ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍ഷൗവിനടുത്തുള്ള കാട്ടിലാണ് സംഭവം നടക്കുന്നത്. കാട്ടിലൂടെ നടക്കുന്നതിനിടയില്‍ 48-കാരിയായ ഒരു യുവതി ഉപേക്ഷിക്കപ്പെട്ട കളകള്‍ നിറഞ്ഞ ആഴമേറിയ ഒരു കിണറ്റിലേക്ക് വീണു. ക്വിന്‍ എന്നുവിളിക്കുന്ന യുവതി സെപ്റ്റംബര്‍ 13-നാണ് കിണറ്റിലേക്ക് വീണതെന്നും രണ്ട് ദിവസത്തിലധികം കിണറ്റിന്റെ ഭിത്തിയില്‍ അവര്‍ പറ്റിപിടിച്ചിരുന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതായും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നീണ്ട 54 മണിക്കൂര്‍ പാമ്പുകളും കൊതുകുകളും നിറഞ്ഞ ആ ഒറ്റപ്പെട്ട കിണറ്റില്‍ ജീവൻ മുറുകെപിടിച്ച് ഭയാനകമായ സാഹചര്യങ്ങളോട് അവര്‍ ചെറുത്തുനിന്നു. കിണറിന്റെ ഭിത്തില്‍ പറ്റിപിടിച്ച് നിന്നപ്പോള്‍ ക്വിന്നിന് നിരന്തരം കൊതുകുകടി ഏല്‍ക്കേണ്ടി വന്നു. വെള്ളത്തിലെ പാമ്പുകളും അവരെ കടിച്ചതായാണ് റിപ്പോര്‍ട്ട്.
advertisement
സംഭവം നടന്ന ദിവസം വൈകുന്നേരം അവര്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് കുടുംബം ക്വിന്നിനെ കാണാനില്ലെന്ന് പരാതി നല്‍കി. സംഭവത്തെ കുറിച്ച് അവരുടെ മകന്‍ ജിന്‍ജിയാങ് റുയിറ്റോംഗ് ബ്ലൂ സ്‌കൈ എമര്‍ജന്‍സി റെസ്‌ക്യൂ സെന്ററിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കാട്ടിനുള്ളില്‍ പത്ത് പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരുടെ സംഘം ഡ്രോണുകളുമായി തിരച്ചില്‍ ആരംഭിച്ചു.
ക്യാപ്റ്റന്‍ ഷവോഹാങ്ങിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം ഉച്ചയ്ക്ക് 1.45 ഓടെ സഹായത്തിനായുള്ള ദയനീയമായതും എന്നാല്‍ പതുക്കെയുള്ളതുമായ കരച്ചില്‍ കേട്ടു. ആ ശബ്ദത്തെ പിന്തുടര്‍ന്ന് എത്തിയ സംഘം ചുറ്റും കാട്മൂടിയ ഉപേക്ഷിക്കപ്പെട്ട കിണര്‍ കണ്ടെത്തി. ചെടികള്‍ക്കിടയിലൂടെ അവര്‍ കിണറ്റിലേക്ക് നോക്കിയപ്പോള്‍ ക്വിന്‍ പ്രാണരക്ഷാര്‍ത്ഥം അവളുടെ വിളറിയ വിരലുകള്‍കൊണ്ട് കിണറ്റിന്റെ ഭിത്തിയില്‍ പറ്റിപിടിച്ചിരിക്കുന്നത് കണ്ടു.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ അവളെ രക്ഷപ്പെടുത്തി ജിന്‍ജിയാങ് ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് അവരെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ക്വാന്‍ഷോ ഫസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ അവരുടെ വാരിയെല്ലുകളില്‍ രണ്ടെണ്ണത്തിനും ശ്വാസകോശത്തിനും തകരാറ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. കിണറ്റില്‍ ഭിത്തിയില്‍ ഏറെനേരം പറ്റിപ്പിടിച്ചിരുന്ന അവളുടെ കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈയ്യില്‍ അള്‍സര്‍ രൂപപ്പെട്ടു.
കിണറ്റില്‍ 54 മണിക്കൂര്‍ കഠിനമായ സാഹചര്യങ്ങളോട് പോരാടി അതിജീവിച്ചതിനെ കുറിച്ച് പിന്നീട് ക്വിന്‍ തന്നെ വിശദീകരിച്ചു. കിണറിന്റെ അടിഭാഗം കറുത്തിരിക്കുകയായിരുന്നുവെന്നും കൊതുകുകള്‍ നിറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു. വിഷമില്ലാത്തതാണെങ്കിലും ഒരു ജലപാമ്പ് തന്നെ കടിച്ചതായും ക്വിന്‍ പറഞ്ഞു. നിരാശയോടെ പൂര്‍ണ്ണമായും മാനസികമായി തളര്‍ന്നുപോയ നിമിഷങ്ങളായിരുന്നു അതെന്നും അവര്‍ വിശദമാക്കി.
ജീവനുവേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കാന്‍ പലതവണ തോന്നി. എന്നാല്‍ കുടുംബത്തെ കുറിച്ചുള്ള ചിന്തയാണ് തന്നെ ജീവനോടെ നിലനിര്‍ത്തിയതെന്ന് ക്വിന്‍ വെളിപ്പെടുത്തി. 70 വയസ്സുള്ള അമ്മയെയും 80 വയസ്സുള്ള അച്ഛനെയും കോളെജ് വിദ്യാര്‍ത്ഥിയായ മകളെയും കുറിച്ച് ആ നിമിഷങ്ങള്‍ താന്‍ ആലോചിച്ചുവെന്നും അവരെ തനിച്ചാക്കി താന്‍ പോയാല്‍ അവര്‍ എന്ത് ചെയ്യുമെന്ന ചിന്ത മനസ്സിനെ അലട്ടിയെന്നും ക്വിന്‍ പറഞ്ഞു.