ഗോങ് എന്ന 36കാരിയ്ക്കാണ് ഈ അത്യപൂര്‍വ അനുഭവമുണ്ടായത്. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന ഗോങും ഭര്‍ത്താവും നിരവധി ഐവിഎഫ് ചികിത്സകള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ചികിത്സകള്‍ കൊണ്ടൊന്നും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഗോങിനോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ തനിക്ക് ഒരിക്കലും ഒരു കുഞ്ഞ് ജനിക്കില്ലെന്ന് വിശ്വസിച്ച് ഗോങ് മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്.
2024 ഡിസംബറില്‍ ഗോങിന്റെ കൈയ്ക്ക് വല്ലാത്ത മരവിപ്പ് അനുഭവപ്പെട്ടു. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം പരിശോധിക്കാനായി ഗോങ് വീടിനടുത്തുള്ള ആശുപത്രിയിലേക്ക് പോയി. പരിശോധനയില്‍ ഗോങിന് അമിത രക്തസമ്മര്‍ദ്ദമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
advertisement
തുടര്‍ന്നുള്ള പരിശോധനയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോങിന് ആര്‍ത്തവമുണ്ടായിട്ടില്ലെന്ന കാര്യം വ്യക്തമായത്. ഇതോടെ ഗോങിനെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയമാക്കി. അപ്പോഴാണ് ഗോങ് എട്ടരമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. രണ്ട് കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ഗോങിന്റെ വയറ്റില്‍ വളരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ഗോങിന്റെ അമിത രക്തസമ്മര്‍ദ്ദം ഡോക്ടര്‍മാരെ ആശങ്കയിലാക്കി. ഒടുവില്‍ നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തു. ഗോങും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.