ഇന്ദിരാനഗറിൽ നിന്നും വളരെ അടുത്ത് പോകാനാണ് യുവതി റാപ്പിഡോ വഴി ഓട്ടോ ബുക്ക് ചെയ്തത്. ഡ്രൈവർ സ്ഥലത്തെത്തിച്ച്, പോയതിന് ശേഷമാണ് യുവതി തന്റെ ഇയർ ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ സമയം തന്നെ, ഡ്രൈവറായ ജഹ്‌റുളിന്റെ സന്ദേശം ഗൂഗിൾ പേ വഴി സാംഭവിക്ക് ലഭിച്ചു. നിങ്ങളുടെ ഇയർഫോൺ കണ്ടെത്തിയെന്നും അവ തിരികെ നൽകാനാണ് ഗൂഗിൾ പേ വഴി ബന്ധപ്പെട്ടതെന്നുമായിരുന്നു സന്ദേശം.
"ലോകം അത്ര മോശമല്ല" എന്ന് ഓർമ്മിപ്പിച്ച സംഭവമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട് സാംഭവി ശ്രീവാസ്തവ ലിങ്ക്ഡ്ഇനിൽ അനുഭവം പങ്കുവെച്ചു. "അവ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി, ഞാൻ എപ്പോൾ വീണ്ടും വരുമെന്ന് ചോദിച്ചു. അടുത്ത ദിവസം രാവിലെ ഞാൻ ഓഫീസിൽ ഉണ്ടാവുമെന്ന് അറിയിച്ചപ്പോൾ, അരമണിക്കൂർ കഴിഞ്ഞ് അദ്ദേഹം വിളിച്ച് ഇയർഫോൺ കൊണ്ടുവരാമെന്ന് പറയുകയും അത് പോലെ ചെയ്യുകയും ചെയ്തു," സാംഭവി പോസ്റ്റിൽ കുറിച്ചു.
advertisement
"ജഹ്‌റുളിന് ഇത് വലിച്ചെറിയുകയോ വിൽക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹം അത് തിരികെ നൽകാൻ തീരുമാനിച്ചു. ഇത് ചെറിയ കാര്യമായി തോന്നാമെങ്കിലും മാന്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഇത് എന്നെ ഓർമ്മിപ്പിച്ചു," അവർ കൂട്ടിച്ചേർത്തു.
റാപ്പിഡോയുടെ ഇടപെടൽ
ജഹ്‌റുളിന്റെ സത്യസന്ധതയെ പ്രശംസിച്ചുകൊണ്ട് റാപ്പിഡോ കമ്പനി സാംഭവിയുടെ പോസ്റ്റിന് മറുപടി നൽകുകയും, ഡ്രൈവർക്ക് അംഗീകാരം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. "ഇത്തരം ആളുകളാണ് ഒരു മാറ്റമുണ്ടാക്കുന്നത്, അദ്ദേഹത്തെ റാപ്പിഡോ കുടുംബത്തിന്റെ ഭാഗമായി ലഭിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്," കമ്പനി അറിയിച്ചു.
തുടർന്ന്, ഇയർഫോൺ തിരികെ നൽകിയതിന് ക്യാപ്റ്റൻ ജഹ്‌റുളിന് പ്രതിഫലം നൽകിയതായി റാപ്പിഡോ മറ്റൊരു അപ്‌ഡേറ്റിലൂടെ അറിയിച്ചു.
ഡ്രൈവറുടെ ദയയെ നിരവധി ഉപയോക്താക്കൾ പ്രശംസിച്ചു. "ഇത് ശരിക്കും ഹൃദയസ്പർശിയാണ്, ആളുകളിൽ വിശ്വാസം പുനഃസ്ഥാപിക്കുന്ന ഇതുപോലുള്ള ചെറിയ പ്രവൃത്തികൾ," എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. "വളരെ അയഥാർത്ഥമായി തോന്നുന്നു, അതുകൊണ്ടാണ് ഇതിന് ലോകത്തിലെ എല്ലാ അംഗീകാരവും അദ്ദേഹം അർഹിക്കുന്നത്" എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
