അഞ്ച് വര്‍ഷം മുമ്പ് ഒരു ദീപാവലി ദിനത്തില്‍ ബംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ താനൊറ്റയ്ക്ക് ചെലവഴിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരഭി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചത്. അന്ന് ഒരു ഡെലിവറി ബോയ് തനിക്ക് ദീപാവലി ആശംസ നേര്‍ന്നുവെന്നും അന്നത്തെ തന്റെ ഏകാന്തതയ്ക്ക് അതൊരു ആശ്വാസമായെന്നും സുരഭി പറഞ്ഞു.
'അഞ്ച് വര്‍ഷം മുമ്പ് ബംഗളുരുവിലെ ഒരു ദീപാവലി ദിനത്തില്‍ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. എന്റെ സുഹൃത്തുക്കളും റൂംമേറ്റ്‌സും സഹപ്രവര്‍ത്തകരും ദീപാവലി ആഘോഷിക്കാനായി നാട്ടിലേക്ക് പോയിരുന്നു. ഒരു വലിയ നഗരത്തിലെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന എനിക്ക് ഒരു ചെറുപുഞ്ചിരിയോടെ ദീപാവലി ആശംസകളുമായി എത്തിയത് രമേഷ് എന്ന ഡെലിവറി ബോയ് ആയിരുന്നു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന അദ്ദേഹമാണ് എനിക്ക് ആദ്യമായി ദീപാവലി ആശംസ നേര്‍ന്നത്,' സുരഭി ജെയ്ന്‍ എക്‌സില്‍ കുറിച്ചു.
advertisement
നിരവധി പേരാണ് സുരഭിയുടെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഒരു ലക്ഷത്തിലധികം പേരാണ് ഇതിനോടകം സുരഭിയുടെ കുറിപ്പ് കണ്ടത്. 'ഇതാണ് ഈ രാജ്യത്തോട് എനിക്ക് സ്‌നേഹം കൂടാന്‍ കാരണം. കരിയറിന് പിന്നാലെ പോകുന്ന നമ്മളില്‍ പലരും അല്‍പ്പം ഇടവേളയെടുക്കാനോ മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരാനോ മെനക്കെടാറില്ല. രമേഷിനെ പോലെയുള്ളവര്‍ ജീവിതത്തില്‍ എന്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന കാര്യം നമ്മളെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു,' എന്നൊരാള്‍ കമന്റ് ചെയ്തു.
ഇത്തരത്തിലുള്ള ചെറിയ പ്രതികരണങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ചിലര്‍ തങ്ങള്‍ക്കുണ്ടായ അനുഭവവും പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തി.'ഉത്സവ രാത്രിയില്‍ വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ നിങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന രമേഷിന്റെ കനിവ് നിറഞ്ഞ സ്വഭാവത്തെ വരച്ചിട്ടതിന് നന്ദി. ഇത്തരം പ്രതികരണങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തിന് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നു,' എന്നൊരാള്‍ കമന്റ് ചെയ്തു.