന്നു,'' ഒരാള്‍ പറഞ്ഞു.
അതേസമയം, കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു. ''നിങ്ങള്‍ ഉറപ്പായും കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കണം. അവനെ തടയാനും തിരുത്താനും ജീവിതത്തില്‍ ഇത് ശരിയായ വഴിയല്ലെന്ന് അവനെ മനസ്സിലാക്കിക്കാനുമുള്ള സമയമാണിത്. ഇപ്പോള്‍ തക്കതായ ശിക്ഷ നല്‍കിയില്ലെങ്കില്‍ അവര്‍ അതേ പാത പിന്തുടരുകയും ഇതുപോലെ പെരുമാറുകയും ചെയ്യും. അവന്റെ മാതാപിതാക്കള്‍ക്ക് മാത്രമെ ഇത് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയൂ. ഇക്കാര്യം ദയവ് ചെയ്ത് കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുക,'' ഒരു ഉപയോക്താവ് പറഞ്ഞു.