തിങ്കളാഴ്ച ബറാവുത്തിലെ ചപ്രൗളി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. സ്ത്രീ തന്റെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന ശോഭിത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്തതായി പൊലീസ് പറഞ്ഞു. താമസിയാതെ, ഭർത്താവും ഭർതൃവീട്ടുകാരും പിന്തുടർന്ന് സ്ഥലത്തെത്തി. ഭര്‍ത്താവും ബന്ധുക്കളും എത്തിയെന്ന് അറിഞ്ഞതോടെ യുവതി പരിഭ്രാന്തയായി. പിന്നാലെ ഏകദേശം 12 അടി ഉയരമുള്ള ഹോട്ടൽ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. “ആരോപണവിധേയനായ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടൽ വാടകയ്ക്ക് നടത്തിയിരുന്നത്, അയാളെയും ചോദ്യം ചെയ്തുവരികയാണ്. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കും."- ബറാവുത്ത് കോട്‌വാലി എസ്എച്ച്ഒ മനോജ് കുമാർ ചാഹൽ പറഞ്ഞു.
കകോർ ഗ്രാമത്തിലെ യുവാവുമായി 2019ലായിരുന്നു യുവതിയുടെ വിവാഹം. ദമ്പതികൾക്ക് ഒരു മകനുമുണ്ട്. വിവാഹത്തിന് മുമ്പ് ഭാര്യ നിരവധി പുരുഷന്മാരുമായി ബന്ധത്തിലായിരുന്നുവെന്നും അതിനുശേഷം ബന്ധം തുടർന്നിരുന്നുവെന്നും ഭർത്താവ് ആരോപിച്ചു. കള്ളക്കേസുകൾ ചുമത്തി ഭീഷണിപ്പെടുത്തിയിരുന്നതായും എതിർത്താൽ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
സംഭവം നടന്ന ദിവസം എസ്പി ഓഫീസിലെ വനിതാ സെല്ലിൽ ദമ്പതികൾ വൈവാഹിക കൗൺസിലിംഗിന് വിധേയരായിരുന്നുവെന്ന് ഭർത്താവ് അവകാശപ്പെട്ടു. അന്ന് തന്നെ, ഭാര്യ കാമുകനുമായി ഇരുചക്രവാഹനത്തിൽ പോകുന്നത് കണ്ട് പിന്തുടരുകയായിരുന്നുവെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. നാടകീയമായ രക്ഷപ്പെടലിനെത്തുടർന്ന്, ഭർത്താവ് തന്റെ ജീവനിൽ ഭയം പ്രകടിപ്പിക്കുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.