ചൈനയിലെ സുഷോവിലാണ് ഈ വിവാഹം നടന്നത്. വിവാഹ ദിവസം നടന്ന അസാധാരണമായ സംഗമത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2021-ലെ വിവാഹത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കുടുംബം പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നത് ചിത്രങ്ങളില്‍ കാണാം.
സന്തോഷകരമായ ഒരു വിവാഹ ദിവസം തികച്ചും വൈകാരികമായി മാറിയതിന്റെ കാരണം അദ്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ വരന്റെ അമ്മ വധുവിന്റെ ശരീരത്തില്‍ തന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകളുടെ ശരീരത്തിലുണ്ടായിരുന്നതിന് സമാനമായ ഒരു അടയാളം കണ്ടു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുഞ്ഞായിരിക്കെയാണ് അവര്‍ക്ക് തന്റെ മകളെ നഷ്ടമായത്. അതിനാല്‍ വധുവിന്റെ കുടുംബത്തോട് അവളെ ദത്തെടുത്തതാണോ എന്ന് ചോദിക്കാന്‍ വരന്റെ അമ്മ നിര്‍ബന്ധിതയായി.
advertisement
വധുവിനെ ദത്തെടുത്തതാണെന്ന് അവളുടെ കുടുംബം സ്ഥിരീകരിച്ചു. ഇതോടെയാണ് വിവാഹ വേദി അമ്മയും മകളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ കൂടിച്ചേരലിന് സാക്ഷ്യംവഹിച്ചത്. ദത്തെടുക്കല്‍ വധുവിന്റെ കുടുംബം സ്ഥിരീകരിച്ചതോടെ വധു തന്റെ നഷ്ടപ്പെട്ട മകളാണെന്ന് അവകാശപ്പെട്ട് ആ അമ്മ പൊട്ടിക്കരഞ്ഞു. തന്റെ യഥാര്‍ത്ഥ അമ്മയെ കണ്ടെത്താന്‍ അന്വേഷിച്ചിരുന്നതായി വധുവും വെളിപ്പെടുത്തി. അമ്മയും മകളും ഒന്നിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വധുവിന്റെ കുടുംബം അവളെ കണ്ടെത്തിയതെന്ന് ഏഷ്യന്‍ഫീഡിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് തീരെ ചെറിയ കുഞ്ഞായിരുന്നു അവള്‍. സ്വന്തം കുഞ്ഞായി അവളെ വളര്‍ത്താന്‍ ആ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഈ വെളിപ്പെടുത്തലുകള്‍ക്കു ശേഷം വിവാഹവുമായി മുന്നോട്ടുപോകാന്‍ കുടുംബങ്ങള്‍ തീരുമാനിച്ചു. കാരണം വരനും അവരുടെ സ്വന്തം ചോരയിൽ ജനിച്ച മകനായിരുന്നില്ല. മകളെ നഷ്ടപ്പെട്ട ശേഷം അവര്‍ ദത്തെടുത്ത മകനായിരുന്നു വരന്‍. അതിനാല്‍ വരനും വധുവും തമ്മില്‍ രക്തബന്ധമുള്ളവരല്ലെന്നും വിവാഹം കഴിക്കാന്‍ തടസങ്ങളിലെന്നും ഓറിയന്റല്‍ ഡെയ്‌ലി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ചൂണ്ടിക്കാട്ടി.
വിവാഹം ഇരു കുടുംബങ്ങളും ആസൂത്രണം ചെയ്ത പോലെ നടന്നു. അദ്ഭുതപൂര്‍വമായ ഒരു കുടുംബ സംഗമമായി ഈ വിവാഹം മാറി.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകള്‍ പ്രതികരണങ്ങള്‍ അറിയിച്ചു. സാഹചര്യത്തെ കുറിച്ച് ആളുകള്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വധു കുഞ്ഞായിരുന്നപ്പോള്‍ നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് പലരും പറഞ്ഞു. ഈ കഥ മികച്ച ടിവി സീരിയലാക്കാമെന്ന് ഒരാള്‍ കുറിച്ചു. മറ്റുചിലരും സമാനമായ അഭിപ്രായങ്ങള്‍ പങ്കിട്ടു.