തമിഴ്നാട്ടിൽ ഒരു യുവതി പാതിരാത്രി ഓർഡർ ചെയ്ത മൂന്ന് പാക്കറ്റ് എലിവിഷം നൽകാൻ പറ്റില്ലെന്ന് വാശിപിടിച്ച ബ്ലിങ്കിറ്റ് (Blinkit) ഡെലിവറി ബോയ്ക്ക് സോഷ്യൽ മീഡിയയുടെ വൻ അഭിനന്ദന പ്രവാഹം. യുവതി ഓർഡർ ചെയ്ത എലിവിഷം എത്തിച്ചു നൽകാൻ വിസമ്മതിച്ചതിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന് സാധിച്ചു.
advertisement
രാത്രി വൈകി മൂന്ന് പാക്കറ്റ് എലിവിഷത്തിനുള്ള ഓർഡറാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം സാധനങ്ങൾ ആളുകൾ വാങ്ങിക്കുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ എലിവിഷം ഡെലിവറി ചെയ്യാൻ ഉപയോക്താവിന്റെ വീട്ടിലേക്ക് അദ്ദേഹം പോയി. എന്നാൽ എന്നാൽ ഉപഭോക്താവിന്റെ വീട്ടിലെത്തിയപ്പോൾ എന്തോ അസ്വാഭാവികത അദ്ദേഹത്തിന് തോന്നി.
"ആകെ മൂന്ന് എലിവിഷം പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഓർഡർ ചെയ്യുമ്പോൾ അവർ എന്താണ് ചിന്തിച്ചിരുന്നതെന്ന് എനിക്കറിയില്ല. എന്നാൽ ആ സ്ത്രീ വല്ലാതെ കരയുന്നത് കണ്ടപ്പോൾ അവർക്ക് എന്തോ പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് ഇത് ഓർഡർ ചെയ്തതെന്നും എനിക്ക് തോന്നി. അവരുടെ ലൊക്കേഷനിൽ എത്തിയപ്പോൾ എനിക്ക് അത് നൽകാൻ തോന്നിയില്ല." സംഭവത്തെക്കുറിച്ച് ഡെലിവറി ബോയ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.യുവതി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്നും എന്ത് പ്രശ്നമുണ്ടായാലും ആത്മഹത്യ ചെയ്യരുതെന്ന അവരോട് പറഞ്ഞുവെന്നും ഡെലിവറി ബോയ് പറഞ്ഞു.
"ആത്മഹത്യ ചെയ്യാനാണോ ഇത് ഓർഡർ ചെയ്തതെന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു മറുപടി. എന്നാൽ ഞാൻ പറഞ്ഞു, കള്ളം പറയരുത്, നിങ്ങൾക്ക് എലിയുടെ ശല്യമായിരുന്നെങ്കിൽ വൈകുന്നേരം ഏഴ് മണിക്കോ അല്ലെങ്കിൽ അടുത്ത ദിവസമോ ഇത് വാങ്ങാമായിരുന്നു. ഈ സമയത്ത് ഇത് ഓർഡർ ചെയ്യേണ്ട കാര്യമില്ല. ഒടുവിൽ ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ആ ഓർഡർ ക്യാൻസൽ ചെയ്തു. വലിയൊരു കാര്യം ചെയ്ത സംതൃപ്തി ഇന്ന് എനിക്കുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.
നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. ഒരു ഡെലിവറി ബോയ് എന്നതിലുപരി മനുഷ്യനായി ആദ്യം ചിന്തിക്കാൻ തോന്നിയതിന് നെറ്റിസൺസ് അദ്ദേഹത്തെ അഭിനന്ദിച്ചു. . "ഒരു റോബോട്ട് ആയിരുന്നെങ്കിൽ അത് ഡെലിവറി ചെയ്തേനെ", "നിങ്ങളെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇന്നും ജീവിക്കാൻ യോഗ്യമായിരിക്കുന്നത്" എന്നിങ്ങനെയായിരുന്നു ആളുകളുടെ പ്രതികരണങ്ങൾ.ആത്മഹത്യയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വെബ്സൈറ്റുകൾ തിരയുന്നതും ഇത്തരം സാധനങ്ങൾ ഓർഡർ ചെയ്യുന്നതും പോലീസ് നിരീക്ഷണത്തിൽ കൊണ്ടുവരണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഒരു വ്യക്തിയെ കേവലം ഒരു ഓർഡർ ആയി കാണാതെ സഹായിക്കാൻ തയ്യാറായ ഡെലിവറി ഏജന്റിനെ ബ്ലിങ്കിറ്റ് മാനേജ്‌മെന്റ് ഔദ്യോഗികമായി ആദരിക്കണമെന്നും നിരവധി ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
